നടിയെ ആക്രമിച്ച കേസ്: പ്രോസിക്യൂഷന് തിരിച്ചടി, ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജി വിചാരണക്കോടതി തള്ളി. ഹർജി തള്ളുകയാണെന്ന് മാത്രമാണ് കോടതിയുടെ ഉത്തരവിലുള്ളത്. വിശദാംശങ്ങൾ പിന്നീട് അറിയിക്കും. നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യം പ്രോസിക്യൂഷൻ ഉന്നയിച്ചത്. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമംനടന്നത് ഗൗരവത്തോടെ കാണണമെന്നും ചൂണ്ടിക്കാട്ടി. ദിലീപ് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നും പ്രോസിക്യൂഷൻ വാദിച്ചു. മൊബൈൽ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതിന്റെ വിശദാംശങ്ങളടക്കം പ്രോസിക്യൂഷൻ കോടതിയിൽ നൽകിയിരുന്നു.അതേസമയം, അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേ ഗൂഢാലോചന എന്നതുൾപ്പെടെയുള്ള വാദങ്ങൾ കെട്ടിച്ചമച്ചതാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് തെളിവില്ലെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു.

Related posts

Leave a Comment