ദത്ത് വിവാദം ; കുഞ്ഞിനെ കേരളത്തിലേക്ക് തിരിച്ചെത്തിക്കാൻ ഉദ്യോഗസ്ഥസംഘം ആന്ധ്രയിലേക്ക്

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ കുഞ്ഞിനെ കേരളത്തിലേക്ക് തിരിച്ചെത്തിക്കാൻ നാലംഗ ഉദ്യോഗസ്ഥസംഘം ആന്ധ്രാപ്രദേശിലേക്ക് തിരിച്ചു. അതീവ രഹസ്യമായി രാവിലെ 6.10 നുള്ള ഇൻഡിഗോ വിമാനത്തിലാണ് സംഘം തിരിച്ചത്. പുലർച്ചെ 4.15 ഓടെ മൂന്നംഗ പൊലീസുദ്യോഗസ്ഥ സംഘം സ്വകാര്യ വാഹനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുകയായിരുന്നു. പിന്നാലെ ശിശുക്ഷേമ സമിതിയിലെ ജീവനക്കാരിയുമെത്തി. ഔദ്യോ​ഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലായിരുന്നു നാലുപേരും എത്തിയത്. തിരിച്ചറിയാതിരിക്കാൻ നാലുപേരും വെവ്വേറെയായാണ് ടിക്കറ്റെടുത്ത്.

മടങ്ങി വരവിനുള്ള ടിക്കറ്റ് ആന്ധ്രാപ്രദേശ് ദമ്പതികളുടെ വീട്ടിലെ സാഹചര്യം കൂടി നോക്കിയായിരിക്കും ബുക്ക് ചെയ്യുക. കേരളത്തിൽ നിന്ന് ഉദ്യോഗസ്ഥ സംഘമെത്തുന്ന വിവരം നേരത്തെ തന്നെ ദമ്പതികളെ അറിയിച്ചിരുന്നു. ഇന്ന് തിരിച്ചുവരാൻ കഴിഞ്ഞില്ലെങ്കിൽ നാളെ കുഞ്ഞിനെയും കൊണ്ട് ഉദ്യോഗസ്ഥസംഘം കേരളത്തിലെത്തും. കു‍ഞ്ഞ് തിരുവനന്തപുരത്ത് എത്തിയാൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കാണ് സംരക്ഷണ ചുമതല. വൈകാതെ തന്നെ അനുപമയുടെയും അജിത്തിൻറെയും കു‍ഞ്ഞിൻറെയും ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിക്കും. രണ്ട് ദിവസത്തിനകം ഡിഎൻഎ പരിശോധന നടത്തുന്ന രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോടെക്നോളജിയിൽ ഫലം വരും. ഫലം പോസിറ്റീവായാൽ ചൈൽഡ് വെൽഫയർ കമ്മിറ്റി കുഞ്ഞിനെ വിട്ടുകൊടുക്കുന്ന നടപടിയിലേക്ക് കടക്കും.

Related posts

Leave a Comment