സ്വയംവരം – കഥാപുരുഷന്റെ കൊടിയേറ്റം കണ്ട അരനൂറ്റാണ്ട് ; അടൂരിന് ആദരം

തിരുവനന്തപുരം: ചലച്ചിത്രരംഗത്ത് അരനൂറ്റാണ്ട് പൂർത്തിയാക്കുന്ന അടൂർ ​ഗോപാലകൃഷ്ണന് തിരുവനന്തപുരം പ്രസ്‌ക്ലബ് നൽകിയ സ്വയംവരം – കഥാപുരുഷന്റെ കൊടിയേറ്റം കണ്ട അരനൂറ്റാണ്ട് എന്ന ആദരചടങ്ങ് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു. പാരമ്പര്യസിനിമാ രീതിയിൽ നിന്നുമാറി അടൂർ സൃഷ്ടിച്ച നവപ്രസ്ഥാനത്തിന് ആധികാരികമായ വിലയിരുത്തൽ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്തുതിപാഠകരല്ല വിമർശകരാണ് വേണ്ടത്. കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരം മനുഷ്യബന്ധങ്ങളെ ബാധിക്കരുത്. എതിർക്കുന്നവരെ മാനിക്കാൻ പഠിക്കുന്നതാണ് ജനാധിപത്യത്തിന്റെ ധർമമെന്നും പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു.
എം.ടി. വാസുദേവൻ നായർ അക്ഷരസ്വരൂപവും അടൂർ ​ഗോപാലകൃഷ്ണൻ ദർശനസ്വരൂപവുമാണെന്ന് കവി പ്രൊഫ.വി. മധുസൂദനൻനായർ പറഞ്ഞു. അദ്ദേഹത്തിന്റെ ഉള്ളിൽ സമ്പൂർണ മലയാളിയായ ഒരു വിസ്മയപുരുഷനുണ്ട്. മലയാളത്തിന്റെ ഉന്നമനത്തിനായി ഉറക്കമിളയ്ക്കുന്ന അടൂരിനെ ഗുരുവായി കാണുന്നുവെന്നും മധുസൂദനൻനായർ പറഞ്ഞു.
കാരണമറിയില്ലെങ്കിലും ജീവിതത്തിൽ ഒരുപാട് ശത്രുത നേടിയിട്ടുള്ളയാളാണു താനെന്ന് അടൂർ ഗോപാലകൃഷ്ണൻ. അവാർഡ് കിട്ടുമ്പോഴാണ് എതിർപ്പ് പ്രത്യക്ഷമാകുന്നത്. കോൺഗ്രസുകാർ ശത്രുവായി അടയാളപ്പെടുത്തിയിട്ടില്ല. ഇപ്പോൾ അങ്ങനെയല്ല. ശത്രുത എന്നെ കൂടുതൽ ബലവാനാക്കുമെന്നും അടൂർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
പ്രതിരോധം നേരിട്ടാണ് സിനിമയെടുക്കുന്നത്. ചിലപ്പോൾ കേരളത്തിലല്ലെങ്കിൽ ഡൽഹിയിൽ അവാർഡ് കിട്ടും. ഇപ്പോൾ ഡൽഹിയിലും കിട്ടുകയില്ല. സിനിമാസംബന്ധമായ കേന്ദ്രസർക്കാരിന്റെ ചില തീരുമാനങ്ങളിലെ തെറ്റ് ചൂണ്ടിക്കാണിച്ചിരുന്നു. അടൂരിനെ സൂക്ഷിക്കണമെന്ന നിർദ്ദേശമാണ് ഉണ്ടായത്. സിനിമാരംഗത്ത് ജീവിക്കുന്ന വ്യക്തി സിനിമയെക്കുറിച്ചാണ് പറയുന്നതെന്ന് കരുതുന്നില്ല. ഭരിക്കുന്ന പാർട്ടിയുടെ തീരുമാനം നടപ്പാക്കുന്നതല്ല ജനാധിപത്യം. പ്രതിപക്ഷത്തിന്റെ അഭിപ്രായം കൂടി കണക്കാക്കണം. സിനിമ വളരെ മോശമായ അവസ്ഥയിലാണ്. ഒത്തുതീർപ്പുകൾക്ക് തയ്യാറായില്ലെങ്കിൽ സർഗാത്മക പ്രതിസന്ധിയിലാകും. അടുത്ത സിനിമ ഉണ്ടോയെന്ന് അറിയില്ലെന്നും അടൂർ പറഞ്ഞു.
പ്രസ്‌ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, പിരപ്പൻകോട് മുരളി, എം.എൽ.എമാരായ ഡോ.എം.കെ.മുനീർ, പി.സി. വിഷ്ണുനാഥ്, ജോർണലിസം ഇൻസ്റ്റിട്യൂട്ട് ഡയറക്ടർ സിബി കാട്ടാമ്പള്ളി, പ്രസ് ക്ലബ് ഭാരവാഹികളായ എച്ച്. ഹണി, ടി.ബി. ലാൽ, ലക്ഷ്മി മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.

Related posts

Leave a Comment