ധാർഷ്ട്യവും ധിക്കാരവും തമ്മിലുള്ള മല്ലയുദ്ധം ; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം

സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ പ്രതിപുരുഷനായിരിക്കണം ഗവർണറെന്ന് ഭരണഘടനയിൽ എവിടെയും എഴുതിച്ചേർത്തിട്ടില്ല. എന്നാൽ തന്റെ പരിമിതമായ അധികാരക്കളം വിട്ടുകളിക്കാൻ ഗവർണർമാരാരും ശ്രമിക്കാറുമില്ല. ഗവർണർ പദവി നിഷ്പക്ഷവും നീതിപൂർവ്വവുമായി ഉപയോഗിക്കേണ്ടതാണ്. സംസ്ഥാനത്ത് ഭരണപ്രതിസന്ധി സൃഷ്ടിക്കാതിരിക്കുവാൻ ഈ പദവിയിലിരിക്കുന്നവർ ശ്രദ്ധിക്കേണ്ടതാണ്. ഭരണഘടനയിൽ എഴുതിച്ചേർത്ത നിയമങ്ങളും ചട്ടങ്ങളും ഏറെയുണ്ട്. അതേപോലെ രേഖപ്പെടുത്താത്ത നിരവധി കീഴ്‌വഴക്കങ്ങളും പരമ്പരാഗത നടപടികളുമുണ്ട്. വിവേചനം കൂടാതെ വിവേകത്തോടെ നടപ്പിലാക്കേണ്ടതാണത്. ബി.ജെ.പി. കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിന് ശേഷം വയോധികരായ ആർ.എസ്.എസ് നേതാക്കളെ കുടിയിരുത്താനാണ് ഗവർണർ പദവിയെ ഉപയോഗിച്ചിട്ടുളളത്. അഭിപ്രായം രേഖപ്പെടുത്താനും രേഖപ്പെടുത്താതിരിക്കാനുമുള്ള അവസാശ വിനിയോഗമാണ് ഭരണഘടനയുടെ അന്തസ്സും ഗവർണർ പദവിയുടെ ഔന്നത്യവും ഉയർത്തിപ്പിടിക്കുന്നത്. ഗവർണർ തന്റെ അധികാര വിനിയോഗം എത്രമാത്രം കുറ്റമറ്റതാക്കുന്നതോ അത്രമാത്രം നീതിപൂർവ്വവും കീഴ്‌വഴക്കങ്ങളെ ആശ്രയിച്ചുമുള്ള സമീപനമായിരിക്കണം സംസ്ഥാന സർക്കാർ ഗവർണറോട് സ്വീകരിക്കേണ്ടത്. സംസ്ഥാന സർക്കാരുകൾക്ക് മൂക്ക്കയറിടേണ്ടവരാണ് തങ്ങളെന്ന് ഏതെങ്കിലും ഗവർണർക്ക് തോന്നിയിട്ടുണ്ടെങ്കിൽ അവിടെ അധികാര സംഘർഷം പൊട്ടിപ്പുറപ്പെടും. ഗവർണർ മാധ്യമ പ്രസിദ്ധി ആഗ്രഹിക്കുന്ന ആളാണെങ്കിൽ ഈ സംഘർഷങ്ങൾ സംഘട്ടനങ്ങളായി മാറും. ഇതോടെ രാജ്ഭവനുകൾ രാഷ്ട്രീയ കുത്തിതിരിപ്പിന്റെയും ഗൂഡാലോചനയുടെയും കേന്ദ്രങ്ങളായി തീരും. അതൊഴിവാക്കുകയാണ് പ്രാഗത്ഭ്യവും ഭരണശേഷിയുമുള്ള ഗവർണറുടെ കഴിവ്. മോദി സർക്കാരിന്റെ അധികാര വാഴ്ച്ചയോടെ മൂത്ത്‌നരച്ച കുറെ വയോധികരായ ആർ.എസ്.എസ്. പ്രവർത്തകരെ വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാരായി നിയോഗിച്ചിട്ടുണ്ട്. ഈ ഗണവേഷധാരികളായ പ്രചാരകർ ഇല്ലാത്ത അധികാരത്തിന്റെ പ്രയോക്താക്കളായി രംഗത്ത് വരാറുണ്ട്. അത്തരത്തിലുള്ള വിവേകശൂന്യവും രാഷ്ട്രീയതാൽപര്യത്തോടെയും പ്രവർത്തിച്ചിരുന്ന ഗവർണറായിരുന്നു ബംഗാളിലെ ജഗതീപ് ധൻകർ. മുഖ്യമന്ത്രി മമതാ ബാനർജിയുമായി പലതവണ കൊമ്പ്‌കോർത്ത അദ്ദേഹം ഒടുവിൽ മമതയുടെ മുമ്പിൽ മുട്ട് മടക്കുകയായിരുന്നു. പബ്ലിസിറ്റി മാനിയ പിടിപെട്ട കേരള ഗവർണർ ചെയ്യാൻ പാടില്ലാത്തത് ചെയ്യുകയും ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതിരിക്കുകയുമാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം ആഞ്ഞടിച്ചപ്പോൾ കേന്ദ്ര സർക്കാരിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഹീനമായ നിലപാട് സ്വീകരിച്ചയാളാണ് ആരിഫ് മുഹമ്മദ് ഖാൻ. ഡൽഹിയിലുള്ള രാഷ്ട്രീയ യജമാനൻമാരെ പ്രീതിപ്പെടുത്തുകയും വിവാദങ്ങളിലൂടെ കുപ്രസിദ്ധിയാർജ്ജിക്കുകയുമായിരുന്നു കേരള ഗവർണറുടെ ലക്ഷ്യം.


ഗവർണറായി നിയമിതനായ ശേഷം വിവിധ വിഷയങ്ങളിൽ സർക്കാരുമായി ഭിന്നാഭിപ്രായം സൃഷ്ടിക്കുകയും ചെയ്ത ഗവർണർക്ക് ഇപ്പോൾ മാത്രം ബോധോദയമുണ്ടായത് എങ്ങിനെയെന്ന് മനസ്സിലാവുന്നില്ല. തുടക്കത്തിലുണ്ടായ കല്ല് കടി മാറ്റി സർക്കാറും ഗവർണറും ഒരേ മേശക്ക് ചുറ്റും ഇരിക്കാൻ നിർബന്ധിതരാവുകയായിരുന്നു. പക്ഷെ, ഏറ്റവും ഒടുവിൽ കേരളത്തിലെ സർവകലാശാലകളെ പിൻവാതിൽ നിയമനത്തിന്റെ റിക്രൂട്ടിങ് കേന്ദ്രങ്ങളാക്കി മാറ്റുകയായിരുന്നു സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും ഗവർണറുടെ ധിക്കാരവും ഏറ്റുമുട്ടിയതിന്റെ ഫലമാണ് ഇപ്പോൾ തീയും പുകയുമുണ്ടായിരിക്കുന്നത്. വൈസ് ചാൻസലർ നിയമനത്തിന് സംസ്ഥാന സർക്കാർ സ്വീകരിച്ചു വരുന്ന നിയമങ്ങളും ചട്ടങ്ങളുമുണ്ട്. അതോടൊപ്പം യൂണിവേഴ്‌സിറ്റി സ്വീകരിച്ചു വരുന്ന കീഴ്‌വഴക്കങ്ങളുമുണ്ട്. എന്നാൽ അതൊക്കെ കാറ്റിൽ പറത്തിയാണ് കണ്ണൂർ സർവകലാശാലയിലെ വൈസ് ചാൻസലറടക്കം സ്വീകരിച്ചു വരുന്നത്. ഇത് ചാൻസലർ എന്ന നിലയിൽ തന്റെ അധികാര- അവകാശ മേലുള്ള കയ്യേറ്റമാണെന്ന് ആരിഫ്ഖാൻ കരുതുന്നു. അതിനാൽ ചാൻസലർ പദവി തന്നിൽ നിന്ന് എടുത്തുകളയണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. ചാൻസലർ- വൈസ് ചാൻസലർ പദവികൾ അടുക്കളപ്പുറത്തുണ്ടാക്കാറുള്ള അമ്മായിയമ്മ- മരുമകൾ പോര് പോലെ തോന്നുന്നമാതിരി എടുത്തണിയാനും ഊരിയെറിയാനുമുള്ള പദവികളല്ല. ചാൻസലറും വൈസ് ചാൻസലറും സിൻഡിക്കേറ്റുമെല്ലാം നിയമവിധേയമായി പ്രവർത്തിക്കേണ്ടവരാണ്. ഇവരിൽ ആർക്കും അപ്രമാദിത്വമില്ല. വിധികളും വിലക്കുകളുമെല്ലാം യു.ജി.സി. നിയമനങ്ങളിലും സർവകലാശാല നിയമത്തിലും വ്യക്തമായി നിഷ്‌കർഷിച്ചിട്ടുണ്ട്. വളയമില്ലാതെ ചാടുന്നവരാരുണ്ടോ അവരെ നിയന്ത്രിക്കാനുള്ള നിയമങ്ങളുമുണ്ട്. കഴിഞ്ഞ എട്ടാം തീയതി മുതൽ താൻ ചാൻസലർ പദവി ഒഴിഞ്ഞുവെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഫയലുകൾ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് തിരിച്ചയച്ചത് ബാലിശ നടപടിയാണ്. കണ്ണൂർ സർവകലാശാല വി.സി. നിയമനം സംബന്ധിച്ച തർക്കങ്ങൾക്ക് ഹൈക്കോടതി നൽകിയ നോട്ടീസിനും ഇതേ മറുപടിയാണ് ഗവർണർ നൽകിയിട്ടുള്ളത്. കേരള നിയമസഭ പാസ്സാക്കിയ നിയമമനുസരിച്ച് കേരളത്തിലെ 13 സർവകലാശാലകളുടെയും ചാൻസലർ ഗവർണർ തന്നെയാണ്. ഇതിന് മാറ്റം വരണമെങ്കിൽ നിയമസഭ ചേർന്ന് ഭേദഗതി നിയമം പാസ്സാക്കണം. യൂണിവേഴ്‌സിറ്റി നിയമത്തിന്റെ പ്രാഥമിക അറിവു പോലുമില്ലാതെ ഗവർണർ പെരുമാറുന്നത് ലജ്ജാകരമാണ്. ഗവർണർ- സർക്കാർ പോര് ഉന്നത വിദ്യാഭ്യാസത്തിനും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സൃഷ്ടിച്ച പ്രതിഛായ നഷ്ടം ഏറെ വലുതാണ്. സർക്കാരും ഗവർണറും തമ്മിലുള്ള ശീതസമരം അവസാനിപ്പിച്ചു സർവകലാശാലകൾക്ക് നഷ്ടമായ പ്രതിഛായ വീണ്ടെടുക്കുക അനിവാര്യമാണ്. ഗവർണർ പദവിയുടെ അന്തസ്സ് കാത്ത് സൂക്ഷിക്കേണ്ടത് ഗവർണർ തന്നെയാണ്. സർക്കാരിന്റെ അധികാരങ്ങൾ സംരക്ഷിക്കേണ്ടത് സർക്കാരും. ഈ രക്ഷയ്ക്കായി മൂന്നാം കക്ഷി രംഗത്ത് വരേണ്ട ആവശ്യവുമില്ല.

Related posts

Leave a Comment