പാതയോരങ്ങളിലെ വാഹനങ്ങൾ നീക്കം ചെയ്യും

തിരുവനന്തപുരം: പാതയോരങ്ങളിൽ വർഷങ്ങളായി നിർത്തിയിട്ടിരിക്കുന്ന  വാഹനങ്ങൾ നീക്കാൻ നടപടി സ്വീകരിച്ചു വരികയാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. ഇതിലേറെയും പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളാണ്. ഇവ നീക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ദേശീയപാതാ അതോറിറ്റിക്ക് കീഴിലുള്ള റോഡുകളിലെ കുഴിയ‌ടക്കലട‌‌ക്കമുള്ള അറ്റകുറ്റപ്പണികൾ പ്രശ്നമായി നിലനിൽക്കുകയാണ്. ആലപ്പുഴയിലാണ് പ്രശ്നം ഏറ്റവും രൂക്ഷം. ഈ പ്രശ്നം പരിഹരിക്കുന്നതിന് അടുത്ത ദിവസം ദേശീയപാതാ ഉദ്യോഗസ്ഥരും എംഎൽഎമാരും പങ്കെടുക്കുന്ന യോഗം തിരുവനന്തപുരത്ത് ചേരും. റോഡ് ആരുടേതാണെന്ന് നാട്ടുകാർക്കറിയില്ല. അതിനാൽ ഏത് റോഡിലെ കുഴിയായാലും പഴി മുഴുവൻ കേൾക്കുന്നത് പൊതുമരാമത്ത് വകുപ്പിനാണ്.  ഇതിനുള്ള ശ്വാശ്വത പരിഹാരം റോഡിന്റെ നിലവാരം ഉയർത്തുകത മാത്രമാണെന്നും മന്ത്രി പറഞ്ഞു. ‌‌ തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം – മുക്കോല ബൈപ്പാസിലെ ടോൾ പിരിവ് കരാർ ഉടമ്പടി പ്രകാരമാണ് നടത്തുന്നത്. എന്നാൽ, മുക്കോല മുതൽ കേരള – തമിഴ്നാട് അതിർത്തിയായ കാരോട് വരെയുള്ള 16.2 കിലോമീറ്റർ റോഡിന്റെ ടോൾ പിരിവ് ആരംഭിച്ചിട്ടില്ല. ആലപ്പുഴ, കൊല്ലം ബൈപ്പാസുകളിൽ കേന്ദ്രസർക്കാരും 50: 50 ചെലവ് പങ്കിടുന്നത് കണക്കാക്കിയാണ് ടോൾ പിരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കരാർ പ്രകാരം കേന്ദ്രസർക്കാരിന്റെ മൂലധന ചെലവ് ഈടാക്കി കഴിയുമ്പോൾ ടോൾ റേറ്റ് 40 ശതമാനം വരെ കുറയുമെന്നും മന്ത്രി പറഞ്ഞു. 

Related posts

Leave a Comment