മാനസയുടെ മൃതദേഹം കൊണ്ടുപോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു

കണ്ണൂര്‍ഃ കോതമംഗലം ഇന്ദിരാഗാന്ധി ദന്തല്‍ കോളെജിലെ ഹൗസ് സര്‍ജന്‍ വിദ്യാര്‍ഥിനി, (യുവാവിന്‍റെ വെടിയേറ്റു മരിച്ച) മാനസയുടെ മൃതദേഹം നാട്ടിലെത്തിച്ചു മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു രണ്ടു ഡ്രൈവര്‍മാര്‍ക്കു ഗുരുതരമായി പരുക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു അപകടം.

മാനസയുടെ മൃതദേഹവുമായി കണ്ണൂരിൽ എത്തി കോതമംഗലത്തേക്ക് തിരിച്ച് പോകുകയായിരുന്ന ആംബുലൻസ് ആണ്അപകടത്തിൽപ്പെട്ടത്. മാഹിപ്പാലത്തിന് സമീപം പരിമടത്ത് വച്ചായിരുന്നു അപകടം. എറണാകുളം പുന്നേക്കാട് സ്വദേശി എമിൽ മാത്യു, വട്ടം പാറ സ്വദേശി ബിട്ടു കുര്യൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറി ആംബുലൻസിൽ ഇടിക്കുകയായിരുന്നു.

കണ്ണൂരിലെ എകെജി ആശുപത്രിയിലേക്കാണ് മാനസയുടെ മൃതദേഹം ഇന്നലെ രാത്രി എത്തിച്ചത്. അവിടെ നിന്ന് ഇന്നു രാവിലെ കണ്ണൂർ നാറാത്തുള്ള വീട്ടിലേക്ക് മാറ്റി. പയ്യാമ്പലം ശ്മശാനത്തിൽ സംസ്കരിക്കും. മന്ത്രി എം. വി. ഗോവിന്ദൻ ഉൾപ്പടെയുള്ളവർ അന്തിമോപചാരം അർപ്പിച്ചു. അതേസമയം, രഖിലിന്‍റെ മൃതദേഹം മേലൂരിലെ വീട്ടിൽ എത്തിച്ചു. തലശ്ശേരി ജനറൽ ആശുപത്രിയിലായിരുന്നു രഖിലിന്‍റെ മൃതദേഹം സൂക്ഷിച്ചിരുന്നത്. അവിടെ നിന്ന് രാവിലെ പിണറായിയിലെ പൊതുശ്മശാനത്തിലാകും സംസ്കാരം.

Related posts

Leave a Comment