മാധ്യമ പ്രവര്‍ത്തകരുമായുണ്ടായ അനിഷ്ട സംഭവം : നടപടിയെടുത്ത് കോൺഗ്രസ്

കോഴിക്കോട്: സ്വകാര്യ ഹോട്ടലില്‍നടന്ന നെഹ്‌റു അനുസ്മരണ പരിപാടിയുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അനിഷ്ട സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ ഡിസിസി നിയോഗിച്ച രണ്ടംഗ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിച്ചു.മുതിര്‍ന്ന നേതാക്കളായ മുന്‍ കെപിസിസി നിര്‍വാഹക സമിതി അംഗം സിവി കുഞ്ഞികൃഷ്ണന്‍, ജോണ്‍ പൂതക്കുഴി എന്നിവരടങ്ങിയ അന്വേഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെയും ഡിസിസിയുടെ ശുപാര്‍ശയുടെയും അടിസ്ഥാനത്തില്‍ കെപിസിസി പ്രസിഡന്റാണ് നടപടി സ്വീകരിച്ചതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍ അറിയിച്ചു.

13ന് നടന്ന യോഗത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ പ്രവൃത്തികള്‍ സംഘടനയുടെ സംസ്‌കാരത്തിന് യോജിച്ചതല്ല. മുന്‍ മാങ്കാവ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജി സി പ്രശാന്ത് കുമാര്‍, അരക്കിണര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജീവന്‍ തിരുവച്ചിറ എന്നിവരെ പാര്‍ട്ടിയില്‍നിന്നും സസ്‌പെന്റ് ചെയ്യും.സംഭവത്തില്‍ ജാഗ്രത കുറവ് കാണിച്ച ഫറോക്ക് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുരേഷ് കീച്ചമ്പ്രയെ പരസ്യമായി താക്കീത് ചെയ്യും. യോഗസ്ഥലത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ നിയന്ത്രിക്കുന്നതില്‍ വീഴ്ച വന്നതിന് മുന്‍ ഡിസിസി പ്രസിഡന്റ് യു രാജീവന്‍ മാസ്റ്റര്‍ മാധ്യമങ്ങളിലൂടെ പരസ്യമായ ഖേദപ്രകടനം നടത്തും.അഞ്ച് ദിവസം കൊണ്ട് റിപ്പോര്‍ട്ട് നല്‍കുവാനായിരുന്നു നിര്‍ദ്ദേശമെങ്കിലും മാധ്യമ പ്രവര്‍ത്തകരില്‍നിന്നും യോഗത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളില്‍നിന്നും പ്രസ്സ് ക്ലബ്ബ് ഭാരവാഹികളില്‍നിന്നും മൊഴികളെടുത്ത് വിശദമായ റിപ്പോര്‍ട്ട് നാലാം ദിവസം തന്നെ സമര്‍പ്പിച്ച് നടപടി സ്വീകരിക്കുകയായിരുന്നു.

Related posts

Leave a Comment