”ശിവതാണ്ഡവ”ത്തിനെതിരെ സുപ്രീംകോടതി


നിയമസഭയിലെ അക്രമ കേസില്‍ ഭരണസ്വാധീനമുപയോഗിച്ചു രക്ഷപ്പെടുവാന്‍ സര്‍ക്കാര്‍ നടത്തിയ ഹീന ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണ് സുപ്രീംകോടതി വിധി. ബജറ്റ് വില്‍പ്പന നടത്തിയെന്നും ബാര്‍ ഉടമകളില്‍ നിന്നും കൈക്കൂലി വാങ്ങിയെന്നും ആരോപിച്ചു കൊണ്ട് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ഭീകരരംഗങ്ങളായിരുന്നു അന്നത്തെ പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയില്‍ സൃഷ്ടിച്ചത്. സ്പീക്കറുടെ വേദിയില്‍ കയറി തെരുവ് തല്ലുകാരെപ്പോലെ മുണ്ടുമാടിക്കുത്തി ഇവര്‍ നടത്തിയ അക്രമം നിയമസഭാ ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്തതായിരുന്നു. ക്വട്ടേഷന്‍ സംഘത്തെപ്പോലെ സഭയില്‍ അഴിഞ്ഞാടിയ ഇടത് എം എല്‍ എമാര്‍ സ്പീക്കറുടെ വേദിയിലെ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും സ്പീക്കറുടെ കസേരയും അടിച്ചു തകര്‍ത്തു. വിചാരണക്കോടതിയെ അവഹേളിച്ചു കൊണ്ട് കേസിന് ഹാജരാകാതെ ഈ അക്രമി സംഘം അധികാര ധാര്‍ഷ്ട്യം പ്രകടിപ്പിക്കുകയായിരുന്നു. കേസ് പിന്‍വലിക്കാനുള്ള അപേക്ഷയുമായി പ്രതികള്‍ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചുവെങ്കിലും കോടതി അത് നിരസിച്ചു. പ്രതികള്‍ക്ക് നിയമത്തിന്റെ പരിരക്ഷ കിട്ടിയതുമില്ല. ഭരണഘടന വാദ്ഗാനം ചെയ്യുന്ന അവകാശങ്ങള്‍ നിയമം കൈയിലെടുക്കാനുള്ളതല്ലെന്ന് അക്രമികളെ ഓര്‍മപ്പെടുത്തുകയായിരുന്നു ഹൈക്കോടതിയും സുപ്രീംകോടതിയും.
നിയമവാഴ്ച്ച നിലനില്‍ക്കാനും ജനാധിപത്യത്തില്‍ പൗരന്‍മാര്‍ക്ക് വിശ്വാസം ഊട്ടിയുറപ്പിക്കാനും ഉതകുന്നതാണ് സുപ്രീംകോടതിയുടെയും കീഴ്‌ക്കോടതികളുടെയും നിലപാടുകള്‍. ഈ വിധി മറിച്ചായിരുന്നുവെങ്കില്‍ ഭരണഘടനയിലും തിരഞ്ഞെടുപ്പുകളിലും നിയമവാഴ്ച്ചയിലും ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുമായിരുന്നു. തങ്ങള്‍ തിരഞ്ഞെടുത്തത് തെരുവ് ഗുണ്ടകളെയായിരുന്നുവോ എന്ന് പൊതുസമൂഹം സംശയിച്ചു പോകുന്ന അക്രമദൃശ്യങ്ങളായിരുന്നു അവര്‍ നിയമസഭയില്‍ കണ്ടത്. നിയമ നിര്‍മാണ സഭയെ പേശീബലത്തിലൂടെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളാണ് അന്ന് നടന്നത്. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് സഭയുടെ ധാര്‍മികത സംരക്ഷിക്കാനുള്ള ബാധ്യതയുണ്ടെന്നുള്ള സുപ്രീംകോടതിയുടെ പരാമര്‍ശം അതീവ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. സഭയുടെ കീഴ്‌വഴക്കങ്ങളും ചട്ടങ്ങളും കൈകരുത്തുകൊണ്ട് തിരുത്തുന്നത് ആരോഗ്യകരമായ നടപടിക്രമങ്ങളല്ല. ജനങ്ങളുടെ നികുതിപ്പണം പറ്റി വേതനവും ആനുകൂല്യങ്ങളും കരസ്ഥമാക്കുന്ന ജനപ്രതിനിധികള്‍ പൊതുസ്വത്ത് നശിപ്പിക്കുകയും ആ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ചെലവിടുകയും ചെയ്യുന്നത് വിചിത്രമായ രീതിയാണ്. ഇതിനെ ജനാധിപത്യമെന്നു പറയാനാവില്ല. ഇത് അരാജകത്വമാണ്. ഇത്രയും പ്രതികൂലമായ പരാമര്‍ശങ്ങളും നടപടികളും രാജ്യത്തെ പരമോന്നത നീതിപീഠം നടത്തിയിട്ടും മന്ത്രി ശിവന്‍കുട്ടി സാങ്കേതികത്വം പറഞ്ഞു അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ ശ്രമിക്കുന്നത് കേരളത്തിന് അപമാനകരമാണ്. ജോസഫ് മുണ്ടശ്ശേരിയെയും സി.എച്ച്. മുഹമ്മദ് കോയെയും പോലുള്ള മഹാരഥന്‍മാര്‍ ഇരുന്ന പദവി വഹിക്കുന്ന ശിവന്‍കുട്ടി മുണ്ടുമാടിക്കുത്തി പരിപാവനമായ ജനാധിപത്യ ശ്രീകോവിലില്‍ നടത്തിയ ശിവതാണ്ഡവം ചരിത്രത്തിന്റെ ഭാഗമാവുകയാണ്. തങ്ങളെ ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്നത് ഇത്തരം കാലമാടന്‍മാരാണെന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും തിരിച്ചറിയേണ്ടിയിരിക്കുന്നു. നേതൃഗുണങ്ങള്‍ കൊണ്ട് പാര്‍ട്ടിയുടെയും ഭരണത്തിന്റെയും തലപ്പത്ത് എത്തിയവരല്ല ഇത്തരം ജനപ്രതിനിധികള്‍. കൈക്കരുത്തിന്റെയും അധമ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെയും വെള്ളവും വളവും വലിച്ചെടുത്ത് വളര്‍ന്നവരാണിവര്‍. മേധാവിത്വവും അധീശത്വവും ജനാധിപത്യമല്ല; ഏകാധിപത്യമാണ്. ഇത്തരം ജനപ്രതിനിധികള്‍ നാടിനെ നയിക്കുന്നത് ഇത്തരം നീചമായ ശൈലിയിലേക്കും മാതൃകകളിലേക്കുമാണ്. ജനങ്ങളുടെ പേരില്‍ അധികാരം കരസ്ഥമാക്കിയവര്‍ ജനവിരുദ്ധരായി തീരുമ്പോള്‍ അവരെ തിരുത്താന്‍ നീതിന്യായ കോടതികള്‍ക്കും ജനകീയ കോടതികള്‍ക്കും അധികാരവും അവകാശവുമുണ്ട്. പിന്നാലെ വരുന്നവര്‍ക്ക് പിന്തുടരാന്‍ ചെളിനിറഞ്ഞ വഴികളാണ് ഇവര്‍ സൃഷ്ടിക്കുന്നതെങ്കില്‍ കാലം അവരെ ആ ചെളിയില്‍ തന്നെ പൂഴ്ത്തും. കളി നിയന്ത്രിക്കുന്ന അമ്പയര്‍മാര്‍ ശരിയായ രീതിയില്‍ കളി നിയന്ത്രിച്ചിരുന്നുവെങ്കില്‍ രണ്ട് മാസം കൊണ്ട് ഈ സര്‍ക്കാരിന്റെ രണ്ട് വിക്കറ്റ് തെറിക്കുമായിരുന്നു.

Related posts

Leave a Comment