‘ഫോൺ വിളിയിൽ വീണ്ടും കുടുങ്ങി എ കെ ശശീന്ദ്രൻ ; രാജിക്കായി മുറവിളി ‘ ; സാമൂഹ്യ മാധ്യമങ്ങളിൽ ‘പൂച്ചക്കുട്ടി പൊങ്കാല’

മന്ത്രി എ കെ ശശീന്ദ്രനെതിരെ വീണ്ടും ഗുരുതരമായ ആരോപണം ഉയർന്നിരിക്കുകയാണ്. കൊല്ലം സ്വദേശിയായ പെൺകുട്ടിയ്ക്കുനേരെ എൻസിപി സംസ്ഥാന നേതാവ് പീഡന ശ്രമം നടത്തിയിരുന്നു. ഇതിനെ ചെറുത്ത പെൺകുട്ടി പോലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു. എന്നാൽ പോലീസ് പെൺകുട്ടിയുടെ പരാതിയിൽ വേണ്ട നടപടികൾ സ്വീകരിക്കാതെ പ്രതിക്ക് സംരക്ഷണമൊരുക്കുകയാണ് ഉണ്ടായത്. എന്നിരുന്നാലും പരാതി പിൻവലിക്കാൻ തയ്യാറാകാതെ പെൺകുട്ടി മുന്നോട്ട് പോയപ്പോൾ മന്ത്രി എ കെ ശശീന്ദ്രൻ എൻസിപി പ്രാദേശിക നേതാവ് കൂടിയായ പെൺകുട്ടിയുടെ പിതാവിനോട് ഫോണിൽ വിളിച്ച് ഈ വിഷയം പരിഹരിക്കണം എന്ന് അഭ്യർത്ഥിക്കുകയുമായിരുന്നു. ഈ ഫോൺ സന്ദേശം ഇന്ന് പകലാണ് പുറത്തുവന്നത്.

ഉത്തരവാദിത്വപ്പെട്ട ഒരു മന്ത്രി പീഡനത്തിനിരയായ പെൺകുട്ടിക്ക് ഒപ്പം നിൽക്കേണ്ടതിനുപകരം സംഭവത്തിലെ പ്രതിക്കൊപ്പം നിലയുറപ്പിക്കുകയും പ്രശ്നം സൗമ്യമായി പരിഹരിക്കുന്നതിന് ബന്ധപ്പെടുകയും ചെയ്തതിൽ മന്ത്രിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. പ്രതിപക്ഷ നേതാക്കൾ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ സർക്കാരിന്റെ സമയത്തും മന്ത്രിയായിരുന്ന എ കെ ശശീന്ദ്രൻ പെൺകുട്ടിയുമായി ലൈംഗിക സംഭാഷണത്തിലേർപ്പെട്ടതിന്റെ റെക്കോർഡ് പുറത്തുവന്നതിനെത്തുടർന്ന് രാജിവെച്ചിരുന്നു. രണ്ടാം സർക്കാരിന്റെ സമയത്തും മന്ത്രിയായ അദ്ദേഹം വീണ്ടുമൊരു ഫോൺ വിളിയുടെ പേരിൽ വട്ടം ചുറ്റുകയാണ്. അന്നത്തെ ഫോൺ വിളിയിൽ മന്ത്രി യുവതിയോട് പറഞ്ഞ് സംഭാഷണത്തിലെ ‘ പൂച്ചക്കുട്ടി’ പ്രയോഗമാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് മന്ത്രി പ്രതികരണം നടത്തിയെങ്കിലും അത് ആരും വിശ്വസിക്കുന്നില്ല. വരുംദിവസങ്ങളിൽ ഈ വിഷയം വലിയ ചർച്ചകളിലേക്ക് വഴിവെക്കും എന്നതിൽ സംശയമില്ല.

Related posts

Leave a Comment