പാർലമെന്റ് സമ്മേളനം തുടങ്ങി, മിനിമം താങ്ങുവില നിയമമാക്കാൻ കോൺ​ഗ്രസ് നോട്ടീസ്

ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനു തുടക്കമായി. സർക്കാരിനെ മുട്ടുകുത്തിച്ച കർഷക സമ‌രത്തിന്റെ പശ്ചാത്തലത്തിൽ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള നടപടികൾക്കു സഭാ സമ്മേളനം തുടക്കം കുറിച്ചു. ഇന്നു ലോക്സഭയിൽ ഇതു സംബന്ധിച്ച ബിൽ കൊണ്ടുവരും. ചോദ്യോത്തര വേള നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ലോക്സഭയിലെ കോൺ​ഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച നോട്ടീസ് അദ്ദേഹം സ്പീക്കർക്ക് നൽകി. മുഴുവൻ കാർ‌ഷികോത്പന്നങ്ങൾക്കും മിനിമം താങ്ങുവില ഏർപ്പെടുത്തണമെന്നും അതിന് നിയമപരമായ സംരക്ഷണം ഉറപ്പാക്കണമെന്നുമാണ് കോൺ​ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രക്ഷോഭത്തിലുള്ള കർഷകരുടെ ഏറ്റവും പ്രധാന ആവശ്യവും ഇതുതന്നെ.
മിക്ക ഉത്പന്നങ്ങൾക്കും മിനിമം താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കർഷകർക്ക് ന്യായവില ലഭിക്കുന്നില്ല. ഉത്പാദനത്തിന് ആനുപാതികമായ വില ഉറപ്പാക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഇതു സംബന്ധിച്ച് ഡ‍ോ. എം.എസ് സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നും കർഷകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു. ഉത്പന്നങ്ങളുടെ മിനിമം സപ്പോർട്ട് വില (എംഎസ്പി)യ്ക്കു നിയമപരമായ പിൻബലം ഉറപ്പാക്കുന്നതു വരെ സമരത്തിൽ നിന്നു പിന്തിരിയില്ലെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ മുന്നറിയിപ്പ്.

Related posts

Leave a Comment