മദ്യത്തിനും വില കൂട്ടുന്നു ; തൃക്കാക്കര കടന്നാൽ തീരുമാനം

തിരുവനന്തപുരം: ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള നിത്യോപയോഗ സാധനങ്ങൾക്ക് വില കൂട്ടി കുടുംബ ബജറ്റ് തകർത്ത സംസ്ഥാന സർക്കാർ, ഒടുവിൽ മദ്യത്തിനും വില കൂട്ടുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം മദ്യവിലയിൽ വർധനവുണ്ടാകും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെയാണ് നികുതിയിനത്തിൽ ഖജനാവിലേക്ക് ഏറ്റവും കൂടുതൽ പണമെത്തിക്കുന്ന മദ്യത്തിന്റെ വില കൂട്ടാനൊരുങ്ങുന്നത്. അതേസമയം, സ്പിരിറ്റിന്റെ ദൗർലഭ്യവും മദ്യക്കമ്പനികളുടെ ആവശ്യവും പരിഗണിച്ചാണ് വർധനയെന്ന ന്യായമാണ് സർക്കാർ ഉയർത്തുന്നത്. മദ്യത്തിന്റെ വില വർധിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്നു ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ വ്യക്തമാക്കി. സ്പിരിറ്റിന് ദൗർലഭ്യമുണ്ട്. ഇവിടെ ഉൽപാദനം കുറവാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് സ്പിരിറ്റ് എത്തുന്നത്. വില കൂട്ടുന്നതിന് നയപരമായ തീരുമാനം എടുക്കേണ്ടതില്ല. ജവാൻ ഉൾപ്പെടെയുള്ള ബ്രാൻഡുകൾക്കു വില കൂടിയേക്കുമെന്ന് വ്യക്തമാക്കിയ മന്ത്രി, ബിവറേജസ് കോർപറേഷൻ നിലവിൽ നഷ്ടത്തിലാണെന്നും വിശദീകരിച്ചു.
ഒരു ലിറ്റർ ജവാന് ഇപ്പോൾ 600 രൂപയാണ് വില. ഇത് പത്ത് ശതമാനമെങ്കിലും കൂട്ടണമെന്നാണ് ബെവ്കോയുടെ ആവശ്യം. ലിറ്റർ വില 57 രൂപയുണ്ടായിരുന്ന സ്പിരിറ്റ് ഇപ്പോൾ 68 രൂപയായി. നിർമ്മാണ ചെലവും കൂടി. ഇതെല്ലാം കണക്കിലെടുത്ത് ജവാന്റെ വില കൂട്ടണമെന്നാണ് എംഡിയുടെ ആവശ്യം. കുറഞ്ഞ വിലക്കുള്ള മദ്യം ഇപ്പോൾ ബെവ്കോ ഔട്ട് ലെറ്റുകളിൽ വിൽപ്പനക്ക് എത്തുന്നില്ല. സ്പിരിറ്റ് വില കൂടിയത് ചൂണ്ടിക്കാട്ടിയാണ് കുറഞ്ഞ വിലക്കുള്ള മദ്യത്തിന്റെ വിതരണം കരാർ കമ്പനികൾ നിർത്തി വച്ചത്. കരാർ ഏറ്റെടുത്ത നാലു കമ്പനികൾക്കെതിരെ ബെവ്കോ എംഡി നോട്ടീസ് നൽകിയിരുന്നു. ഇതേകാര്യം മാസങ്ങളായി സ്വകാര്യ വിതരണ കമ്പനികളും സർക്കാരിന് മുന്നിൽ വയ്ക്കുന്നുണ്ട്. സർക്കാർ മദ്യത്തിന്റെ വില ഉയർത്താൻ തീരുമാനിച്ചാൽ എല്ലാ മദ്യ കമ്പനികളുടെ ആവശ്യം അംഗീകരിക്കേണ്ടിവരും.
ഇതിനിടെ, വിലകുറഞ്ഞ മദ്യം കിട്ടാതെ വന്നതോടെ 800 രൂപയ്ക്ക് മുകളിലുള്ള മദ്യ വിൽപ്പന കൂടി. ഇത് കഴിഞ്ഞ മാസം 440 കോടിയുടെ അധികവരുമാനമുണ്ടാക്കിയെന്നും ബെവ്കോ പറയുന്നു. കുറഞ്ഞ വിലക്കുള്ള മദ്യത്തിന് വലിയ ക്ഷാമം ഉണ്ടായാൽ വ്യാജവാറ്റിന് കാരണമായേക്കുമെന്ന് എക്സൈസ് ഇന്റലിജൻസിന്റെ മുന്നറിയിപ്പുമുണ്ട്.

Related posts

Leave a Comment