ഉത്തർപ്രദേശിൽ നിയമസഭാ തിര‍ഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ എഐഎംഐഎമ്മിൻറെ ഒരു ജില്ലാ കമ്മറ്റി ഒന്നാകെ കോൺഗ്രസിൽ ലയിച്ചു

ലഖ്നൗ: അടുത്ത വർഷം ഉത്തർപ്രദേശിൽ നിയമസഭാ തിര‍ഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ വലിയ മുന്നൊരുക്കങ്ങളാണ് രാഷ്ട്രീയ പാർട്ടികൾ നടത്തുന്നത്. പ്രമുഖ പാർട്ടികൾ ഒന്നും സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ചതിനാൽ തനിച്ചായിരിക്കും കോൺഗ്രസ് ഇത്തവണ യുപി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുക. അതിനുള്ള അണിയറ തന്ത്രങ്ങൾ കോൺഗ്രസ് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ ആവിഷ്കരിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് എഐഎംഐഎമ്മിൻറെ ഒരു ജില്ലാ കമ്മറ്റി ഒന്നാകെ കോൺഗ്രസിൽ ലയിച്ചെന്ന വാർത്തയും പുറത്ത് വരുന്നത്.തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോൺഗ്രസിന് വലിയ ആവേശം പകർന്നുകൊണ്ടാണ് അസദുദ്ദീൻ ഒവൈസി എംപിയുടെ എഐഎംഐഎമ്മിൻറെ വാരണാസി ജില്ലാ കമ്മറ്റി ഒറ്റക്കെട്ടായി കോൺഗ്രസിൽ ലയിക്കാൻ തീരുമാനിച്ചത്. യുപി തിരഞ്ഞെടുപ്പ് ഒവൈസിയും ലക്ഷ്യം വെക്കുന്നതിന് ഇടയിലാണ് അമ്ബരിപ്പിച്ച ഇത്തരമൊരു നീക്കം.

ഇരുപതിലേറെ വരുന്ന പാർട്ടി ഭാരവാഹികൾക്ക് പുറമെ ആയിരക്കണക്കിന് വരുന്ന പ്രവർത്തകരും കോൺഗ്രസിൽ ചേരും. എഐഎംഐഎം ബന്ധം ഉപേക്ഷിച്ച്‌ കോൺഗ്രസിൽ ലയിക്കാനുള്ള തീരുമാനത്തിന് കഴിഞ്ഞ ദിവസം വരാണാസി കോടതിക്ക് സമീപം സ്ഥിതി ചെയ്യുന്ന പാർട്ടി ഓഫീസിൽ ചേർന്ന യോഗം അംഗീകാരം നൽകുകയും ചെയ്തു.സംഘടനയുടെ വനിതാ വിഭാഗവും കോൺഗ്രസിൽ ചേരുമെന്ന് വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് കൈസർ ജഹാനും വ്യക്തമാക്കി. ജില്ലാ കമ്മിറ്റി തീരുമാനം പാസാക്കിയതിന് പിന്നാലെ കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം സംസ്ഥാന ചെയർമാൻ ഷഹനവാസ് ആലം നേതാക്കൾക്കും പ്രവർത്തകർക്കും പാർട്ടി മെമ്ബർഷിപ്പ് നൽകുകയും ചെയ്തു.എല്ലാ വിഭാഗത്തേയും ഒരു കുടക്കീഴിൽ അണിനിരത്തി സംസ്ഥാനത്തേയും രാജ്യത്തെയും വികസിപ്പിക്കാൻ കഴിയുന്ന ഒരേയൊരു പാർട്ടിയാണ് കോൺഗ്രസ് എന്ന് സ്വീകരണ യോഗത്തിൽ ഷാനവാസ് ആലം ​​പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ഉത്തർപ്രദേശിലുടനീളം മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.പ്രിയങ്കയുടെ ഇത്തരത്തിലുള്ള ഇടപെടലിൻറെ ഫലമായി യുവാക്കളും ഉത്തർപ്രദേശിലെ എല്ലാ വിഭാഗങ്ങളും കോൺഗ്രസിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. പ്രിയങ്കയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ രൂപീകരിക്കാൻ പോകുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

Related posts

Leave a Comment