രാജിക്കൊരുങ്ങി അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി .

കാബൂൾ: താലിബാൻ അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ച സാഹചര്യത്തിൽ അധികാരകൈമാറ്റം ഉടനുണ്ടായേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപോർട് ചെയ്യുന്നു. നഗരത്തിലേക്കു താലിബാൻ പ്രവേശിച്ചതോടെ യുഎസ് എംബസിയിൽ നിന്നു നയതന്ത്ര പ്രതിനിധികളെ ഹെലികോപ്ടർ മാർഗം രക്ഷപ്പെടുത്തിയതായി അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. നഗരത്തിന്റെ നാലുപാടും താലിബാൻ വളഞ്ഞിരിക്കുകയാണെന്നു മന്ത്രിസഭയിലെ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ റോയിടേഴ്‌സിനോടു പ്രതികരിച്ചു.

കാബൂളിന്റെ പല സ്ഥലങ്ങളിൽനിന്നും വെടിയൊച്ചകൾ കേട്ടെന്നും രാജ്യാന്തര പങ്കാളികൾക്കൊപ്പം നിലയുറപ്പിക്കുന്ന സുരക്ഷാ സേനയ്ക്കുതന്നെയാണു നഗരത്തിന്റെ നിയന്ത്രണമെന്നും അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു. അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജിവെക്കും. അഫ്ഗാൻ മുൻ ആഭ്യന്തരമന്ത്രി അലി അഹമദ് ജലാലി ഇടക്കാല സർകാർ പ്രസിഡന്റ് ആവുമെന്നാണ് സൂചനകൾ. അഫ്ഗാനിൽ അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്ന് അഫ്ഗാൻ ആഭ്യന്തരമന്ത്രി അബ്ദുൽ സതാർ മിർസാക് വൽ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ജനങ്ങൾ പരിഭ്രാന്തരാവരുതെന്നും കാബൂൾ നഗരത്തിൽ ആക്രമണങ്ങൾ നടക്കില്ലെന്നും സമാധാനപരമായി ഇടക്കാല സർകാരിന് അധികാരം കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. വിഡിയോ രൂപത്തിലാണ് ആഭ്യന്തരമന്ത്രിയുടെ സന്ദേശം പുറത്തുവന്നിരിക്കുന്നത്.

Related posts

Leave a Comment