Featured
ചന്ദ്രയാൻ വിജയത്തിനു പിന്നിൽ നിർമിത ബുദ്ധി,
ബഹിരാകാശത്ത് അടുത്ത ദശകം ഇന്ത്യൻ വിസ്മയം
ശ്രീഹരിക്കോട്ട/തിരുവനന്തപുരം: ചന്ദ്രയാൻ 3 വൻ വിജയമായതിന്റെ ത്രില്ലിലാണ് ലോകം, നാസ അടക്കമുള്ള വിശ്വ സ്ഥാപനങ്ങൾ ഇന്ത്യയുടെ നേട്ടത്തെ വിസ്മയത്തോടെ നോക്കിക്കാണൂുമ്പോൾ, അതിനു പിന്നിലെ രഹസ്യങ്ങൾ തേടുകയാണ് ശാസ്ത്ര ലോകം. നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന മഹാവിസ്മയത്തിന്റെ അത്ഭുത കരങ്ങളാണ് ചന്ദ്രയാൻ വിജയത്തിനു പിന്നിൽ. അടുത്ത പത്തു വർഷം ഇന്ത്യ നടത്താനിരിക്കുന്ന ആകാശ വിസ്മയങ്ങളുടെ സാമ്പിൾ മാത്രമാണ് ചന്ദ്രയാൻ 3 എന്നാണ് ഇസ്രോ പറയുന്നത്.
ചന്ദ്രൻ ഭൂമിയുടെ വളരെ അടുത്ത സബ്സ്റ്റേഷനാണത്രേ. ഭൂമിയിൽ നിന്നു ചന്ദ്രനിലേക്കുള്ള ദൂരം ഏകദേശം 3.5 ലക്ഷം കിലോമീറ്ററാണ്. മനമുഷ്യനെ വരെ അവിടെ കാലുകുത്തിക്കാൻ ശാസ്ത്രത്തിനു കഴിഞ്ഞു. എന്നാൽ ബഹിരാകാശ സമൂഹത്തിന്റെ അടുത്ത ലക്ഷ്യം ചൊവ്വയാണ്. 225 ദശലക്ഷം കിലോമീറ്റർ അകലെയുള്ള ചൊവ്വയിലേക്ക് ഇന്ത്യ ഇതിനകം പേടകം വിക്ഷേപിച്ചിട്ടുണ്ട്. മംഗൾയാൻ. ഭൂമിയിൽ ഓട്ടോ റിക്ഷ ഓടിക്കുന്ന ചെലവിലാണ് ഇന്ത്യയുടെ മംഗൾയാൻ എന്നാണ് അന്ന് ഇസ്രോ തമാശയായി പറഞ്ഞത്. എന്നുവച്ചാൽ ഈ നൂറ്റാണ്ടവസാനത്തോടെ നമ്മൾ ഓട്ടോ റിക്ഷയുടെ ചെലവിൽ ചൊവ്വയിൽ വരെ എത്തിയേക്കാം എന്നു ചുരുക്കം.
ടെലികമ്യൂണിക്കേഷൻ, കാലാവസ്ഥ, ഉന്നത വിദ്യാഭ്യാസം, യുദ്ധം എന്നിവയാണ് ബഹിരാകാശ സാധ്യതകളുടെ മേച്ചിൽപ്പുറങ്ങൾ. ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമാകും ഭാവിയിൽ ഭൂമിയുടെ കാവൽക്കാർ. നിർമിത ബുദ്ധിയിൽ നിർമിച്ചെടുക്കുന്ന റോബോട്ടുകളും കംപ്യൂട്ടർ ചിപ്പുകളും ടെലികമ്യൂണിക്കേഷൻ തരംഗങ്ങളുമാവും മനുഷ്യന്റെ ജോലിക്കാർ. അൻപതു വർഷങ്ങൾക്കപ്പുറം മനുഷ്യനെ കാത്തിരിക്കുന്നത് ശാസ്ത്ര മേധാവിത്വം മാത്രം.
വൈവിധ്യമാർന്ന വ്യവസായങ്ങളിലുടനീളം നിർമിത ബുദ്ധി കീഴടക്കും. ബഹിരാകാശ പര്യവേക്ഷണവും ഇതിൽ നിന്ന് വ്യത്യസ്‌തമല്ല. ഡാറ്റ വേഗത്തിൽ വിശകലനം ചെയ്യാനും പ്രവചനാത്മകമായ സ്ഥിതിവിവരക്കണക്കുകൾ കണ്ടെത്താനും സ്വയംഭരണ നാവിഗേഷൻ നൽകാനും ദൗത്യ പ്രവർത്തനങ്ങൾ മുൻകൂട്ടി തീരുമാനിക്കാനും ഇതിലെ അപാകതകൾ കണ്ടെത്താനും മറ്റും ഈ സാങ്കേതികവിദ്യക്കു കഴിയും.
ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായ ലാൻഡിംഗ് ഉറപ്പാക്കുന്നതിൽ എഐ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സെൻസറുകൾ മുഖ്യഘടമായി വർത്തിച്ചു. ചാന്ദ്ര ഭൂപ്രകൃതി മുൻകൂട്ടി അറിയാനും അപാകതകൾ തിരിച്ചറിയാനും ദൗത്യത്തിന്റെ ലാൻഡിംഗ് വിദഗ്ധമായി നാവിഗേറ്റ് ചെയ്യാനും അപകടസാധ്യതകൾ ലഘൂകരിക്കാനും സുരക്ഷ വർദ്ധിപ്പിക്കാനും ഈ സാങ്കേതികവിദ്യ ലാൻഡറിനെ വളരെയേറെ സഹായിച്ചു.
ഇപ്പോൾ ചന്ദ്രനിലുള്ള റോവറിന്റെ ചാന്ദ്ര പര്യവേക്ഷണ ഘട്ടത്തിലും എഐ സഹായിക്കും. കൗതുകമുണർത്തുന്ന ചാന്ദ്ര സവിശേഷതകൾ കണ്ടെത്തുന്നതിനും കൃത്യമായി മാപ്പ് ചെയ്യുന്നതിനും ഒപ്പം കാര്യക്ഷമമായ പര്യവേക്ഷണത്തിനായി റോവറിന്റെ ഒപ്റ്റിമൽ റൂട്ട് ചാർട്ട് ചെയ്യുന്നതിലും എഐ അൽഗോരിതങ്ങൾ മാർഗ്ഗനിർദ്ദേശം നൽകും. ബഹിരാകാശ പേടകം അമൂല്യമായ ഡാറ്റകൾ ശേഖരിക്കുന്നതിനാൽ, വിശകലന ഘട്ടത്തിൽ എഐ നേതൃസ്ഥാനം ഏറ്റെടുക്കും. പരമ്പരാഗത രീതികളിൽ കണ്ടെത്താൻ സാധിക്കാത്ത സ്ഥിതിവിവരക്കണക്കുകൾ മറനീക്കി പുറത്തുകൊണ്ടുവരാൻ എഐ സാങ്കേതിക വിദ്യ സഹായിക്കും
Featured
ജാതി വിവേചനവും അവഗണനയും;വയനാട്ടില്‍ ആദിവാസി സംഘടനാ നേതാവ് സിപിഎം വിട്ടു
കല്‍പ്പറ്റ: വയനാട്ടിലെ സി പി എം പാര്‍ട്ടിയുടെ ആദിവാസി സംഘടനാ നേതാവ് ബിജു കാക്കത്തോട് പാര്‍ട്ടി വിട്ടു. സി പി എം ജില്ലാ നേതാക്കള്‍ അടക്കമുള്ളവരുടെ കടുത്ത ജാതി വിവേചനത്തിലും, പൊതുവേദിയില്‍ ഏര്‍പ്പെടുത്തുന്ന വിലക്കിലും, അവഗണനയിലും മനംനൊന്താണ് പാര്‍ട്ടി വിടുന്നതെന്ന് ബിജു പറഞ്ഞു. ആദിവാസി ക്ഷേമ സമിതി (എ കെ എസ്) വയനാട് ജില്ലാ കമ്മിറ്റിയംഗവും, സുല്‍ത്താന്‍ ബത്തേരി ഏരിയ പ്രസിഡന്റും, സി പി എം മൂലങ്കാവ് ഉളത്തൂര്‍ക്കുന്ന് ബ്രാഞ്ച് കമ്മിറ്റിയംഗവുമാണ് നിലവില്‍ ബിജു.
ആദിവാസി വിഭാഗത്തിനുള്ള അവകാശങ്ങള്‍ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ പാര്‍ട്ടിയില്‍ ചേര്‍ന്ന തനിക്ക് പിന്നാക്കക്കാരന്‍ എന്ന നിലയില്‍ കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പൊതുയോഗത്തില്‍വെച്ചായിരുന്നു പാര്‍ട്ടിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗമായ ശ്രീമതി ടീച്ചറും, പാര്‍ട്ടി സെക്രട്ടറിയംഗങ്ങളും തനിക്ക് പാര്‍ട്ടി പ്രവര്‍ത്തനത്തിനായി കൂടുതല്‍ പദവികള്‍ നല്‍കുമെന്ന് അന്ന് അറിയിക്കുക ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സി പി എമ്മിന്റെയും, ഡി വൈ എഫ് ഐയുടെയും ജില്ലാ കമ്മിറ്റി മുതലുള്ള ഘടകങ്ങള്‍ തന്നെ പാര്‍ട്ടി വേദികളില്‍ നിന്നും വിലക്കേര്‍പ്പെടുത്തുകയായിരുന്നുവെന്ന് ബിജു പറഞ്ഞു.
കഴിഞ്ഞ മൂന്നര വര്‍ഷക്കാലം സി പി എമ്മില്‍ കടുത്ത ജാതി വിവേചനമാണ് താന്‍ നേരിട്ടത്. ആദിവാസി വിഭാഗത്തിനായി സംസാരിക്കാനുള്ള അവസരം പാര്‍ട്ടി വേദികളില്‍ ലഭിക്കില്ല. എ കെ എസ് അടക്കമുള്ള പിന്നാക്ക വിഭാഗ സംഘടനകള്‍ക്ക് സി പി എമ്മില്‍ അഭിപ്രായ സ്വാതന്ത്ര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.2021 മാര്‍ച്ച് 21ന് സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ വെച്ച് പിണറായി വിജയനില്‍ നിന്നും അംഗത്വം സ്വീകരിച്ച ശേഷം പാര്‍ട്ടി നേതാക്കളുടെ ഭാഗത്തു നിന്നും കടുത്ത അവഗണനയാണ് നേരിട്ടത്. സി പി എമ്മിന്റെ ലോക്കല്‍-ഏരിയ കമ്മിറ്റികളില്‍ പരിഗണന ലഭിച്ചില്ലെന്ന് മാത്രമല്ല, ആദിവാസി സമൂഹത്തെയും, പണിയ സമുദായത്തെയും കുറിച്ച് സംസാരിക്കുന്നതിന് പോലും വിലക്കേര്‍പ്പെടുത്തുകയുണ്ടായി.
എ കെ എസ് നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ അഭിപ്രായം പറയുന്നതിനോ, വിമര്‍ശനം ഉന്നയിക്കുന്നതിനോ സ്വാതന്ത്ര്യമില്ല. വിമര്‍ശനം ഉന്നയിക്കുന്നവരെ ഒറ്റപ്പെടുത്തുന്ന സമീപമാണ് പാര്‍ട്ടി നേതൃത്വത്തിന്റേത്. ആദിവാസി വിഭാഗങ്ങള്‍ക്ക് വേണ്ടി പറഞ്ഞതാണ് തനിക്ക് പാര്‍ട്ടിയിലെ വിലക്കിന് കാരണമായത്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന ഈ ഘട്ടത്തില്‍ സമ്മേളന വേദികളില്‍ എത്ര സാധാരണക്കാര്‍ പങ്കെടുക്കുന്നുവെന്ന് പരിശോധിക്കണമെന്നും, പാര്‍ട്ടിയില്‍ നിന്നും സാധാരണക്കാര്‍ അകന്നു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. എ കെ എസിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വ്യാപകമായി കുടില്‍ക്കെട്ടി ഭൂസമരങ്ങള്‍ നടത്തുന്നുണ്ട്. എന്തുകൊണ്ട് രണ്ടാം തവണ ഭരണത്തിലേറിയിട്ടും സി പി എമ്മിന് ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയുന്നില്ല. എ കെ എസ് സംസ്ഥാന പ്രസിഡന്റായ ഒ ആര്‍ കേളുവാണ് വകുപ്പുമന്ത്രി. അദ്ദേഹം വിചാരിച്ചാല്‍ ആദിവാസികളുടെ ഭൂമി പ്രശ്നം പരിഹരിക്കാന്‍ കഴിയുകയില്ലേയെന്ന് ബിജു ചോദിച്ചു. അദ്ദേഹത്തിന് ആഗ്രഹമുണ്ടെങ്കിലും അതിന് പാര്‍ട്ടി സമ്മതിക്കില്ലെന്ന് ബിജു കുറ്റപ്പെടുത്തി.
ആദിവാസി വിഭാഗങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന പണിയ, അടിയ, കാട്ടുനായ്ക്ക, ഊരാളി സമുദായങ്ങളിലെ എത്ര ആളുകളെ പാര്‍ട്ടി പരിഗണിച്ചിട്ടുണ്ട്. തന്നോടൊപ്പം പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്ക് വേദികളില്‍ മുന്തിയ പരിഗണന നല്‍കുമ്പോഴും, വേദികളിലേക്ക് ആനയിക്കുമ്പോഴും സദസിലിരുത്തി തന്നോട് ജാതിവിവേചനം കാണിക്കുകയാണ്. ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ വാഗ്ദാനം നല്‍കിയായിരുന്നു സി കെ ജാനുവിനെ സി പി എം പാര്‍ട്ടിയിലെടുത്തത്. ശബരിമല വിഷയം വന്ന സമയം സി കെ ജാനുവിനെ കൂട്ടുപിടിച്ച് വനിതാ മതിലില്‍ അണിനിരത്തി. എന്നാല്‍ പിന്നീട് സി പി എമ്മില്‍ യാതൊരു പരിഗണനയും ലഭിക്കാതെ വന്നപ്പോഴാണ് എന്‍ ഡി എ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ആദിവാസി വിഭാഗങ്ങള്‍ക്കായി പറയുന്നതാണ് തന്നെ പാര്‍ട്ടിയില്‍ വേദിയില്‍ നിന്നും വിലക്കിന് കാരണമെന്നും, വരും ദിവസങ്ങളില്‍ തനിക്കെതിരെ സി പി എം വിവിധ ആരോപണങ്ങളുമായി രംഗത്തെത്തുമെന്നും ബിജു പറഞ്ഞു.
Featured
‘ജോജുവിന്‍റെ കീച്ചിപാപ്പൻ വന്നാലും ആദർശിന്‍റെ രോമത്തില്‍ തൊടില്ല; ആദർശിന് പിന്തുണയുമായി അബിന്‍ വര്‍ക്കി
ജോജുവിനെ പോലുള്ള അൽപ്പന്മാർ എത്ര ഓലിയിട്ടാലും മുഖത്ത് നോക്കി കൈവിരൽ ചൂണ്ടി വിമർശിക്കുക തന്നെ ചെയ്യുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ.അബിൻ വർക്കി. അതിഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും സഹിച്ചേ പറ്റൂ. അതല്ല എന്നുണ്ടെങ്കിൽ നിത്യാനന്ദയെ പോലെ ജോജു സ്വന്തമായി കൈലാസ രാജ്യം ഉണ്ടാക്കി സ്വന്തം നിയമങ്ങൾ ഉണ്ടാക്കി ഏകാധിപതിയായി ജീവിക്കാം. ഈ രാജ്യത്ത് മറ്റൊന്നും നടക്കില്ലെന്നും ജോജുവിന്റെ കീച്ചിപാപ്പൻ വന്നാലും ആദർശ് എന്ന ചെറുപ്പക്കാരന്റെ രോമത്തിൽ തൊടാൻ സാധിക്കില്ലന്നും അബിൻ വർക്കി ഫേസ് ബുക്കിൽ കുറിച്ചു.
അബിൻ വർക്കിയുടെ ഫേസ് ബുക്ക് കുറിപ്പിൻ്റെ പൂർണ്ണ രൂപം
പണി എന്ന സിനിമ കണ്ടിട്ടില്ല. ആദർശ് എഴുതിയ നിരൂപണം പോലും വിവാദമായതിനുശേഷമാണ് വായിക്കുന്നത്. പക്ഷെ ഇത് രണ്ടും ആണെങ്കിലും ഒരു കാര്യം വളരെ വ്യക്തമായി പറയാം. ജോജു അല്ല ജോജുവിന്റെ കീച്ചിപാപ്പൻ വന്നാലും ആദർശ് എന്ന ചെറുപ്പക്കാരന്റെ രോമത്തിൽ തൊടാൻ സാധിക്കില്ല. അനുവദിക്കുകയും ഇല്ല.ആദർശിനെ കാലങ്ങളായി അറിയാം. അക്കാഡമിക്കലി വളരെ മികച്ച ട്രാക്ക് റെക്കോഡുള്ള പ്രിയപ്പെട്ട സുഹൃത്ത്. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ കൃത്യമായ നിലപാടുള്ള ചെറുപ്പക്കാരൻ. നിലപാടുകൾ പറയുക മാത്രമല്ല എന്തുകൊണ്ട് താൻ ആ നിലപാടെടുത്തുവെന്ന് കൃത്യമായി വിശദീകരിക്കുകയും ചെയ്യും.
അതിപ്പോ നമ്മെ അനുകൂലിക്കുകയാണെങ്കിലും പ്രതികൂലിക്കുകയാണെങ്കിലും. ചരിത്രബോധമുള്ള, നിയമ ബോധമുള്ള ജേണലിസ്റ്റ്. ഇങ്ങനെ പല വിശേഷണങ്ങൾക്കും ഉടമയായ സൗമ്യനായ ആദർശിനെ, താൻ ഇട്ട ഒരു പോസ്റ്റിന്റെ പേരിൽ ജോജുവിനെ പോലെ ഒരു സിനിമാ നടൻ നേരിട്ട് വിളിച്ച് അധിക്ഷേപിക്കുന്നുണ്ടെങ്കിൽ ഒരു കാര്യം ഉറപ്പാണ്, ജോജു തന്നെ കൊട്ടിഘോഷിക്കുന്ന ഈ ചിത്രത്തിന്റെ മികവിൽ അദ്ദേഹത്തിന് തന്നെ ഉറപ്പില്ല എന്നത്. താൻ വിമർശനങ്ങൾക്ക് അതീതനായിരിക്കും എന്ന് പറയാൻ ജോജു ഈദി അമീനോ കേരളം ഉഗാണ്ടയോ അല്ല. ജോജു എന്നല്ല ഈ രാജ്യം ഭരിക്കുന്ന ഭരണാധികാരികളെ വരെ മുഖത്ത് വിരൽ ചൂണ്ടി വിമർശിക്കാൻ അനുവദിക്കുന്ന ഭരണഘടനയും നിയമവുമുള്ള ഇന്ത്യ രാജ്യത്ത് ജോജുവിനെ പോലുള്ള അൽപ്പന്മാർ എത്ര ഓലിയിട്ടാലും മുഖത്ത് നോക്കി കൈവിരൽ ചൂണ്ടി വിമർശിക്കുക തന്നെ ചെയ്യും. അതിഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും സഹിച്ചേ പറ്റൂ. അതല്ല എന്നുണ്ടെങ്കിൽ നിത്യാനന്ദയെ പോലെ ജോജു സ്വന്തമായി കൈലാസ രാജ്യം ഉണ്ടാക്കി സ്വന്തം നിയമങ്ങൾ ഉണ്ടാക്കി ഏകാധിപതിയായി ജീവിക്കാം. ഈ രാജ്യത്ത് മറ്റൊന്നും നടക്കില്ല.. നടത്തുകയും ഇല്ല.അത് കൊണ്ട് ഷോ നിർത്തി മടങ്ങി ജീവിതത്തിലേക്ക് വരൂ..
Featured
പണം എത്തിച്ചത് കെ സുരേന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം: ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായാണ് 41.40 കോടി രൂപ കേരളത്തിലേക്ക് ഒഴുകിയത്
തൃശൂര്‍: ബിജെപി തൃശൂര്‍ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കൊടകര കുഴല്‍പ്പണ ആരോപണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആരോപണ വിധേയനായ ധര്‍മരാജന്‍ കേരളത്തില്‍ എത്തിച്ചത് ആകെ 41.40 കോടിയാണെന്നുള്ള വിവരമാണ് പുറത്തുവരുന്നത്. ക്രൈംബ്രാഞ്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായാണ് 41.40 കോടി രൂപ കേരളത്തിലേക്ക് ഒഴുകിയത്. ഇതില്‍ 14.40 കോടി കര്‍ണാടകയില്‍ നിന്ന് എത്തിച്ചതാണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇതില്‍ 33.50 കോടി തിരഞ്ഞെടുപ്പിനായി വിതരണം ചെയ്തു. 27 കോടി ഹവാല ഇടപാടുകളിലൂടെയാണ് എത്തിച്ചത്. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത് 7.90 കോടി രൂപയാണെന്നുള്ള വിവരവും ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിലുണ്ട്. കൊടകരയില്‍ 25 ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെട്ടു എന്നായിരുന്നു ധര്‍മരാജന്‍ ആദ്യം പൊലീസിന് നല്‍കിയ മൊഴി. ഇത് പിന്നീട് മൂന്നരക്കോടിയെന്ന് തിരുത്തിയിരുന്നു.
2021 ഏപ്രില്‍ നാലിന് നടന്ന സംഭവം ക്രൈംബ്രാഞ്ച് ഇ ഡിയെ അറിയിക്കുന്നത് അതേ വര്‍ഷം ജൂണ്‍ ഒന്നിനാണ്.
കൊണ്ടുവന്ന തുക എത്രയെന്ന് ധര്‍മരാജന്‍ കൃത്യമായി മൊഴി നല്‍കിയിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കവര്‍ച്ചക്കാരുടെ കുറ്റസമ്മത മൊഴി അനുസരിച്ചുള്ള തുകയും പരാതിയിലെ തുകയും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് ശേഷം നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ 41.40 കോടി രൂപ എത്തിച്ചുവെന്ന് ധര്‍മരാജന്‍ സമ്മതിച്ചു. ഇത് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി എത്തിച്ചതാണെന്നും ധര്‍മരാജന്‍ പറഞ്ഞു. കെ സുരേന്ദ്രന്‍, ബിജെപി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എം ഗണേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീശന്‍ നായര്‍ എന്നിവരുടെ നിര്‍ദേശം അനുസരിച്ചായിരുന്നു പണം എത്തിച്ചത്. പല സ്ഥലങ്ങളിലും ബിജെപി നേതാക്കള്‍ പണം കൈപ്പറ്റിയെന്നും ധര്‍മരാജന്‍ മൊഴി നല്‍കി. ധര്‍മരാജന്റെ നിര്‍ദേശമനുസരിച്ചാണ് പണമെത്തിച്ചതെന്ന് ഡ്രൈവര്‍ ഷിജിനും മൊഴി നല്‍കിയിരുന്നു.
കവര്‍ച്ച ചെയ്ത പണത്തിന്റെ ഉറവിടം കര്‍ണാടകയിലെ ബിജെപി നേതാവ് സുനില്‍ നായിക് എന്നായിരുന്നു ധര്‍മരാജന്റെ മൊഴി. തുക ബെംഗളൂരില്‍ നിന്ന് കോഴിക്കോട് വരെ പാഴ്‌സല്‍ ലോറിയിലാണ് എത്തിച്ചതെന്ന് ധര്‍മരാജന്‍ മൊഴി നല്‍കി. ബെംഗളൂരുവില്‍ നിന്ന് ഇതിനായി വിളിച്ചത് സുന്ദര്‍ലാല്‍ അഗര്‍വാളെന്ന ആളായിരുന്നുവെന്നും ധര്‍മരാജന്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ സുന്ദര്‍ലാല്‍ ഫോണ്‍ വിളിച്ചതിന്റെ രേഖകള്‍ കണ്ടെത്തിയിരുന്നു.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured2 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 week ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News2 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam3 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login