അശാസ്ത്രീയമായി നടപ്പാക്കുന്ന കടുത്ത നിയന്ത്രണങ്ങള്‍ നിരവധി പേരുടെ ജീവിതവും സ്വപ്‌നവും തകര്‍ക്കുന്നു; പി ടി അജയ് മോഹന്‍

മലപ്പുറം: കോവിഡ് പ്രതിസന്ധിമൂലം വരുമാനമാര്‍ഗം ഇല്ലാതായി സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പാവങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര പാക്കെജ് പ്രഖ്യാപിക്കണമെന്ന് ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ പി.ടി. അജയ്‌മോഹന്‍. റേഷന്‍ കട വഴി കിറ്റ് വിതരണം ചെയ്ത് വീമ്പു പറച്ചില്‍ മാത്രമാണിപ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്നത്. കിറ്റ് വിതരണം ചെയ്താല്‍ എല്ലാ ബാധ്യതയും നിറവേറ്റിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ തെറ്റിധരിക്കരുത്. അശാസ്ത്രീയമായി നടപ്പാക്കുന്ന കടുത്ത നിയന്ത്രണങ്ങള്‍ നിരവധി പേരുടെ ജീവിതവും സ്വപ്‌നവുമാണു തകര്‍ക്കുന്നത്. പല വ്യവസായ സ്ഥാപനങ്ങളും പൂട്ടി ലക്ഷങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. സര്‍ക്കാരിനു നേരിട്ട് ലാഭം നല്‍കുന്ന ബിവറേജസ് കോര്‍പറേഷനും കെഎസ്ആര്‍ടിസിക്കും യാതൊരു നിയന്ത്രണവുമില്ല. സമ്പന്ന വിഭാഗത്തിലുള്ളവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമടങ്ങുന്ന ഒരു നിശ്ചിത വിഭാഗത്തെ മാറ്റി നിര്‍ത്തിയാല്‍ ബാക്കി ജനങ്ങളെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. ഈ യഥാര്‍ഥ്യത്തിന് നേരെ കണ്ണടയ്ക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ചെറുകിട കച്ചവടക്കാര്‍, സ്വയംതൊഴില്‍ സംരംഭങ്ങളിലേര്‍പ്പെട്ടവര്‍ തുടങ്ങി കാര്‍ഷികവൃത്തി കൊണ്ട് ജീവിക്കുന്നവരും മല്‍സ്യബന്ധന മേഖലയിലുളളവരും കൂലിപ്പണിക്കാരും ഓട്ടോറിക്ഷാ- ടാക്‌സി ഡ്രൈവര്‍മാരുമെല്ലാം ഈ ഘട്ടത്തില്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുകയാണ്. ാേഇവരില്‍ ഭൂരിഭാഗം പേരും ബാങ്കുകളില്‍ നിന്നും മറ്റു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്തു തിരിച്ചടവ് മുടങ്ങിയിരിക്കുന്ന അവസ്ഥയിലാണ്. ഒപ്പം മക്കളുടെ വിദ്യാഭ്യാസത്തിനും ചികിത്സാ സൗകര്യങ്ങള്‍ക്കും പണം കണ്ടത്താനാവാതെ വിഷമിക്കുന്നവരാണ് ഇവരില്‍ വലിയൊരു വിഭാഗം. ഇത്തരക്കാരുടെ വിഷമങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related posts

Leave a Comment