‘ദിലീപ് ഫോൺ കൈമാറണം’: ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിന് തിരിച്ചടി. കേസിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ട ഫോൺ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കണമെന്ന് ജസ്റ്റിസ് പി ഗോപിനാഥ് ഉത്തരവിട്ടു. ഫോൺ മുംബൈയിലാണെന്ന് ദിലീപിന്റെ അഭിഭാഷകൻ അറിയിച്ചെങ്കിലും കൂടുതൽ ദിവസം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി രജിസ്ട്രാർ ജനറലിനാണ് ഫോൺ കൈമാറേണ്ടത്. ഫോൺ പ്രധാനപ്പെട്ട തെളിവാണെന്നും അതു ലഭിക്കേണ്ടത് അന്വേഷണത്തിന് ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഫോൺ തന്റെ സ്വകാര്യതയാണ് എന്നും സ്വന്തം നിലയിൽ ഫോറൻസിക് പരിശോധനയ്ക്ക് അയക്കാമെന്നും കോടതിയെ ദിലീപിന്റെ അഭിഭാഷകൻ അറിയിച്ചെങ്കിലും കോടതി അനുവദിച്ചില്ല.

പ്രതികളെല്ലാം ഒറ്റയടിക്ക് ഫോൺ മാറ്റിയത് ഗൂഢാലോചനയ്ക്ക് തെളിവാണെന്നാണ് പ്രോസിക്യൂഷൻ വാദം. മുൻകൂർ ജാമ്യാപേക്ഷ ഫോണിന്റെ കാര്യത്തിൽ തീരുമാനമായതിന് ശേഷം പരിഗണിക്കാമെന്നും കോടതി പറഞ്ഞു. സ്വന്തം നിലയിൽ ഫോൺ പരിശോധനക്കയച്ചത് ശരിയായ നടപടിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് പി ഗോപിനാഥാണ് പ്രത്യേക സിറ്റിങ്ങായി ഹർജി പരിഗണിക്കുന്നത്. ദിലീപിനായി അഡ്വ. ബി രാമൻപിള്ളയാണ് കോടതിയിൽ ഹാജരാകുന്നത്.

പോലീസുകാരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ ദിലീപ് ഹൈക്കോടതിയിൽ മറുപടി ഫയൽ ചെയ്തു. ദിലീപിന് ഫോൺ കൈവശം വെക്കാൻ അവകാശമില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. 2017 ൽ എംജി റോഡിൽ ദിലീപ് ഉൾപ്പെടെ മൂന്ന് പ്രതികൾ ഗൂഢാലോചന നടത്തി. പ്രതികളെല്ലാം ഒറ്റയടിക്ക് ഫോൺ മാറ്റിയത് ഗൂഢാലോചനയ്ക്ക് തെളിവാണ്. പോലീസിൻറെ ഫോറൻസിക് ലാബിൽ വിശ്വാസമില്ലെന്നും സർക്കാരിൻറെ സ്വാധീനം ഇവർക്കുണ്ടാകുമെന്നും ദിലീപിൻറെ അഭിഭാഷകൻ വാദിച്ചു.

ദിലീപ് ഫോൺ കോടതിക്ക് കൈമാറണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സ്വന്തം നിലയ്ക്ക് പരിശോധിപ്പിക്കാം എന്ന ദിലീപിൻറെ വാദം കോടതി ഖണ്ഡിച്ചു. കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്ത ഏജൻസികൾക്ക് മാത്രമാണ് ഇതിന് അധികാരമുള്ളതെന്ന് കോടതി വ്യക്തമാക്കി. അല്ലാത്ത ഫലം തെളിവ് നിയമപ്രകാരം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോണുകൾ കേരളത്തിന് പുറത്തേക്ക് കടത്തിയെന്നാണ് അന്വേഷണം സംഘം പറയുന്നത്. ദിലീപ്, അനിയൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരുടെ മൊബൈൽ ഫോണിൻറെ ഐ.എം.ഇ.ഐ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് ഈ മൂന്ന് ഫോണുകളും സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. ഗൂഢാലോചന കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഫോണുകൾ മാറ്റിയതെന്നും അന്വേഷണസംഘം പറയുന്നു.

Related posts

Leave a Comment