സിപിഐ വകുപ്പുകളില്‍ മുഖ്യമന്ത്രിയുടെ കൈകടത്തല്‍ഃ എഐവൈഎഫ്

കൊല്ലം: ഘടകകക്ഷികള്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നു എന്ന ആരോപണവുമായി സി പിഐ യുവജന സംഘടന എഐവൈഫ് രംഗത്ത്. സംഘടനയുടെ ജില്ലാ സമ്മേളനത്തിലാണ് പ്രതിനിധികള്‍ ആരോപണം ഉന്നയിച്ചത്. എന്നാല്‍ സിപിഎം നേതൃത്വം നടത്തുന്ന അഴിമതിയിലും ഭീഷണിയിലുമൊന്നും പാര്‍ട്ടിയോ മുഖ്യമന്ത്രിയോ ഇടപെടുന്നില്ലെന്നും സമ്മേളനം ആരോപിച്ചു.

മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് വനം,‌ റവന്യൂ, കൃഷി എന്നീ വകുപ്പുകളിലാണ് മുഖ്യമന്ത്രിയുടെ ഇടപെടലുകളുണ്ടായത്. ഈ വകുപ്പുമായി ബന്ധപ്പെട്ട് സിപിഐയും പോഷക സംഘടനകളും കൈക്കൊണ്ട നിലപാടുകളെ മുഖ്യമന്ത്രി അട്ടിമറിച്ചു. അതിന്‍റെ ഫലമായി എഐവൈഎഫിന്‍റെ നേതാക്കളും പ്രവര്‍ത്തകരും ജയില്‍ശിക്ഷ വരെ ‌അനുഭവിച്ചതായി പ്രതിനിധികള്‍ കുറ്റപ്പെടുത്തി. മുട്ടില്‍ മരം മുറി അടക്കമുള്ള വിഷയങ്ങളില്‍ സിപിഐയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണു ചെയ്തതെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ഇതിനെതിരേ പാര്‍ട്ടി നേതൃത്വം ശക്തമായി ഇടപെടണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

പുനലൂരിലിനു സമീപം പ്രവാസി വയല്‍ നികത്തി വര്‍ക്ക് ഷോപ്പ് നിര്‍മിച്ചതു ചോദ്യം ചെയ്ത എഐവൈഎഫ് പ്രാദേശിക നേതാക്കള്‍ക്കെതിരേ പൊലീസ് കെസെടുത്ത് ജയിലില്‍ അടച്ചു. നിര്‍മാണ അനുമതിയില്ലാത്ത സ്ഥലത്ത് അനധികൃത നിര്‍മാണം നടത്തിയതാണു സംഘടന ചോദ്യം ചെയ്തത്. അത് നയപരമായ തീരുമാനമായിരുന്നു. എന്നാല്‍ വകുപ്പ് മന്ത്രിയോ, സിപിഐ നേതൃത്വമോ അറിയാതെ പൊലീസിനെക്കൊണ്ട് കേസെടുപ്പിച്ച് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യിക്കുകയായിരുന്നു. സിപിഎമ്മിന്‍റെ ആവശ്യപ്രകാരം മുഖ്യമന്ത്രിയാണ് അതിന് നടപടി സ്വീകരിച്ചതെന്നും ആരോപണമുയര്‍ന്നു.

എന്നാല്‍ ഗൂണ്ടാപ്പിരിവിനു സമാനമായ പണപ്പിരിവ് നടത്ത് നിയമാനുസൃത നിര്‍മാണങ്ങളെപ്പോലും സിപിഎം തടസപ്പെടുത്തുകയാണെന്ന് ചവറ ഗുഹാനന്ദപുരത്തെ കണ്‍വന്‍ഷന്‍ സെന്‍റര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചൂണ്ടിക്കാട്ടി എഐവൈഎഫ് കുറ്റപ്പെടുത്തി. നേരിട്ടു പരാതി ലഭിച്ചിട്ടു പോലും മുഖ്യമന്ത്രി ഒരു നടപടിയും സ്വീകരിച്ചില്ല. സിപിഐ ഭരിക്കുന്ന വകുപ്പുകളില്‍ പാര്‍ട്ടിക്കു സ്വതന്ത്രമായി ഇടപെടാനുള്ള സാഹചര്യം വേണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

Related posts

Leave a Comment