മുല്ലപ്പെരിയാർ ഡാമിൽ ആദ്യ മുന്നറിയിപ്പ്

ഇടുക്കിഃ ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആദ്യമുന്നറിയിപ്പ്. അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതു സംബന്ധിച്ചാണു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 136.05 അടിയെത്തി. ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിൽ കൺട്രോൾ റൂം തുറക്കാൻ നിർദേശം നൽകി

ജലനിരപ്പ് 140 അടിയിലെത്തിയാൽ ഒന്നാമത്തെ ജാഗ്രത നിർദേശം നൽകും. 1867 ഘനയടി വെള്ളം ഇപ്പോൾ ഡാമിൽ നിന്ന് ഒഴുക്കി വിടുന്നു. 3631 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്. 142 അടിയിൽ അണക്കെട്ടിൻറെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി വെള്ളമൊഴുക്കേണ്ടി വന്നാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകി. തമിഴ്നാടിനോടു കൂടുതല്‍ വെള്ളം ഒഴുക്കിക്കൊണ്ടു പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ 140 അടി സംഭരണ ശേഷിയിലെത്തിക്കുകയാണ് അവരുടെ ലക്ഷ്യം. അതിനിടെ മഴ ശക്തമാകാനുള്ള സാഹചര്യം കണക്കിലെടുത്ത് ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.ശക്തമായ കാറ്റോട് കൂടിയ മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളില്‍ മഴ കനത്തേക്കും.

നാളെത്തോടെ മഴയ്ക്ക് ശമനമുണ്ടാകുമെന്നാണ്കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണം.

Related posts

Leave a Comment