അഡ്വ. ടി സിദ്ദിഖ് എം എല്‍ എ ഇടപെട്ടു; വെള്ളപ്പന്‍കണ്ടിയിലെ ഗോത്ര വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റൽ ക്ലാസ് മുറിയായി

മേപ്പാടി: കരുതലും കൈത്താങ്ങുമായി, അഡ്വ. ടി സിദ്ദിഖ് എം എൽ എ എത്തിയപ്പോൾ വെള്ളപ്പൻകണ്ടിയിലെ ഗോത്രജീവിതങ്ങൾക്ക് ഇനി പുതുവെളിച്ചം. അധ്യയനം ആരംഭിച്ച് ഒരു മാസം പിന്നിട്ടിട്ടും ഓൺലൈൻ പഠനത്തിന് ആവശ്യമായ വൈദ്യുതിയും ടിവിയും കേബിൾ കണക്ഷനടക്കമുള്ള ഒരു സംവിധാനവും ഇവിടെയുണ്ടായിരുന്നില്ല. എന്നാൽ വിവരം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അഡ്വ. ടി സിദ്ദിഖ് എം എൽ എയുടെ നേതൃത്വത്തിൽ ഒരു കൂട്ടമാളുകൾ കൈകോർത്തതോടെ അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയായിരുന്നു. കോളനിയിൽ നടന്ന ലളിതമായ ചടങ്ങിൽ ഡിജിറ്റൽ പഠനമുറിയുടെ ഉദ്ഘാടനവും, ഫുഡ് സപ്പോർട്ട് പദ്ധതിയുടെ നിയോജകമണ്ഡലതല ഉദ്ഘാടനവും, പഠനോപകരണ വിതരണവും എം എൽ എ നിർവഹിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ കള്ളാടി പ്രദേശത്ത് എട്ടാം വാർഡിൽ പശ്ചിമഘട്ട മലനിരകളിലെ വനമേഖലയിൽപ്പെടുന്ന സ്ഥലമാണ് വെള്ളപ്പൻകണ്ടി. മേപ്പാടി ടൗണിൽ നിന്നും ചൂരൽമല റോഡിലൂടെ 10 കിലോ മീറ്ററോളം റോഡും, വനപാതകളും കടന്നുവേണം ഈ വനഗ്രാമത്തിലെത്താൻ. മുത്തങ്ങ ഭൂസമരത്തിൽ പങ്കെടുത്ത ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്കായി പതിച്ച് നൽകിയ പ്രദേശമാണ് വെള്ളപ്പൻകണ്ടി. പശ്ചിമഘട്ട മലനിരകൾക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് അടിസ്ഥാനസൗകര്യത്തിന്റെ അഭാവം വലിയൊരു പ്രശ്‌നം തന്നെയായിരുന്നു. 17 കുടുംബങ്ങളാണ് ഇവിടെ താമസിച്ചുവരുന്നത്. പഠിക്കാൻ അതിയായ ആഗ്രമുണ്ടായിട്ടും വൈദ്യുതിയും, ഓൺലൈൻ പഠനസൗകര്യവുമില്ലാത്തതിനാൽ ഇവിടുത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം കിട്ടാക്കനിയായിരുന്നു. ഐ റ്റി ടി പി ഓഫീസറായ ചെറിയാനാണ് വെള്ളപ്പൻകണ്ടി കോളനിയിലെ ഈ വിഷയം ആദ്യമായി ടി സിദ്ദിഖ് എം എൽ എയുടെ ശ്രദ്ധയിൽപ്പെടുത്തുന്നത്. വിഷയത്തിന്റെ ഗൗരവം മനസിലാക്കി എം. എൽ.എ അടിയന്തിരമായി ഇടപെടുകയായിരുന്നു. എം എൽ എ ഹെൽപ് ഡെസ്‌ക്കിന്റെ നേതൃത്വത്തിൽ അടിയന്തരമായി ഓൺലൈൻ പഠനത്തിന് ആവശ്യമായ സാധനസാമഗ്രികൾ സമാഹരിക്കുകയായിരുന്നു. സ്മാർട്ട് ടി വി, സോളാർ സിസ്റ്റം, ഡിഷ് ടി വി, മറ്റു അനുബന്ധ സൗകര്യങ്ങളെല്ലാം ഹെൽപ്ഡെസ്‌ക്ക് ക്രമീകരിച്ചു. കോളേജ് അധ്യാപക സംഘടന കെ പി സി ടി എയുടെ മുട്ടിൽ ഡബ്ല്യു എം ഒ കോളേജ് യൂണിറ്റ് ആവശ്യമായ സോളാർ സംവിധാനം ഒരുക്കാൻ സന്നദ്ധരായി. എം എൽ എയുടെ പ്രവാസി സുഹൃത്ത് എൽ ഇ ഡി ടെലിവിഷനും, കൽപ്പറ്റ റോട്ടറി ക്ലബ്ബ് ഡിഷ് ടി വിയും നൽകിയതോടെ വെള്ളപ്പൻകണ്ടിയിൽ ഡിജിറ്റൽ പഠനമുറി എന്ന സ്വപ്‌നം യാഥാർത്ഥ്യമാവുകയായിരുന്നു. കോളനിയിലെ മറ്റ് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ഒരാഴ്ചക്കകം യോഗം വിളിക്കാനും പട്ടികവർഗ വകുപ്പ് ഉദ്യോഗസ്ഥർക്ക് എം എൽ എ നിർദേശം നൽകുകയും ചെയ്തു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ് ചടങ്ങിൽ അധ്യക്ഷയായിരുന്നു. ഐ ടി ഡി പി പ്രൊജക്ട് ഓഫീസർ കെ സി ചെറിയാൻ, മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റംല ഹംസ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ രാജു ഹെജമാഡി, അബ്ദുൾ അസീസ്, സുനീറ മുഹമ്മദ് റാഫി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അരുൺദേവ്, രാഘവൻ അരുണമല, വാർഡ് മെമ്പർ മിനികുമാർ, നൂറുദ്ദീൻ എൻ സുകുമാരൻ, ഊരുമൂപ്പൻ കുറുക്കൻ എന്നിവർ സംബന്ധിച്ചു.

Related posts

Leave a Comment