തവള ധാർഷ്ട്യത്തിൽ നിന്ന് പിറവുകൊണ്ട ആനവികാരം പോലെ രാഷ്ട്രീയ ബദൽ ; ലേഖനം വായിക്കാം

ഗോപിനാഥ് മഠത്തിൽ

പി.ടി.തോമസ് അനുസ്മരണ സമ്മേളനത്തിൽ സി.പി.ഐ നേതാവും രാജ്യസഭാ എം.പിയുമായ ബിനോയ് വിശ്വം ഒരു സത്യം തുറന്നുപറഞ്ഞു. ദേശീയതലത്തിൽ ബി.ജെ.പിക്ക് ബദലായി ജനങ്ങൾ സ്വപ്നം കാണാവുന്ന ഏകപാർട്ടി കോൺഗ്രസ്സ് ആണെന്നും ഇടതുപക്ഷത്തിന്റെ കേന്ദ്രഭരണത്തിന് എതിരെയുള്ള ശ്രമങ്ങൾക്ക് ഭാവിയിൽ വലിയ സാധൂകരണവും ശക്തിയും ഉണ്ടാകില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞതിന്റെ ആന്തരികാർത്ഥം. കുറെ ദിവസങ്ങൾക്ക് മുമ്പ് ബിനോയ് പറഞ്ഞ ആ സത്യവാക്കുകളുടെ അലയൊലികൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇപ്പോൾ പുതുചർച്ചകൾക്കും കോൺഗ്രസ് കൂടാരത്തിൽ പുതുഅനക്കത്തിനും നവോർജ്ജത്തിനും കാരണമായിരിക്കുന്നു. കോൺഗ്രസ് ഇന്ത്യയുടെ സകല നാഡീഞരമ്പുകളിലും വേരോട്ടമുള്ളതും ദേശീയതയുമായി ഇഴുകി ചേർന്ന് സ്വാതന്ത്ര്യസമരത്തിൽ സഹനത്തിന്റെ ഒരു നൂറ് അധ്യായങ്ങൾ ചമച്ചപാർട്ടിയാണ്. അത്തരമൊരു അവകാശവും പാരമ്പര്യവും ഇപ്പോൾ ഇന്ത്യ ഭരിക്കുന്ന, കേരളം ഭരിക്കുന്ന മറ്റുപാർട്ടികൾക്കില്ല. ആ തിരിച്ചറിവും സത്യസന്ധതയുമാണ് പി.ടി. അനുസ്മരണവേദിയിൽ ബിനോയ് വിശ്വത്തെ ഇങ്ങനെ പറയാൻ നിർബന്ധിതനാക്കിയത്. ബിനോയ് വിശ്വത്തിന്റെ ആ പ്രസ്താവന വന്നതിന് പിന്നാലെ അതിനെ തടഞ്ഞുകൊണ്ട് സിപിഎം ഭാഗത്തുനിന്ന് പിണറായി വിജയന്റെ മറുപ്രസ്താവനയുണ്ടായി. അദ്ദേഹം പറഞ്ഞത് ബിജെപിയെയും മോദിയെയും ദേശീയ തലത്തിൽ തടയിടാൻ ഇടതുപക്ഷത്തിന് കെൽപ്പുണ്ടെന്നാണ്. എത്രമാത്രം ദുർബലവും സത്യവിരുദ്ധവുമായ പ്രസ്താവനയാണതെന്ന് സാമാന്യയുക്തിയുള്ള ആർക്കും ചിന്തിക്കാവുന്നതേയുള്ളൂ. നെഹ്‌റുവിയൻ ഭരണകാലത്ത് എ.കെ.ഗോപാലൻ എന്ന കമ്മ്യൂണിസ്റ്റുകാരൻ ഒരിക്കൽ പ്രതിപക്ഷനേതാവായിരുന്നതായി ചരിത്രം പറയുന്നുണ്ട്. അന്നൊക്കെ ഇന്ത്യൻ കമ്മ്യൂണിസത്തിന് ഒരൊറ്റ സ്വരമാണുണ്ടായിരുന്നത്. പിന്നീട് ആ യോജിപ്പിന്റെ സ്വരം ബഹുസ്വരതയിലേയ്ക്ക് അടർന്നുമാറുകയും ഒറ്റച്ചെങ്കൊടി പല കഷണങ്ങളായി വിഭജിക്കുന്നതുമാണ് ദേശീയ രാഷ്ട്രീയം കണ്ടത്. കാലം പിന്നിടവെ അങ്ങിങ്ങ് കാണപ്പെട്ട ചുവപ്പിന്റെ ചെറുതുരുത്തുകൾ പിന്നെ കമ്മ്യൂണിസ വന്ധ്യതയിലേയ്ക്ക് നിപതിക്കുകയും പരിണമിക്കുകയും ചെയ്തു. ഇപ്പോൾ ഇന്ത്യയുടെ താഴെക്കോണിൽ കമ്മ്യൂണിസം ഒരു രക്തബിന്ദുവായി മാത്രം അവശേഷിക്കുന്നു. അങ്ങനെ വെറുമൊരു ബിന്ദുവായിത്തീർന്ന കമ്മ്യൂണിസത്തിന്റെ തവള ധാർഷ്ട്യമാണ് നാളെ താനൊരു ആനയായി വളർന്ന് ദേശീയതലത്തിൽ ബിജെപിക്ക് പ്രതിരോധം സൃഷ്ടിക്കുമെന്ന് പറയുന്നത്. പ്രതാപം നഷ്ടപ്പെട്ട മനയുടെ ചാവടിത്തിണ്ണയിൽ കോട്ടുവാ ഇടുന്ന കമ്മ്യൂണിസത്തിന് ഇനിയൊരു പുനർജ്ജന്മം ദേശീയതലത്തിൽ സാധ്യമാകില്ലെന്നത് പരമാർത്ഥമാണെങ്കിലും അത് അംഗീകരിച്ചുകൊടുക്കാൻ സിപിഎമ്മിന്റെ പല നേതാക്കളും ബിനോയ് വിശ്വം ഒഴികെയുള്ള സിപിഐ ക്കാരും തയ്യാറല്ല. ആവർത്തിച്ച് പറയുന്ന നിഷേധ പ്രസ്താവനകൾ നാളെ സത്യമായി ഭവിക്കും എന്നുള്ള അബദ്ധ മനോരഥ സഞ്ചാരത്തിലാണ് പല കമ്മ്യൂണിസ്റ്റുനേതാക്കളും മുഴുകിയിരിക്കുന്നത്. 34 വർഷം തുടർച്ചയായി ഭരിച്ച സിപിഎമ്മിനെ പ്രതിനിധീകരിക്കാൻ ബംഗാൾ നിയമസഭയിൽ ഒരൊറ്റ എം.എൽ.എ പോലും ഇല്ലാതിരിക്കുമ്പോഴാണ് കുന്നിന് മേലെ പറക്കാൻ കുണ്ടിലിരിക്കുന്ന തവള കുഞ്ഞായ സിപിഎം വ്യാമോഹിക്കുന്നത്. സിപിഎം ഇപ്പോഴും പുലർത്തിവന്നിട്ടുള്ള നയം സത്യസന്ധമായ വസ്തുതകളെ അംഗീകരിക്കാത്തവിധം നിഷേധ പ്രസ്താവനകൾ നടത്തി, അണികളെ വശത്താക്കിയും കീഴ്‌പ്പെടുത്തിയും ഉപജീവിക്കുക എന്നതാണ്. സ്വന്തം പാർട്ടിയുടെ ദേശീയ നിലനിൽപ്പ് വർത്തമാനകാലത്ത് എത്രമാത്രം പ്രതിസന്ധിയിലാണെന്ന് അവർ തിരിച്ചറിയുകയും ഉൾക്കൊള്ളുകയും ചെയ്യുന്നില്ല.
സകല പൊതുമേഖലാ സ്ഥാപനങ്ങളെയും തുച്ഛമായ വിലയ്ക്ക് കോർപറേറ്റുകൾക്ക് വിൽക്കുകയും വർഗ്ഗീയതയിൽ ഊന്നിയുള്ള ജനാധിപത്യ വിരുദ്ധമായ ഭരണക്രമങ്ങൾ നയപരിപാടികളാക്കി മാറ്റിയ മോദി ഭരണത്തിനെതിരെ ജനങ്ങളെ ഏകോപിപ്പിക്കാനും സന്നദ്ധരാക്കാനും കോൺഗ്രസ് എന്ന മതനിരപേക്ഷ പ്രസ്ഥാനത്തിന് മാത്രമേ കഴിയുകയുള്ളൂ. അങ്ങനെയുള്ള കോൺഗ്രസ്സിനെ സ്ഥാനത്തും അസ്ഥാനത്തും നിസ്സാരവൽക്കരിക്കാനുള്ള ശ്രമമാണ് കമ്മ്യൂണിസം. അതിന്റെ ആരംഭകാലം മുതൽ ഇപ്പോൾവരെ തുടർന്നുവന്നിട്ടുള്ളത്. അവർ പലപ്പോഴും ഒരു സത്യസന്ധമായ വിലയിരുത്തലിൽ ആധുനിക ഭാരതത്തിൽ കോൺഗ്രസ്സിന്റെ പ്രസക്തിയെക്കുറിച്ച് ചിന്തിക്കുന്നില്ല. തങ്ങളെപ്പോലെ കാലം ഒതുക്കിയ ഒരു പാർട്ടിയായി കോൺഗ്രസ്സിനെ തുലനം ചെയ്യാനും വിലയിരുത്താനുമാണ് കമ്മ്യൂണിസ്റ്റുകൾക്ക് കൗതുകം. എന്നാൽ ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യഭരണങ്ങൾക്കും ആശയങ്ങൾക്കുമപ്പുറം സഹവർത്തിത്വത്തിന്റെയും സമാധാനത്തിന്റെയും വിശാലമായ കാഴ്ചപ്പാടുകൊണ്ട് മാനവഹൃദയം കീഴടക്കാനും അവരുടെ നാഡീ സ്പന്ദനങ്ങൾ തിരിച്ചറിയുവാനും സന്ദർഭോചിതമായി ഇടപെടാനും ഭാരതത്തിൽ കോൺഗ്രസ്സിന് കഴിഞ്ഞിട്ടുണ്ടെന്നത് ആർക്കും നിഷേധിക്കാവുന്ന കാര്യമല്ല. പഞ്ചാബിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഒറ്റയ്ക്ക് ഭരിക്കുകയും ഝാർഖണ്ഡിലും മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും മുന്നണിഭരണത്തിൽ ഇരിക്കുകയും 10 സംസ്ഥാനങ്ങളിൽ പ്രധാന പ്രതിപക്ഷമായി തുടരുകയും ചെയ്യുന്ന പാർട്ടിയാണ് കോൺഗ്രസ്. 16 സംസ്ഥാനങ്ങളിൽ ബിജെപിയെ കോൺഗ്രസ് നേരിട്ട് എതിർക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള കോൺഗ്രസ്സിനാണോ വെറുമൊരു ശോണബിന്ദുവായി മാറിയ കേരളത്തിലെ കമ്മ്യൂണിസത്തിനാണോ ദേശീയ ബദൽ സൃഷ്ടിക്കാൻ കഴിയുക എന്ന് പിണറായിക്കും കൊടിയേരിക്കും നിശ്ചയമില്ലെങ്കിലും ഇന്ത്യൻ ജനതയ്ക്ക് അതിന്റെ ഉത്തരം വ്യക്തമായി അറിയാം.

വാൽക്കഷണം:
കെ -റെയിലിന്റെ സഞ്ചാരം ഇപ്പോൾ കല്ലിനും പല്ലിനും ഇടയിലായിരിക്കുന്നു. ജനങ്ങളുടെ പൂർണ്ണമായ അംഗീകാരവും അനുമതിയുമില്ലാതെ അവരുടെ പറമ്പിൽ നായകൾക്ക് മൂത്രമൊഴിക്കാൻ മാത്രം കേരളസർക്കാർ നാട്ടിയ സർവേകല്ല് പിഴുതെറിയാൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ അവരുടെ പല്ല് പറിക്കാൻ ഡെന്റിസ്റ്റിന്റെ രൂപത്തിൽ സിപിഎം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി. ജയരാജൻ തയ്യാറായിരിക്കുന്നു. അതുകൊണ്ട് പല്ലിന് വേദനയുള്ള കോൺഗ്രസ്സുകാരും ആ പല്ലെടുക്കാൻ താൽപ്പര്യമുള്ള കോൺഗ്രസ്സുകാരും ആദ്യമുൻനിരയിൽ നിന്ന് കെ-റെയിൽ സർവേ കല്ല് പിഴാൻ തയ്യാറാകുക. എം.വി. ജയരാജൻ സൗജന്യമായി ആ പല്ല് എടുത്ത് തരുന്നതാണെന്ന് അറിയിച്ചിരിക്കുന്നു.

Related posts

Leave a Comment