പാർലമെന്റ് ശീതകാല സമ്മേളനം നാളെ തുടങ്ങും, സർക്കാരിനെ സമ്മർദത്തിലാക്കാൻ പ്രതിപക്ഷം

  • കാർഷിക നിയമങ്ങളിൽ പ്രധാനമന്ത്രി പാർലമെന്റിൽ മാപ്പ് പറയണം

ന്യൂഡൽഹി: നാളെ ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ പ്രധാനമന്ത്രിക്കെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. വേണ്ടത്ര ചർച്ച കൂടാതെ പാസാക്കിയ കാർഷിക ബില്ലിനെതിരേ ഇരുസഭകളിലും പ്രതിപക്ഷം ശബ്ദമുയർത്തും. കർഷകരും പ്രതിപക്ഷവും തള്ളിക്കളഞ്ഞ ബില്ലിന്റെ പേരിൽ രാജ്യത്തെ ഒരു വർഷത്തോളം കേന്ദ്ര സർക്കാർ മുൾമുനയിൽ നിർത്തി. 750ൽപ്പരം കർഷകർക്കു ജീവഹാനി ഉണ്ടായി. ആസന്നമായ നിയമസഭാതെരഞ്ഞെടുപ്പുകളിൽ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെത്തുടർന്നാണ് നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ തയാറായത്. കർഷകരെ ഉപയോ​ഗിച്ചു നരേന്ദ്ര മോദി രാഷ്‌ട്രീയം കളിക്കുകയായിരുന്നു എന്നും പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി.
അടുത്ത മാസം 23 വരെ നീണ്ടുനിൽക്കുന്ന പാർലമെൻറ് ശീതകാല സമ്മേളനത്തിൽ കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന ബില്ലിലാണ് പ്രധാന അജൻഡ. നാളെ ലോക്സഭയിലും ബുധനാഴ്ച രാജ്യസഭയിലും ബില്ല് പാസാക്കും. എന്നാൽ നിയമങ്ങൾ കൊണ്ടുവന്നത് പിഴവെന്ന് അംഗീകരിക്കാൻ സർക്കാർ തയ്യാറല്ല. കർഷകരുടെ എതിർപ്പ് മാനിച്ചാണ് നിയമങ്ങൾ പിൻവലിക്കുന്നതെന്നും മോദി വിശദീകരിക്കുന്നു.
വീഴ്ച അംഗീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ലോക്സഭാ സ്‍പീക്കർ ഓം ബിർള വിളിച്ച സർവ്വകക്ഷി യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പട്ടു. പ്രധാനമന്ത്രി ഇരുസഭകളിലും ക്ഷമ ചോദിക്കണം എന്നാണ് പ്രധാന ആവശ്യം. താങ്ങുവിലയ്ക്ക് സംരക്ഷണം നൽകാനുള്ള നിയമം അജണ്ടയിൽ ഉണ്ടാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പെ​ഗാസസ് വിവരം ചോർത്തൽ, ക്രിപ്റ്റോ കറൻസി തട്ടിപ്പ്, കാർഷികോത്പന്നങ്ങൾക്കു മിനിമം താങ്ങുവില നിയമം തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി സർവകക്ഷി യോ​ഗത്തിനെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിം​ഗ്, പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി തുടങ്ങിയവർ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ചു.

Related posts

Leave a Comment