അഭയ കേസ് പ്രതികള്‍ക്ക് പരോള്‍; വിശദീകരണം തേടി ഹൈക്കോടതി നോട്ടീസ്

കൊച്ചി: സിസ്റ്റർ അഭയ കേസ് പ്രതികൾക്ക് പരോൾ അനുവദിച്ച നടപടിയെ ചോദ്യം ചെയ്തു സമർപ്പിച്ച ഹരജിയിൽ വിശദീകരണം തേടി സർക്കാരിനും ജയിൽ ഡിജിപിക്കും ഹൈക്കോടതി നോട്ടിസ്.അഭയ കേസ് ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കലാണ് ഹരജി നൽകിയത്. ലോക്ഡൗൺ മൂലം നിശ്ചിത പ്രായപരിധിയിലുള്ളവർക്ക് പരോൾ അനുവദിച്ചു ജയിൽ മോചിതരായെങ്കിലും അഭയ കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചത് നിയമവിരുദ്ധമാണെന്നു ഹരജിക്കാരൻ കോടതിയെ ബോധിപ്പിച്ചു.

കേസിലെ മറ്റു എതിർ കക്ഷികളായ തിരുവനന്തപുരം സെൻട്രൽ ജയിൽ സൂപ്രണ്ട്, അട്ടകുളങ്ങര വനിത ജയിൽ സൂപ്രണ്ട്, തിരുവനന്തപുരം സിബിഐ സ്‌പെഷ്യൽ ക്രൈം യൂനിറ്റ് എസ്പി, പ്രതികളായ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്കും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നോട്ടീസ് നൽകി. അഭയ കേസിൽ ഇരട്ട ജീവപര്യന്തത്തിനും , കഠിന തടവിനും കോടതി ശിക്ഷിച്ച പ്രതികളായ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്ക് കഴിഞ്ഞ മെയ് 11 നാണ് 90 ദിവസത്തെ പരോൾ അനുവദിച്ച് നൽകിയത്.

സുപ്രീംക്കോടതി ഉത്തരവ് പ്രകാരം, ജയിൽ ഹൈപവർ കമ്മിറ്റി 10 വർഷത്തിൽ താഴെ ശിക്ഷിച്ച പ്രതികൾക്കാണ് പരോൾ അനുവദിച്ചിട്ടുള്ളതെന്നു ഹരജിക്കാരൻ കോടതിയിൽ വാദിച്ചു. അഭയ കേസിലെ പ്രതികളെ ജീവപര്യന്തം കഠിനതടവിന് തിരുവനന്തപുരം സിബിഐ കോടതി ശിക്ഷിച്ച്‌, 5 മാസം തികച്ച്‌ ജയിലിൽ കിടക്കുന്നതിന് മുൻപാണ്, പ്രതികൾക്ക് പരോൾ അനുവദിച്ചത് നിയമ വിരുദ്ധമാണെന്ന് ഹരജിയിൽ കുറ്റപ്പെടുത്തി.

Related posts

Leave a Comment