മഴയില്ല, മാറാതെ മഴപ്പേടി, തീവ്ര മുന്നറിയിപ്പ്, ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ടെങ്കിലും തെക്കൻ കേരളത്തിൽ രാവിലെ പൊതുവേ തെളിഞ്ഞ അന്തരീക്ഷമാണ്. പ്രളയ ഭീഷണി നേരിടുന്ന ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലെല്ലാം സ്ഥിതി ഏറെ ശാന്തമാണ്.
11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഓറ‍ഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത് എങ്കിലും റെഡ് അലർട്ട് എന്ന പോലെ തയ്യാറെടുപ്പുകൾ നടത്താനാണ് സർക്കാർ നിർദ്ദേശം.
കൊല്ലം ആലപ്പുഴ കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ഈ മൂന്നു ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും.
ആലപ്പുഴ ചെറുതന യിൽ 400 ഏക്കർ വരുന്ന തേവേരി പാടശേഖരത്തിൽ മട വീണു. രണ്ടാം കൃഷി പൂർണമായും നശിച്ചു. ഇടുക്കി അടക്കമുള്ള അണക്കെട്ടുകൾ തുറന്നിട്ടിരിക്കുന്നതിനാൽ, അതീവ ജാഗ്രതയിലാണ് സംസ്ഥാനം.
അപകടമേഖലകളിൽ നിന്ന് ആളുകൾ മാറിതാമസിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. നാളെ 12 ജില്ലകളിലാണ് ഓറഞ്ച് അലർട്ടാണ്.

കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണം. മലയോരമേഖലകളിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പ്രതിരോധ നടപടിൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശമുണ്ട്. കേരളാ തീരത്ത് കാറ്റിൻറെ വേഗം 50 കി.മി വരെയാകാൻ സാധ്യതയുളളതിനാൽ വെള്ളിയാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

തെക്ക് പടിഞ്ഞാറൻ കാലവർഷം പിൻവലിയുന്നതിനൊപ്പം, തുലാവർഷത്തിന് അനുകൂലമായ സാഹചര്യം ഒരുങ്ങുന്നതിനാലാണ് മഴ വീണ്ടും ശക്തമാകുന്നത്. കിഴക്കൻ കാറ്റിന്റെ ശക്തി കൂടുന്നതും മഴ സാധ്യത വർധിപ്പിക്കും. മലയോര മേഖലകളിൽ കൂടുതൽ ശക്തമായ മഴ പെയ്യും. തീരപ്രദേശങ്ങളിലും ജാഗ്രത വേണം. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. മത്സ്യതൊഴിലാളികൾ വെള്ളിയാഴ്ച വരെ കടലിൽ പോകരുതെന്നു നിർദേശമുണ്ട്..

Related posts

Leave a Comment