വയോധികനെ സുഹൃത്തുക്കള്‍ മര്‍ദ്ദിച്ച് ഇരുമ്പ് കോണിക്കൂട്ടില്‍ ഉപേക്ഷിച്ചു


വളാഞ്ചേരി : പുത്തനത്താണിയില്‍ വയോധികന് സുഹൃത്തുക്കളില്‍ നിന്ന് ക്രൂര മര്‍ദ്ദനം. കല്‍പകഞ്ചേരി കല്ലിങ്ങല്‍ സ്വദേശി മണ്ണാറത്തൊടി ആലികുട്ടിയാണ്, ഗുരുതര മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. മര്‍ദ്ദിച്ച് അവശനാക്കി ഇരുമ്പ് കമ്പികള്‍ക്കുള്ളില്‍ ഉപേക്ഷിച്ചു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആലിക്കുട്ടിയെ സുഹൃത്തുക്കള്‍ ഒരു കെട്ടിടത്തിലേക്ക് വിളിച്ച് വരുത്തി. ഇവിടെയെത്തിയ തന്നെ മൂന്ന് പേര്‍ ചേര്‍ന്ന് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയെന്നാണ് ആലിക്കുട്ടി പൊലീസിന് നല്‍കിയ മൊഴി. അടികൊണ്ട് നിലത്ത് വീണ ആലിക്കുട്ടിയെ ഇവര്‍ നെഞ്ചിലും മുഖത്തും ചവിട്ടി. ആക്രമണം ശക്തമായതോടെ തളര്‍ന്നു പോയ ആലിക്കുട്ടിയെ നിലത്തിട്ട് വലിച്ച് സമീപത്തെ ഇരുമ്പ് കോണിക്കുള്ളിലേക്ക് ചവിട്ടി താഴ്ത്തി. അനങ്ങാന്‍ കഴിയാതെ കുടുങ്ങിപ്പോയ ആലിക്കുട്ടിയെ ഉപേക്ഷിച്ച് സംഘം മടങ്ങി. പിറ്റേന്ന് രാവിലെ സ്ഥലത്തെത്തിയ ആളുകള്‍ കണ്ടാണ് വിവരം പുറത്തറിഞ്ഞത്.കഴുത്തില്‍ ഗുരുതരമായി മുറിവേറ്റ ആലിക്കുട്ടി വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മുന്‍ വൈരാഗ്യം കാരണം, സുഹൃത്തുക്കളാണ് തന്നെ മര്‍ദിച്ചതെന്ന് ആലിക്കുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചത് പ്രകാരം കല്‍പകഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts

Leave a Comment