വന്യമൃഗശല്യം: സര്‍ക്കാര്‍ ജനങ്ങളോടുള്ള ഉത്തരവാദിത്വം മറക്കുന്നു : പി വി മോഹന്‍ ; ഉപവാസസമരം നയിച്ച് എ ഐ സി സി സെക്രട്ടറി


കല്‍പ്പറ്റ: ജനങ്ങളുടെ ജീവനും സ്വത്തിനും വില കല്‍പ്പിക്കാത്ത സര്‍ക്കാര്‍ വയനാട്ടിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നായ വന്യമൃഗശല്യത്തെ കാണുന്നത് ലാഘവത്തോടെയാണെന്ന് എ ഐ സി സി സെക്രട്ടറി പി വി മോഹന്‍ കുറ്റപ്പെടുത്തി. വര്‍ധിച്ചുവരുന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെകുടുംബാംഗങ്ങള്‍ക്കും, പരിക്ക് പറ്റിയവര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വയനാട് കലക്‌ട്രേറ്റിന് മുമ്പില്‍ നടത്തിയ ഏകദിന ഉപവാസസമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ മനുഷ്യന് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതിന് വന്യമൃഗങ്ങളുമായി യുദ്ധം ചെയ്യേണ്ട ഗതികേടാണുള്ളത്. വന സംരംക്ഷണവും വന്യജീവി സംരക്ഷണവും അനിവാര്യമാണെങ്കിലും സര്‍ക്കാര്‍ ജനങ്ങളോടുള്ള ഉത്തരവാദിത്വം മറന്ന് കൊണ്ട് അതിന് ശ്രമിക്കുന്നത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്. സര്‍ക്കാരോ, വനപാലകരോ അല്ല വനമേഖലയില്‍ ജീവിക്കുന്ന ജനങ്ങളാണ് യഥാര്‍ത്ഥ വനസംരംക്ഷകര്‍. അവരുടെ പിന്തുണയിലൂടെ മാത്രമേ നമ്മുക്ക് വനം സംരംക്ഷിക്കാന്‍ കഴിയൂ. അവരെ വനം സംരക്ഷണ സേനക്കും വനത്തിനും എതിരാക്കുന്ന സാഹചര്യം പൂര്‍ണമായി ഇല്ലാതാക്കണം. അതിന് സര്‍ക്കാര്‍ പൂര്‍ണമനസോടെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വന്യമൃഗശല്യത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ഏറ്റവും പ്രായോഗികമായ മാര്‍ഗം വേണം സര്‍ക്കാര്‍ സ്വീകരിക്കാന്‍. അത് ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുകയും വേണം. മറ്റൊരു പ്രധാനപ്പെട്ട കാര്യം വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപെട്ടവരുടെ ആശ്രിതര്‍ക്കും, പരിക്ക് പറ്റിയവര്‍ക്കും നല്‍കുന്ന നഷ്ടപരിഹാര തുക തീരുമാനിക്കുന്നതിന് നിലവില്‍ യാതൊരു മാനദണ്ഡവും ഇല്ല എന്നതാണ്.സിങ്കിള്‍ സ്ലാബ് സിസ്റ്റമാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ആര് കൊല്ലപ്പെട്ടാലും ഒരേ തുകയാണ് നഷ്ടപരിഹാരമായി ലഭിക്കുക. മരിക്കുന്നവരുടെ പ്രായം, മരിക്കുന്നയാളെ ആശ്രയിച്ച് ജീവിക്കുന്നവരുടെ എണ്ണം തുടങ്ങിയ യാതൊന്നും പരിഗണിക്കാതെ നഷ്ടപരിഹാരം നല്‍കുന്ന നിലവിലെ രീതി നീതിയല്ല. അങ്ങേയറ്റം പ്രാകൃതവുമാണ്. നിയമനിര്‍മ്മാണത്തിലൂടെ സര്‍ക്കാര്‍ ഇതിന് പരിഹാരം ഉണ്ടാക്കണം. വാഹനാപകട ക്ലയിമുകളുടെ ഹര്‍ജികളില്‍ തീരുമാനം എടുക്കുന്നത് പോലെ ശാസ്ത്രീയമായ രീതികള്‍ ഉപയോഗിച്ച് വേണം നഷ്ടപരിഹാരം തിരുമാനിക്കാന്‍. എങ്കില്‍ മാത്രമേ നീതി ഉറപ്പാക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയില്‍ പറയുന്നത് പ്രകാരം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനാണ്. എന്നാല്‍ അത് ഇവിടെ പാലിക്കപ്പെടുന്നില്ല. വന്യമൃഗശല്യം പരിഹരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അലംഭാവം തുടരുകയാണ്. കാര്‍ഷികമേഖലയില്‍ വിലത്തകര്‍ച്ചയും വിളനാശവും നേരിടുന്ന ഘട്ടത്തില്‍ കൂടിയാണ് വന്യമൃഗശല്യം കൂടി കര്‍ഷകടക്കം അനുഭവിക്കേണ്ടിവരുന്നത്. ഇക്കാര്യത്തില്‍ കേന്ദ്ര-കേരളാ സര്‍ക്കാരുകള്‍ ഒരേ സമീപനമാണ് സ്വീകരിക്കുന്നത്. ഈ സമരം കര്‍ഷകരും ആദിവാസികളുമടങ്ങുന്ന വയനാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. കര്‍ഷകരെയടക്കം അണിനിരത്തികൊണ്ട് സമരം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ഉപവാസസമരം ഉദ്ഘാടനം ചെയ്തു. വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നത് വരെ കോണ്‍ഗ്രസ് സമരപരിപാടികള്‍ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, പി കെ ജയലക്ഷ്മി, ടി ജെ ഐസക്ക്, എന്‍ കെ വര്‍ഗീസ്, കെ.വി. പോക്കര്‍ ഹാജി, പി പി ആലി, എം.എ. ജോസഫ്, എം ജി ബിജു, ബിനു തോമസ്, ശ്രീകാന്ത് പട്ടയന്‍, പി ശോഭനകുമാരി, ജി വിജയമ്മ, പി കെ അബ്ദുറഹിമാന്‍, മാണി ഫ്രാന്‍സിസ്, കമ്മന മോഹനന്‍, ഉമ്മര്‍ കുണ്ടാട്ടില്‍, നിസി അഹമ്മദ്, നാരായണ വാരിയര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വൈകിട്ട് അഞ്ച് മണിക്ക് ഉപവാസസമരത്തിന് നേതൃത്വം നല്‍കി പി വി മോഹന് പി കെ ജയലക്ഷ്മി നാരങ്ങാനീര് നല്‍കിയയോടെയാണ് പ്രതിഷേധത്തിന് സമാപനമായത്.

Related posts

Leave a Comment