നെഹ്റുവിനെ ഒഴിവാക്കിയ നടപടി; മോദിയുടെ ദുർനടപടികളുടെ തുടർച്ചയെന്ന് സുധീരൻ

തിരുവനന്തപുരം : സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷ പരിപാടിയിലെ പോസ്റ്ററിൽ നിന്നും മഹത്തായ സ്വാതന്ത്ര്യ സമരത്തിൽ മഹാത്മാഗാന്ധിയുടെ വലംകയ്യായി നേതൃതലത്തിൽ പ്രവർത്തിച്ച രാഷ്ട്രശില്പിയും പ്രഥമ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹർലാൽനെഹ്റുവിനെ ഒഴിവാക്കിയ ചരിത്ര കൗൺസിൽ നടപടി വർഗീയഭീകരതയും ജനദ്രോഹവും കോർപ്പറേറ്റ് ചങ്ങാത്തവും മുഖമുദ്രയാക്കിയ മോദി സർക്കാരിൻ്റെ കീഴിൽ നടന്നുവരുന്ന തലതിരിഞ്ഞ ദുർനടപടികളുടെ തുടർച്ചയാണെന്ന് കോൺഗ്രസ് നേതാവ് വിഎം സുധീരൻ.
ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി കൊടുത്ത് ജയിൽ മോചിതനായ വി.ഡി സവർക്കറെ ഉൾപ്പെടുത്തുകയും സ്വാതന്ത്ര്യ സമരത്തിൻ്റെയും ജനാധിപത്യ-മതേതര മൂല്യങ്ങളുടെയും ഉജ്ജ്വല പ്രതീകവുമായ ലോകാരാധ്യനായ നെഹ്റുവിനെ ഒഴിവാക്കുകയും ചെയ്ത തീർത്തും അപലപനീയവും പ്രതിഷേധാർഹവുമായ മോഡി സർക്കാരിൻ്റെ ഈ  ദുഷ്ചെയ്തി ലോകത്തിനു മുന്നിൽ ഇന്ത്യയെ നാണം കെടുത്തുന്നതും പരിഹാസ്യമാക്കുന്നതുമാണ്.
സർവ്വ തലത്തിലും പരാജിതരാകുകയും പൊതുസമ്പത്ത് തന്നെ വിറ്റു തുലയ്ക്കുന്ന രാജ്യദ്രോഹനടപടിയുമായി മുന്നോട്ടുപോകുകയും ചെയ്യുന്ന മോഡി സർക്കാർ  തങ്ങൾക്ക് നേരെ ഉയർന്ന പ്രതിഷേധത്തിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് ശ്രമമാണ് ഇതിലൂടെയെല്ലാം നടത്തുന്നത്-സുധീരൻ ചൂണ്ടിക്കാട്ടി.

Related posts

Leave a Comment