സി.ഐക്കെതിരെ ആത്മഹത്യ പ്രേരണാ കുറ്റത്തിന് കേസെടുക്കണം; സർവീസിൽ നിന്ന് പുറത്താക്കണം: വി.ഡി. സതീശൻ

തിരുവനന്തപുരം: ആലുവ സി.ഐ സി.എൽ സുധീറിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്ത് സർവീസിൽ നിന്നും പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. ഉത്ര കൊലക്കേസിൽ ഉൾപ്പെടെ ആരോപണ വിധേയനായ ഈ ഉദ്യോഗസ്ഥന് സി.പി.എം നേതാക്കളാണ് സംരക്ഷണമൊരുക്കുന്നത്. സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സമാധാനപരമായി പൊലീസ് സ്റ്റേഷന് മുന്നിൽ സമരം നടത്തിയ ചാലക്കുടി എം.പിയെയും എം.എൽ.എമാരെയും ആക്രമിച്ച പൊലീസുകാർക്കെതിരെയും നടപടി വേണം. സ്ത്രീസുരക്ഷയുടെ കാര്യത്തിൽ സർക്കാരിന്റെ സമീപനം എന്തെന്നതിന്റെ ഏറ്റവും വലിയ അടയാളമായി ആലുവ സംഭവം നിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

സ്ത്രീകളും കുട്ടികളും അക്രമങ്ങൾക്ക് വിധേയമാകുകയും ചെയ്യുന്ന സംഭവങ്ങൾക്ക് പൊലീസ് പ്രോത്സാഹനം നൽകുകയാണ്. പാർട്ടി അനുഭാവമുള്ള പൊലീസുകാർ എന്തു ചെയ്താലും സംരക്ഷിക്കുമെന്ന നിലപാടിലാണ് സർക്കാർ. പാർട്ടിക്കാരനായതു കൊണ്ടാണോ ആത്മഹത്യാ കുറിപ്പിൽ പേരു വന്നിട്ടും സി.ഐക്കെതിരെ കേസെടുക്കാത്തത്? എം.പിയും എം.എൽ.എയും തുടങ്ങി വച്ച സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related posts

Leave a Comment