മൊബൈൽ ഫോണിലൊരുങ്ങിയ നടികർ തിലകം ; വൈറലായി മറ്റൊരു ഡാവിഞ്ചി ചിത്രം

തൃശൂർ: അറുന്നൂറ് മൊബൈൽ ഫോണുകൾ തറയിൽ നിരത്തി മലയാളികളുടെ സ്വന്തം മെഗാസ്റ്റാർ മമ്മൂക്കയുടെ ചിത്രം. കൊടുങ്ങല്ലൂരിലെ ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷിൻ്റെ കരവിരുതാണിത്. മമ്മൂട്ടി സിനിമയിൽ അമ്പതു വർഷം പൂർത്തിയാക്കിയതും സെപ്റ്റംബർ
ഏഴിനു മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ചുമാണ് അദ്ദേഹത്തിന് ആദരമായി ‘മൊബൈൽ ഫോൺ’ ചിത്രരചന.കൊടുങ്ങല്ലൂർ എം ടെൽ മൊബൈൽസിൻറെ ഉടമസ്ഥനായ അനസിൻറെ മൂന്നു ഷോപ്പുകളിൽ നിന്നെടുത്ത അറുന്നൂറ് മൊബൈൽ ഫോണുകളും ആറായിരം മൊബൈൽ അക്സസറീസും ഉപയോഗിച്ചാണ് സുരേഷ് ഇരുപതടി വലുപ്പമുള്ള മമ്മൂട്ടി ചിത്രം ഉണ്ടാക്കിയത്. കൊടുങ്ങല്ലൂർ ദർബാർ കൺവെൻഷൻ സെൻററിലെ ബാബുക്കയുടെ സഹകരണത്തോടെ ഹാളിനുള്ളിലാണ് ചിത്രമൊരുങ്ങിയത്.

വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വസ്തുവായ മൊബൈൽ ഫോൺ ചിത്രമാക്കി മാറ്റാൻ പത്തു മണിക്കൂർ സമയമെടുത്തതായി സുരേഷ് പറഞ്ഞു. പൂർണ്ണമാകണമെങ്കിൽ പല നിറങ്ങളും നൽകണം.ഇതിനായി പൗച്ചുകൾ, സ്ക്രീൻ ഗാഡ്, ഡാറ്റാ കേബിൾ, ഇയർഫോൺ ചാർജർ തുടങ്ങിയ മൊബൈൽ അനുബന്ധ സാമഗ്രികളും ഉപയോഗിച്ചിട്ടുണ്ട്. ക്യാമറാമാൻ സിംബാദും ഫെബിയും റിയാസും എം ടെൽ മോബൈൽസിലെ ജീവനക്കാരായ അംഷിത്, ഫൈസൽ , സാദിക്ക്, റമീസ്, തൊയിബ്എന്നിവരും സഹായത്തിനുണ്ടായിരുന്നു.

നൂറു മീഡിയത്തിൽ ചിത്രങ്ങളൊരുക്കുക എന്ന ലക്ഷ്യത്തോടെ ഡാവിഞ്ചി സുരേഷ് ചെയ്യുന്ന എഴുപത്തി അഞ്ചാമത്തെ മീഡിയമാണ് മൊബൈൽ ഫോൺ. സ്പോട്സ് ഉപകരണങ്ങൾ കൊണ്ട് മെസ്സിയുടെചിത്രവും മാളിലെ കടകളിൽ നിന്നുള്ള സാധനങ്ങൾ കൊണ്ട് വ്യവസായി എം.എ.യൂസഫലിയുടെ ചിത്രവും സുരേഷ് ഒരുക്കിയിരുന്നു.

Related posts

Leave a Comment