സർവകക്ഷിയോ​ഗം നാളെ, ബിജെപി പങ്കെടുക്കും, ഷാൻ വധക്കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു

ആലപ്പുഴ: ആലപ്പുഴയിൽ എസ്ഡിപിഐ ,ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ സമാധാനം പുനസ്ഥാപിക്കാനായി ജില്ലാകളക്ടർ വിളിച്ച് ചേർത്ത സർവകക്ഷി യോഗം നാളെ. യോ​ഗത്തിൽ ബിജെപി പങ്കെടുക്കും. നാളെ നടക്കുന്ന യോഗത്തിൽ ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു.
കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ രഞ്ജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നാരോപിച്ച് ബിജെപി ബഹിഷ്ക്കരിച്ച പശ്ചാത്തലത്തിൽ ഇന്ന് വൈകിട്ട് നടക്കേണ്ടിയിരുന്ന യോഗം നാളത്തേക്ക് മാറ്റുകയായിരുന്നു. രഞ്ജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും പോസ്റ്റ്മോർട്ടം നടപടികൾ ഇന്നത്തേക്ക് മനപ്പൂർവ്വം മാറ്റിയെന്നുമാണ് ബിജെപി ആരോപണം. ജില്ലാഭരണകൂടം ഒരു ചടങ്ങായി മാത്രമാണ് സർവകക്ഷി യോഗം വിളിക്കുന്നതെന്നും സമാധാനം പുനസ്ഥാപിക്കാൻ ജില്ലാ ഭരണകൂടത്തിന് ആത്മാർഥതയില്ലെന്നും ബിജെപി നേതാവ് കെ.സോമൻ ആരോപിച്ചു.

രഞ്ജിത്തിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. മൃതദേഹം രാ‌വിലെ പത്തരയോടെ ആലപ്പുഴയിലെ വീട്ടിലെത്തിച്ചു. നൂറുകണക്കിന് പാർട്ടി പ്രവർത്തകർ അന്തിമോപചാരമർപ്പിച്ചു. ഉച്ചയ്ക്കു ശേഷം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ തറവാട് വീടുള്ള വലിയഴീക്കലേക്കു കൊണ്ടു പോയി. ഇന്നു വൈകുന്നരം അവിടെ സംസ്കരിക്കും.


അതിനിടെ, ഷാൻ കൊലക്കേസിൽ കൃത്യം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർ ഉടൻ പിടിയിലാകുമെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിലായ പ്രസാദാണ് കൊലപാതകം ആസൂത്രണം ചെയ്തതും കൃത്യം നടത്താനുള്ള വാഹനം ഏർപ്പാടാക്കി നൽകിയതും. ഷാൻ കൊലക്കേസിൽ ആകെ പത്ത് പ്രതികളാണുള്ളത്. ഇവരിൽ ബാക്കി എട്ടുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ ഉടൻ പിടിയിലാകുമെന്നും കൊലപാതകത്തിന് പിന്നിൽ മറ്റ് ഗൂഢാലോചനകളുണ്ടെങ്കിൽ അതും അന്വേഷിക്കുമെന്നും എഡിജിപി പറഞ്ഞു.

രഞ്ജിത് കൊലക്കേസിൽ നിലവിൽ 12 പ്രതികളാണുള്ളതെന്നും എഡിജിപി വ്യക്തമാക്കി. കൂടുതൽ പ്രതികളുണ്ടാകാനും സാധ്യതയുണ്ട്. അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇവരെ ഉടൻ പിടികൂടാൻ കഴിയും. അന്വേഷണം തുടരുന്നതിനാൽ ചിലകാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment