ഫോണിലൂടെ അശ്ലീലം: എൽസി സെക്രട്ടറിക്കെതിരേ പരാതി പറഞ്ഞ ദമ്പതികളെ സിപിഎം പുറത്താക്കി

കായംകുളം: വനിതാ നേതാവിനെ ഫോണിൽ വിളിച്ച് അശ്ലീലം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരേ പരാതി പറഞ്ഞതിനു പാർട്ടി അം​ഗങ്ങളായ ദമ്പതികളെ പുറത്താക്കി സിപിഎം. കായംകുളം എരുവ ലോക്കൽ കമ്മിറ്റിയിലാണ് വിവാദം കൊഴുക്കുന്നത്. നടപടികളെത്തുടർന്ന് രണ്ട് ​ഗ്രൂപ്പുകളായി തിരിഞ്ഞ് സിപിഎം ലോക്കൽ കമ്മിറ്റിയിൽ കലാപം.
കഴിഞ്ഞ ഒക്റ്റോബറിലാണ് സംഭവങ്ങൾക്കു തുടക്കം. ഇപ്പോഴാണു പരാതികളും നടപടികളും കൊഴുത്തത്. എരുവ ലോക്കൽ കമ്മിറ്റി സെക്രട്ടറി നിസാമിനെതിരേ ജനാധിപത്യ മഹിളാ കോൺ​ഗ്രസ് കായംകുളം ഏരിയാ വൈസ് പ്രസിഡന്റ് ജാസ്മിൻ ചില പരാതികൾ ഉന്നയിച്ചിരുന്നു. ഫോണിൽ വിളിച്ച് അശ്ലീലം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു എന്നായിരുന്നു ആക്ഷേപം. ജാസ്മിനും ഭർത്താവ് മുല്ലശേരി ബ്രാഞ്ച് മുൻ സെക്രട്ടറി ഷിജാറും പരാതിയുമായി കായംകുളം ഏരിയ കമ്മിറ്റിയെ സമീപിച്ചു. തുടർന്നും ഭീഷണിയും അശ്ലീല സംഭാഷണങ്ങളും തുടർന്നതോടെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി, പാർട്ടി സംസ്ഥാന സെക്രട്ടറി, ഡിജിപി, മുഖ്യമന്ത്രി എന്നിവരെയും സമീപിച്ചു. എന്നാൽ ഒരു നടപടിയും ഉണ്ടായില്ലെന്നും ഭീഷണി തുടരുകയാണെന്നും ദമ്പതികൾ കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തി ആരോപിച്ചിരുന്നു. തുടർന്നാണ് പാർട്ടിയുടെ എല്ലാ ഘടകങ്ങളിൽ നിന്നും ഷാജിറിനെയും ജാസ്മിനെയും പുറത്താക്കിയത്.

Related posts

Leave a Comment