ഇനി കാത്തിരിപ്പില്ല ; മരക്കാറും ആറാട്ടും തീയറ്ററിലേക്ക്

കാത്തിരിപ്പിനൊടുവിൽ മോഹൻലാൽ ചിത്രങ്ങളായ മരയ്ക്കാറും ആറാട്ടും റിലീസിനെത്തുന്നു. രണ്ട് ചിത്രങ്ങളും തീയറ്ററിൽ തന്നെ റിലീസ് ചെയ്യും. തീയറ്റർ ഉടമകളുടെ സംഘടനകൾ നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് തീരുമാനം. മരയ്ക്കാർ തീയറ്ററിൽ റിലീസ് ചെയ്യാൻ മുൻപ് തീരുമാനിച്ചിരുന്നെങ്കിലും മാറ്റുകയായിരുന്നു.

തീയറ്ററുകൾ 25ാം തീയതിമുതൽ തുറക്കാൻ തീയറ്റർ ഉടമകളുടെ യോഗത്തിൽ തീരുമാനമായി. മൾട്ടിപ്ലക്‌സ് ഉൾപ്പെടെയുള്ള എല്ലാ സിനിമാ തീയറ്ററുകളും ഒരേ സമയത്ത് തന്നെ തുറക്കാനാണ് തീരുമാനം. നികുതി കുറയ്ക്കണമെന്നുൾപ്പെടെ വിവിധ ആവശ്യങ്ങളുമായി സാംസ്കാരിക മന്ത്രി സജി ചെറിയാനുമായി സംഘടന പ്രതിനിധികൾ കൂടിക്കാഴ്ച്ച നടത്തും. ഇരുപത്തിരണ്ടാം തീയതിക്ക് ശേഷം എല്ലാ സംഘടനയുടെയും അടിയന്തരയോഗം ചേരുമെന്നും തീയറ്റർ ഉടമകളുടെ സംഘടന അറിയിച്ചു.

കൊവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ ഈ മാസം 25 മുതൽ മാനദണ്ഡങ്ങൾ പാലിച്ച്‌ തീയറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. പകുതി സീറ്റുകളിൽ ആളുകളെ ഇരുത്തി പ്രവർത്തിപ്പിക്കാനാണ് അനുമതി നൽകിയത്. എന്നാൽ ഇക്കാര്യത്തിൽ ആശയക്കുഴപ്പം ഉടലെടുത്തതോടെയാണ് തീയറ്റർ ഉടമകൾ യോഗം ചേർന്നത്.

Related posts

Leave a Comment