അമ്പലപ്പുഴയിൽ ജി.സുധാകരനു വീഴ്ചയുണ്ടായെന്ന് സിപിഎം അന്വേഷണ സമിതി; നടപടിക്ക് സാധ്യത

തിരുവനന്തപുരം: അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ മുൻ മന്ത്രി ജി.സുധാകരനു വീഴ്ചയുണ്ടായെന്ന് സിപിഎം അന്വേഷണ സമിതി. റിപ്പോർട്ട് സംസ്ഥാന സമിതിയിൽ വച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് നടപടിയെടുക്കുക. സുധാകരനെതിരെ നടപടിയുണ്ടാകാനാണ് സാധ്യത. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരീം, കെ.ജെ.തോമസ് എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ. തിരഞ്ഞെടുപ്പിൽ ജി.സുധാകരൻ നിഷേധ സമീപനമെടുത്തെന്ന് റിപ്പോർട്ടിൽ പറയുന്നു. അമ്പലപ്പുഴയിലെ സ്ഥാനാർഥിയെ പിന്തുണച്ചില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും സഹായകരമായ നിലപാട് സ്വീകരിച്ചില്ല. സ്ഥാനാർഥിക്കെതിരെ നടന്ന പ്രചാരണങ്ങളെ പ്രതിരോധിക്കാതെ മൗനം നടിച്ചു.

റിപ്പോർട്ടിൽ എംഎൽഎ എച്ച്.സലാമിനെതിരെയും വിമർശനമുണ്ട്. എച്ച്.സലാം തിരഞ്ഞെടുപ്പ് കമ്മിറ്റിയുമായി സഹകരിച്ച് പ്രവർത്തിച്ചില്ലെന്നും ഒരു വിഭാഗക്കാരനാണെന്ന പ്രചാരണത്തെ മറികടക്കാൻ ശ്രമിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ എന്തു വേണമെന്ന കാര്യം സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും. കർശന നടപടിയെടുക്കാനാണ് തീരുമാനമെങ്കിൽ സുധാകരനെ തരംതാഴ്ത്തിയേക്കും.

Related posts

Leave a Comment