മണ്ണഞ്ചേരി :കഴിഞ്ഞ ദിവസം (2022 ജൂൺ 25) ജമ്മു കശ്മീരിൽ ശ്രീനഗറിലെ ദാൽ തടാകത്തിൽ നടന്ന 23-ാമത് സബ് ജൂനിയർ & 5-ാമത് അന്തർ സംസ്ഥാന ചലഞ്ചർ റോവിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി സ്വർണ്ണ മെഡൽ നേടിയ ടീമിൽ അംഗമായി മണ്ണഞ്ചേരി സ്വദേശിയും. മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് 20-ാം വാർഡ് കുതിരക്കാട്ടുവെളിയിൽ സുധീഷ് (വാവ) – വിജയമ്മ (വിജി) ദമ്പതികളുടെ മൂത്ത പുത്രനായ അക്ഷയ് സുധീഷാണ് ഗ്രാമത്തിൻ്റെ അഭിമാന താരമായി മാറിയത്.
കേരളത്തിനായി സ്വർണ്ണം നേടിയ 4 അംഗ ടീമിൽ അക്ഷയ് സുധീഷിനെ കൂടാതെ ഒരു അമ്പലപ്പുഴ സ്വദേശിയും, ഇടുക്കി, പത്തനംതിട്ട സ്വദേശികളുമാണ് ഉള്ളത്.
2021 ൽ പൂനെയിൽ നടന്ന ദേശീയ ജൂനിയർ റോവിംഗ് ചാമ്പ്യൻഷിപ്പിൽ അക്ഷയ് ഉൾപ്പെട്ട കേരളാ ടീം വെങ്കല മെഡൽ നേടിയിരുന്നു.
ആലപ്പുഴ എസ്.ഡി കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ് അക്ഷയ്. പരിശീലനവുമായി മുന്നോട്ടുപോകാനാണ് താല്പര്യം. ദേശീയ ചാമ്പ്യൻഷിപ്പിനായുള്ള പരിശീലനങ്ങൾ ഉടനെ തുടങ്ങുമെന്നും അക്ഷയ് പറഞ്ഞു.
അച്ഛൻ സുധീഷ് കെട്ടിടനിർമാണ തൊഴിലാളിയാണ്. അമ്മ വിജയമ്മ വിദേശത്ത് ഹോം നഴ്സാണ്. മുഹമ്മ ആര്യക്കര എ. ബി. വിലാസം ഹയർ സെക്കൻ്ററി സ്ക്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അതുൽ സുധീഷ് സഹോദരനാണ്.