അയോഗ്യതാ അധികാരം പഞ്ചായത്ത് സെക്രട്ടറിക്ക് ഇല്ല : തിരഞ്ഞെടുപ്പ് കമ്മീഷണർ

തിരുവനന്തപുരം: തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്ത് അംഗത്തിന് അയോഗ്യത കൽപ്പിക്കുന്നതിനുള്ള അധികാരം പഞ്ചായത്ത് സെക്രട്ടറിയ്ക്കില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാന്റെ മുന്നറിയിപ്പ്. നിലവിലുള്ള നിയമവ്യവസ്ഥകൾ സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്കായി നടത്തിയ സമഗ്ര ഓൺലൈൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കമ്മീഷണർ.
തുടർച്ചയായി മൂന്നു മാസത്തിനുള്ളിലെ മൂന്നു യോഗങ്ങളിൽ പങ്കെടുക്കാത്ത അംഗത്തിന്റെ സ്ഥാനം സ്വമേധയാ നഷ്ടപ്പെടുമെന്നതാണ് വ്യവസ്ഥ. ഇക്കാര്യം ബന്ധപ്പെട്ട അംഗത്തിനെ കൃത്യമായി അറിയിക്കുകയാണ് സെക്രട്ടറി ചെയ്യേണ്ടത്. പരാതിയുള്ള പക്ഷം അംഗത്തിന് കാര്യകാരണസഹിതം ബന്ധപ്പെട്ട ഭരണസമിതിയ്ക്ക് പതിനഞ്ച് ദിവസത്തിനുള്ളിൽ അംഗത്വം പുനഃസ്ഥാപിക്കുന്നതിന് വിശദീകരണം നൽകാം. അല്ലെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ രേഖകൾ സഹിതം ഹർജി ഫയൽ ചെയ്യാം.
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക കുറ്റമറ്റതാക്കി സൂക്ഷിക്കൽ, പഞ്ചായത്ത് സമിതി, സ്റ്റാന്റിംഗ് കമ്മിറ്റി യോഗങ്ങൾ, ഗ്രാമസഭാ യോഗങ്ങൾ സംബന്ധിച്ച രേഖകൾ വീഴ്ച കൂടാതെ കൈകാര്യം ചെയ്യുന്നതിനും പഞ്ചായത്ത് സെക്രട്ടറിമാർ സൂക്ഷ്മത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിട്ടുള്ള വീഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെ പരമാവധി പരിശീലന പരിപാടികൾ ഓൺലൈനായി നടത്തുന്നതാണെന്ന് കമ്മീഷണർ അറിയിച്ചു. വിദഗ്ധർ പങ്കെടുക്കുന്ന പരിശീലന പരിപാടിയിൽ സംശയനിവാരണത്തിനും സൗകര്യമൊരുക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകൾ ക്രോഡീകരിച്ചിട്ടുള്ള ഇലക്ഷൻ ഗൈഡ് കമ്മീഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വ്യത്യസ്ത വിഭാഗങ്ങൾക്കായി ഇവയുടെ മൊബൈൽ ആപ്പുകൾ തയ്യാറാക്കുന്നുണ്ട്. ഇതുവഴി ഉദ്യോഗസ്ഥരുടെ സമയവും പരിശീലന ചെലവും ലാഭിക്കുവാൻ കഴിയുമെന്ന് കമ്മീഷണർ അറിയിച്ചു.

Related posts

Leave a Comment