രാഷ്ട്രപതി ഇന്നു രാജ്യത്തെ അഭിസംബോധന ചെയ്യും, പ്രധാനമന്ത്രി നാളെ ചെങ്കോട്ടയിൽ പതാക ഉയർത്തും, രാജ്യം സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി നിറവിൽ

ന്യൂഡൽഹി: രാജ്യം സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി നിറവിൽ. ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ ആഘോഷത്തിമിർപ്പിലമരുമ്പോൾ ലോകം ഒരു മഹാരാഷ്ട്രത്തിന്റെ അഭൂതപൂർവമായ വളർച്ചയെ അസൂയയോടെയും അതിലേറെ ആദരവോടെയും നോക്കുന്നു. പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്റു തുടങ്ങിവച്ച സ്വതന്ത്ര ഭാരത വികസന പന്ഥാവിൽ തുടർന്നുണ്ടായിട്ടുള്ള മുഴുവൻ സർക്കാരുകളു‌ടെയും കൈയൊപ്പുണ്ട്. ഒപ്പം ഓരോ ഘട്ടങ്ങളിലൂടെ കടന്നു വന്ന് ഇപ്പോൾ പടർന്നു പന്തലിച്ച 140 കോടി ജനങ്ങളുടെ കഠിനാധ്വാനവും.


എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിനു സർവസജ്ജമാണ് രാജ്യം. ചെങ്കോട്ടയിൽ നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തും. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമ്മു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകുന്നേരം ഏഴ് മണിക്കാണ് രാഷ്ട്രപതി എന്ന നിലയിൽ ദ്രൗപദി മുർമ്മുവിൻറെ ആദ്യ അഭിസംബോധന. ദേശീയ ചാനലിലൂടെ നടത്തുന്ന അഭിസംബോധന രാജ്യത്തെ എല്ലാ വാർത്താ ചാനലുകളും സംപ്രേക്ഷണം ചെയ്യും.


സ്വാതന്ത്ര്യ ദിനാഘോഷം കണക്കിലെടുത്ത് രാജ്യ തലസ്ഥാനമടക്കം കനത്ത സുരക്ഷയിലാണ്. അതേസമയം, സ്വാതന്ത്ര്യത്തിൻറെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താനുള്ള ‘ഹർ ഘർ തിരംഗ’ പ്രചാരണം രാജ്യം അഭിമാനപൂർവ്വം ഏറ്റെടുത്തിരിക്കുകയാണ്. ‘ഹർ ഘർ തിരംഗ’യുടെ ഭാഗമായി കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവർ വീടുകളിൽ പതാക ഉയർത്തി.
ഇന്നു മുതൽ ഒരാഴ്ച ഇന്ത്യൻ നാഷണൽ കോൺ​ഗ്രസും സ്വാതന്ത്ര്യ ദിനം ആഘോഷിക്കും.
ഇന്നലെ മുതൽ സ്വാതന്ത്ര്യദിനം വരെ പതാക ഉയർത്താനാണ് സർക്കാരിന്റെ ആഹ്വാനം. സ്വാതന്ത്ര്യത്തിൻറെ വജ്ര ജൂബിലി ജയന്തി വീടുകളിൽ പതാക ഉയർത്തി ആഘോഷിക്കുകയാണ് രാജ്യം. വീടുകളിലും സ്കൂളിലും സ്ഥാപനങ്ങളിലുമെല്ലാം ഇന്നലെ രാവിലെ തന്നെ ദേശീയ പതാകകൾ ഉയർന്നു. കേന്ദ്ര സാസ്കാരിക വകുപ്പ് ഇരുപത് കോടി ദേശീയ പതാകകളാണ് ‘ഹർ ഘർ തിരംഗ’യുടെ ഭാഗമായി വിതരണം ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഭാര്യ സൊണാൽ ഷായും ദില്ലിയിലെ വീട്ടിൽ പതാക ഉയർത്തി.

വിദ്യാർത്ഥികളോടൊപ്പം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പതാകയേന്തിയപ്പോൾ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പതാകയേന്തിയുള്ള മാർച്ചിൽ പങ്കെടുത്തു. ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ ഉൾപ്പെടെയുളള ബിജെപി നേതാക്കളും പ്രചാരണത്തിൻറെ ഭാഗമായി. ദില്ലിയിലും രാജ്യ അതിർത്തികളിലും വിവിധ സേനകളും ദേശീയ പതാക ഉയർത്തി പ്രചാരണത്തിൽ പങ്കു ചേർന്നു. വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകളും പ്രചാരണ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു. ദേശീയ പതാകയേന്തിയുള്ള ബൈക്ക് റാലികളും പലയിടങ്ങളിലും സംഘടിപ്പിച്ചു.

Related posts

Leave a Comment