മറ്റ് പ്രമുഖ 8 ഒടിടി ചാനലുകള്‍ കൂടി ആമസോണ്‍ പ്രൈമില്‍

കൊച്ചി: മറ്റ് പ്രമുഖ ഒടിടി ചാനലുകളുടെ പരിപാടികളും സിനിമകളും മറ്റും ആമസോണ്‍ പ്രൈം വിഡിയോ ചാനലില്‍ ലഭ്യമാക്കുന്ന ആമസോണ്‍ പ്രൈം വിഡിയോ ചാനല്‍ എന്ന സവിശേഷ സേവനത്തിന് ഇന്ത്യയിലും തുടക്കമായി. ആദ്യഘട്ടത്തില്‍ 8 ഒടിടി ചാനലുകളാണ് ഇങ്ങനെ ലഭ്യമാവുക. ആഡ്-ഓണ്‍ സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തിലായിരിക്കും ഈ സേവനമെന്ന് ആമോസണ്‍ പ്രൈം വിഡിയോയുടെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഡിസ്‌കവറി പ്ലസ്, ലയണ്‍ഗേറ്റ് പ്ലേ, ഇറോസ് നൗ, ഡോക്യൂബേ, മൂബി, ഹോയ്‌ചോയ്, മനോരമ മാക്‌സ്, ഷോര്‍ട്‌സ് ടിവി എന്നീ 8 പ്ലാറ്റ്‌ഫോമുകളാണ് ഇങ്ങനെ ലഭ്യമായിത്തുടങ്ങിയിരിക്കുന്നത്. ഏത് പ്ലാറ്റ്‌ഫോമാണോ ഉപയോഗിക്കുന്നത് അതിനു മാത്രം പണം നല്‍കിയാല്‍ മതിയാകും. പ്രൈം വിഡിയോ ചാനല്‍ സേവനമാരംഭിക്കുന്ന പന്ത്രണ്ടാമത് രാജ്യമാണ് ഇന്ത്യയെന്ന് ആമസോണ്‍ പ്രൈം വിഡിയോ ഇന്ത്യ കണ്‍ട്രി മാനേജര്‍ ഗൗരവ് ഗാന്ധി പറഞ്ഞു. ഇന്ത്യയിലെ 99% പിന്‍കോഡുകളിലും കാഴ്ച്ചക്കാരുള്ള പ്രൈം വിഡിയോ ആണ് ഇത്തരത്തില്‍ വിവിധ സ്ട്രമീംഗ് സേവനങ്ങള്‍ ആദ്യമായി അവതരിപ്പിക്കുന്നതെന്നും സൗരവ് ഗാന്ധി പറഞ്ഞു.

കൂടുതല്‍ പരിപാടികളും സിനിമകളും ആവശ്യാനുസരണം ഒറ്റ ആപ്പിലും പ്രൈമിന്റെ വെബ്‌സൈറ്റിലും ലഭിക്കുമെന്നതാണ് പ്രൈം വിഡിയോ ചാനലിന്റെ പ്രധാന സവിശേഷത. നിലവില്‍ പ്രൈം വിഡിയോ വരിക്കാരായവര്‍ക്ക് സവിശേഷ നിരക്കുകളും ലഭ്യമാണ്. ഡിസ്‌കവറി പ്ലസ് 299 രൂപ, ഡോക്യുബേ 499, ഇറോസ് നൗ 299, ലയണ്‍ഗേറ്റ് പ്ലേ 699, മനോരമ മാക്‌സ് 699, മൂബി 1999, ഷോര്‍ട്‌സ് ടിവി 299 എന്നിങ്ങനെയാണ് വാര്‍ഷിക വരിസംഖ്യാ നിരക്കുകള്‍.

Related posts

Leave a Comment