‘മുജ്ജന്മ ശത്രു’വായൊരു മകനും മരുമകനും! ; മമതയുടെയും ഗൗഡയുടെയും നീക്കങ്ങൾ എന്തിന്..? ; ദേശാടനം വായിക്കാം

ഷൈബിന്‍ നന്മണ്ട

മുജ്ജന്മത്തിലെ ശത്രുക്കള്‍ പിന്നീട് പുത്രന്മാരായ് ഭൂജാതരാവാറുണ്ടെന്ന കേവല വിശ്വാസത്തിന് അടിവരയിടുന്നു കര്‍ണാടകയില്‍ നിന്നുള്ള വര്‍ത്തമാനങ്ങള്‍; മകന്‍ മാത്രമല്ല, ചിലപ്പോള്‍ അത് മരുമകനുമാകാമെന്ന് ഭേദഗതിയേകുന്നു വംഗനാട്ടില്‍ നിന്നുള്ള വിശേഷങ്ങള്‍.

സ്വര്‍ണമാനിന്റെ അഭൗമ സൗന്ദര്യരൂപം ധരിച്ച് സീതാദേവിയെ തെറ്റിദ്ധരിപ്പിച്ചതുപോലെ, ഇന്ത്യക്കാരെ വഴിതെറ്റിക്കാനെത്തുന്ന രാഷ്ട്രീയ മാരീചന്മാരെക്കുറിച്ച് മുമ്പും ചര്‍ച്ച ചെയ്തതാണല്ലോ. അരവിന്ദ് കെജ്‌രിവാളും അസദുദ്ദീന്‍ ഒവൈസിയുമെല്ലാം ബിജെപി വിരോധം പ്രഖ്യാപിച്ച് പ്രത്യക്ഷപ്പെട്ട ശേഷം, പ്രതിപക്ഷ ഐക്യത്തെയും ദേശീയതലത്തിലെ ദ്വന്ദധ്രുവീകരണത്തെയും സമര്‍ത്ഥമായി വിഘടിപ്പിച്ച് സംഘപരിവാറിന്റെ രാഷ്ട്രീയ പ്രയാണത്തിന് വെളിച്ചവും തെളിച്ചവുമേകുന്നതിന്റെ ഒട്ടേറെ ദൃഷ്ടാന്തങ്ങള്‍ നമുക്ക് മുമ്പിലുണ്ട്. തെലങ്കാനയിലും മഹാരാഷ്ട്രയിലും ബീഹാറിലുമുള്‍പ്പെടെ ഒവൈസിയുടെ പാര്‍ട്ടി പയറ്റിയത് അതാണ്; ഗോവയിലും പഞ്ചാബിലും എഎപിയും ഉത്തര്‍പ്രദേശില്‍ ഒവൈസിയും പുറത്തെടുക്കാനിരിക്കുന്ന ആയുധങ്ങളും ബിജെപിയുടെ ആവനാഴിയില്‍ നിന്നുള്ളതു തന്നെ. അതിന്റെ മൂര്‍ത്തമായ പകര്‍ന്നാട്ടമാണ് മമതാ ബാനര്‍ജിയിലൂടെ സാധ്യമാകാന്‍ പോകുന്നത്!

ബിജെപിയെ വംഗദേശത്തിന്റെ പ്രബുദ്ധമായ മണ്ണില്‍ നിന്നും മനസ്സില്‍ നിന്നും തൂത്തെറിഞ്ഞ ‘ബംഗാളിന്റെ പെണ്‍കടുവ’ എന്നാണ് നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം മമതയെ ദേശീയ മാധ്യമങ്ങള്‍ വാഴ്ത്തിയത്. മോദിയെ താഴെയിറക്കാനുള്ള കുരുക്ഷേത്ര യുദ്ധത്തില്‍ കോണ്‍ഗ്രസിനൊപ്പം തന്റെ അക്ഷൗഹിണിപ്പടയെ വിട്ടുനല്‍കാമെന്ന് ഇന്ദ്രപ്രസ്ഥത്തിലെ പത്താംനമ്പര്‍ ജന്‍പഥ് വീട്ടിലെത്തി ദീദി പ്രഖ്യാപിച്ചത് അധിക നാള്‍ മുമ്പല്ല. പിന്നെന്താവും കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ സംഭവിച്ചത്?

ഹല്‍ദി നദിയുടെ പടിഞ്ഞാറന്‍ കരയില്‍ കര്‍ഷക രക്തംവീണ് കുതിര്‍ന്ന കാലത്ത്, ”അമര്‍ നാം തൊമര്‍ നാം നന്ദിഗ്രാം… നന്ദിഗ്രാം…’ (ഞാനും നിങ്ങളും നന്ദിഗ്രാം, നന്ദിഗ്രാം)” എന്ന മുദ്രാവാക്യം ബംഗാളിന്റെ രാഷ്ട്രീയ മനസ്സിനെക്കൊണ്ട് ഏറ്റുവിളിപ്പിച്ച്, 34 സംവത്സരം നീണ്ട സിപിഎം ഭരണത്തിന്റെ കൊടിപ്പടം താഴ്ത്തിച്ചപ്പോള്‍ ഇടവും വലവും നില്‍ക്കാന്‍ തലയെടുപ്പുള്ള നേതാക്കള്‍ കാര്യമായുണ്ടായിരുന്നില്ല. പക്ഷെ മമതയെന്നത് അന്ന് എന്തിനും പോന്ന ഇച്ഛാശക്തിയുടെ ആള്‍രൂപമായിരുന്നു. അവര്‍ക്ക് അവരുടെ മാത്രം ശരികളും വഴികളുമുണ്ടായിരുന്നു. ആദ്യമായി ഭരണത്തിലേറുമ്പോള്‍ കൂടെയുണ്ടായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധികം വൈകാതെ തൃണമൂലുമായ് കലഹിച്ചു പിരിഞ്ഞതിന്റെ കാരണവും മറ്റൊന്നല്ല. പക്ഷെ മുഖ്യമന്ത്രിയാവാനുള്ള ഓട്ടത്തിനിടയില്‍ മമത തന്നെ പാലുകൊടുത്തു വളര്‍ത്തിയെടുത്തതാണ് ബംഗാളിലെ ബിജെപിയെ.

വര്‍ഷങ്ങള്‍ക്ക് മുമ്പ് 1998-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മമതയുമായ് ധാരണയുണ്ടാക്കാന്‍ മുന്നോട്ടുവന്ന ബംഗാളിലെ ബിജെപി അടിത്തറയില്ലാത്ത, നേതൃമുഖങ്ങളില്ലാത്ത ദുര്‍ബലമായ അവസ്ഥയിലായിരുന്നു. തൃണമൂലിന്റെ തണല്‍പറ്റിയാണ് ബിജെപി ബംഗാളില്‍ തളിര്‍ത്തത്. വളര്‍ന്നുവരുന്ന അപകടം മമത തിരിച്ചറിയുമ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. കേന്ദ്രഭരണത്തിന്റേതുള്‍പ്പെടെ എല്ലാ സാധ്യതകളും ഉപയോഗിച്ച് ബി ജെ പി നിരന്തരം മമതയെ വെല്ലുവിളിക്കുന്നതാണ് പിന്നീട് കണ്ടത്. മമതയുമായ് നേരിട്ട് ഏറ്റുമുട്ടിയ സിപിഎം നേതാക്കളും പ്രവര്‍ത്തകരിലേറെയും ഗത്യന്തരമില്ലാതെ കൂട്ടത്തോടെ ബിജെപിയിലേക്ക് ചുവടുമാറി; പല ഏരിയാ, ജില്ലാ കമ്മിറ്റി ഓഫിസുകളുടെയും ചുമരുകളില്‍ ചെഞ്ചായത്തിന് മീതെ കുമ്മായം പൂശി താമരയും ഹരിതകുങ്കുമ വര്‍ണങ്ങളും എഴുതിച്ചേര്‍ക്കപ്പെട്ടു.

മമതയുടെ ചിറകിലെ ഓരോ തൂവലുകളായി ബിജെപിയുടെ തെരഞ്ഞെടുപ്പ് മാനേജര്‍മാര്‍ അരിഞ്ഞെടുത്തു. മുകുള്‍ റോയിയും സുബേന്ദു അധികാരിയും ദിനേശ് ത്രിവേദിയും മിഥുന്‍ ചക്രവര്‍ത്തിയും രായ്ക്കുരാമാനം ബിജെപിയില്‍ ചേക്കേറി. പൊതുജീവിതത്തിലെ ഈയൊരു ദുര്‍ദശയില്‍ നിന്നാണ് മമത ബിജെപിയെ തറപറ്റിച്ചതെന്ന് പറഞ്ഞുവരികയായിരുന്നു. അപ്രകാരം തീക്ഷ്ണ പോരാട്ടങ്ങളുടെ ഉലയില്‍ നിന്ന് ചിതറിയ മമതയെന്ന തീപ്പൊരി എന്തിനാവും ഇപ്പോള്‍ സ്വയം കത്തിതീരുന്നത് ? പുറമെ ബിജെപി വിരോധം പ്രസംഗിച്ച ശേഷം യുപിഎയിലെ പാര്‍ട്ടികളെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് എന്തിനാവും? ഗോവയിലും മേഘാലയയിലും ഉള്‍പ്പെടെ അവര്‍ ചെയ്യുന്നതെന്തെന്ന് കണ്ടു.

പ്രതിപക്ഷ നിരയെ ദുര്‍ബലപ്പെടുത്തുകയും ഐക്യം തകര്‍ക്കുകയും ചെയ്താല്‍ ആത്യന്തിക നേട്ടം ബിജെപിക്കാണെന്ന് മമതയ്ക്ക് നന്നായറിയാം; പിന്നെ എന്താവും ഇത്തരമൊരു സാഹസത്തിന് പ്രേരിപ്പിച്ചത്? മമതയുടെ അനന്തരവനും ഡയമണ്ട് ഹാര്‍ബറില്‍ നിന്നുള്ള ലോകസഭാംഗവും ടിഎംസി ദേശീയ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിയിലേക്ക് ചൂണ്ടുവിരല്‍ പായുന്നത് ഈ പശ്ചാത്തലത്തിലാണ്. ബിജെപിയുടെ വിശ്വസ്ത സഖ്യകക്ഷിയായ ‘എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്’ അഭിഷേകിനെ വട്ടമിട്ട് പറക്കാന്‍ തുടങ്ങിയിട്ട് കുറച്ചുനാളായി. അഭിഷേക് മാത്രമല്ല ഭാര്യ രുചിരയും ഇ ഡിയുടെ നോട്ടപ്പുള്ളിയാണ്. ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്‌സ് കമ്പനിയുടെ ഖനികളുടെ മറവില്‍ നടന്നെന്ന് ആരോപിക്കപ്പെടുന്ന കോടികളുടെ ക്രമക്കേടും അനധികൃത പണമിടപാടും ഏതു നിമിഷവും കുരുക്കായി അഭിഷേകിന്റെ കഴുത്തില്‍ മുറുകാന്‍ സാധ്യതയുണ്ട്. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തകര്‍ത്തെറിഞ്ഞെങ്കിലും ആഗതമായ അപകടത്തെപ്പറ്റി അവര്‍ നല്ല ബോധവതിയാണ്. നിലവിലെ സാഹചര്യത്തില്‍ ബിജെപി ദേശീയ നേതൃത്വത്തിന് ബംഗാളില്‍ കാര്യമായൊന്നും ചെയ്യാനില്ല, മമത വഴി ഇന്ത്യയിലെ പ്രതിപക്ഷ നിരയെ ദുര്‍ബലപ്പെടുത്താനും സാധിക്കും. ആസേതു ഹിമാലയം പടര്‍ന്നുകിടക്കുന്ന ഒരു രാജ്യത്തെ നയിക്കാന്‍ നാല്പത്തിരണ്ട് ലോക്‌സഭാ സീറ്റുള്ള ബംഗാളില്‍ നിന്ന് ബദല്‍ നേതൃത്വം ഉയര്‍ന്നുവരുമെന്ന് മമത പ്രഖ്യാപിക്കുമ്പോള്‍ ഉള്ളാലെ ചിരിക്കുന്നത് ബിജെപിയല്ലാതെ മറ്റാരാവും!

മകന്റെ അച്ഛന്‍:

ഉറങ്ങിക്കിടക്കുന്ന ഒരാളെ വിളിച്ചുണര്‍ത്തി ‘താങ്കളാണ് ഇനി ഇന്ത്യന്‍ പ്രധാനമന്ത്രി’ എന്ന് കേള്‍ക്കുമ്പോള്‍ ആരാകിലും ഞെട്ടും. കാല്‍നൂറ്റാണ്ട് കഴിഞ്ഞിട്ടും ആ ഞെട്ടല്‍ വിട്ടുമാറാത്ത രാഷ്ട്രീയ ദേഹമാണ് എച്ച് ഡി ദേവഗൗഡയുടേതെന്ന് തോന്നാറുണ്ട്. ഒരു ദിവസമെങ്കിലും പ്രധാനമന്ത്രിയാവണമെന്ന ജീവിതാഭിലാഷത്തിനുവേണ്ടി ഏതുവഴിയിലൂടെയും പൊകാമെന്ന് കാണിച്ചുതന്ന മൊറാര്‍ജി ദേശായിയും ചരണ്‍സിങും ചന്ദ്രശേഖറും ജീവിച്ച മണ്ണിലാണ്, നിനച്ചിരിക്കാതെ 1996 ല്‍ ദേവഗൗഡയെ തേടി
സുവര്‍ണാവസരം കൈവന്നത്. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്തുകയെന്ന പൊതുമിനിമം പരിപാടിയുടെ (സിഎംപി) ഭാഗമായി കോണ്‍ഗ്രസിന്റെയും ഇടതുപാര്‍ട്ടികളുടെയും പിന്തുണയോടെയും ജനതാപരിവാര്‍ ഉള്‍പ്പെട്ട സങ്കരഭരണം. ദേശീയ രാഷ്ട്രീയത്തില്‍ ‘നിര്‍ഗുണ’നെങ്കിലും പൊതുതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കെതിരായ പ്രസംഗപീഠത്തില്‍ കേരളത്തിലുള്‍പ്പെടെ ഇപ്പോഴും ദേവഗൗഡ ആഘോഷപൂര്‍വം ആനയിക്കപ്പെടാറുണ്ട്.

ബിജെപിയെ അകറ്റി നിര്‍ത്താന്‍ അധികാരാരോഹണം ചെയ്ത അതേ ദേവഗൗഡയുടെ മൗനാനുവാദത്തോടെ, മകന്‍ എച്ച് ഡി കുമാരസ്വാമി ദക്ഷിണേന്ത്യയില്‍ അവര്‍ക്ക് ആദ്യമായ് അധികാരപങ്കാളിത്തം നല്‍കിയത് എത്ര വിരോധാഭാസമായിരുന്നു. ധരംസിങ് സര്‍ക്കാറിനെ വീഴ്ത്തി 2006 ല്‍ മുഖ്യമന്ത്രിയായ കുമാരസ്വാമി വിരിച്ചുകൊടുത്ത പരവതാനിയാണ് ബി എസ് യെദ്യൂരപ്പയുടെ വഴി സുഗമമാക്കിയത്. മകന്റെ കരുനീക്കങ്ങള്‍ തന്റെ അറിവോടെയല്ലെന്ന് പറഞ്ഞ് തലയൂരുകയായിരുന്നു അന്നെല്ലാം ഗൗഡ; ബിജെപി വിരുദ്ധതയുടെ പേരില്‍ പ്രധാനമന്ത്രിപദം അലങ്കരിച്ച ഒരു മനുഷ്യനെ അത്രമേല്‍ ധര്‍മ്മസങ്കടത്തിലാഴ്ത്തിയിരുന്നു കുമാരസ്വാമി.

പില്ക്കാലത്ത് 2018ല്‍ വീണ്ടും മുഖ്യമന്ത്രിയാവാന്‍ മകന്‍ കോണ്‍ഗ്രസുമായ് കൈകോര്‍ത്തപ്പോള്‍ ആ വൃദ്ധപിതാവ് സമസ്താപരാധം ഏറ്റുപറഞ്ഞു. മതേതര ജനാധിപത്യത്തെക്കുറിച്ച് വാചാലനാകുന്ന ഗൗഡയെയാണ് വീണ്ടും നാം കണ്ടത്; ഗൗഡ രാജ്യസഭയിലേക്ക് മത്സരിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. പക്ഷെ, ഇപ്പോള്‍ വീണ്ടും ബിജെപിയുമായ് സഹശയനത്തിനുള്ള നീക്കങ്ങള്‍ മകന്‍ ഊര്‍ജ്ജിതമാക്കുമ്പോള്‍ ദേവഗൗഡ മൗനവല്മീകത്തില്‍ അഭയം തേടുകയല്ല, മറിച്ച് പാത ലളിതമാക്കാനുള്ള വിചിത്ര കാര്‍മ്മികത്വത്തില്‍ ഏര്‍പ്പെടുകയാണ്. കര്‍ണാടക ലജ്‌സ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തുണയ്ക്കുന്നതിനുള്ള ചര്‍ച്ചകള്‍ പ്രധാനമന്ത്രിയുമായ് താന്‍ നടത്തിയെന്ന് ഗൗഡ തന്നെ തുറന്നു പറയുന്നു. മകന്റെ സമ്മര്‍ദ്ദവും ജനതാദള്‍-എസ് എന്ന പാര്‍ട്ടിയുടെ അടിത്തറയില്‍ ഡി കെ ശിവകുമാര്‍ സൃഷ്ടിക്കുന്ന വിള്ളലുമാകാം ആത്മഹത്യാപരമായ നീക്കങ്ങളിലേക്ക് ഗൗഡയെ എത്തിച്ചത്.

പഴയ മൈസൂരു മേഖലയിലെ അറുപതോളം നിയമസഭാ മണ്ഡലങ്ങളില്‍ ശക്തമായ ആധിപത്യം ഉറപ്പിക്കാനാണ് ഡി കെ ശിവകുമാറെന്ന ഊര്‍ജ്ജപ്രസരണിയിലൂടെ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ജനതാദളിന്റെ പരമ്പരാഗത ശക്തികേന്ദ്രമായ ഇവിടെ ദളിനെയും ബിജെപിയെയും നിഷ്പ്രഭമാക്കുന്ന മുന്നേറ്റമാവും ശിവകുമാര്‍ കാഴ്ചവെക്കുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. മൈസൂര്‍, മണ്ഡ്യ, ഹസ്സന്‍, രാമനഗര, ചാമരാജ നഗര്‍, ചിക്കമംഗലൂരു തുടങ്ങിയ മേഖലകളില്‍ വ്യാപിച്ചുകിടക്കുന്ന പഴയ മൈസൂര്‍ ഭൂപടത്തില്‍ ഏറെക്കുറെ ഏകപക്ഷീയമായ രാഷ്ട്രീയ ഭൂമിക സൃഷ്ടിക്കപ്പെടുമെന്ന സൂചനയാണ് ലഭിക്കുന്നത്. കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുമ്പോള്‍ ഏത് ചെകുത്താനെയും കൂട്ടുപിടിക്കാമെന്ന് 88 കാരനായ ഗൗഡ കരുതുന്നുണ്ടാവാം; അതല്ലെങ്കില്‍ പിതാവിന്റെ ബാക്കിയുള്ള സത്‌പേര് കൂടി മായ്ച്ചുകളയാമെന്ന് കുമാരസ്വാമി ശപഥം ചെയ്തിട്ടുണ്ടാവണം.

Related posts

Leave a Comment