1500 മീറ്റര്‍ നൂലുകൊണ്ടൊരു മമ്മൂട്ടി ചിത്രം : മെഗാസ്റ്റാറിന് പിറന്നാള്‍ സമ്മാനവുമായി സോനിഷ് ലാല്‍

കോഴിക്കോട് : എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് വേറിട്ട സമ്മാനമൊരുക്കി 19കാരന്‍. ഒറ്റ നൂലു (സ്ട്രിംഗ് ആര്‍ട്ട് )കൊണ്ട് മമ്മൂട്ടിയുടെ വിത്യസ്തമായ ചിത്രമൊരുക്കിയാണ് ആനിമേഷന്‍ വിദ്യാര്‍ത്ഥിയായ സോനിഷ് ലാല്‍ കൈയ്യടി നേടുന്നത്. വൃത്താകൃതിയിലുള്ള പ്ലൈവുഡ് ക്യാന്‍വാസില്‍ 1500 മീറ്റര്‍ തുടര്‍ച്ചയായി ഒറ്റ നൂലുകൊണ്ട് മനോഹരമായ മമ്മൂട്ടി ചിത്രം തീര്‍ത്തിരിക്കുകയാണ് കോഴിക്കോട് പയിമ്പ്ര സ്വദേശിയായ സോനിഷ്. 50 സെന്റിമീറ്റര്‍ വ്യാസമുള്ള പ്ലൈവുഡ് ക്യാന്‍വാസില്‍ 250 ആണികള്‍ ചുറ്റും തറച്ചു ഒരു ആണിയില്‍ നിന്നും മറ്റൊരു ആണിയിലേക്കു നൂല്‍ വലിച്ചു കെട്ടിയാണ് സ്ട്രിംഗ് ആര്‍ട്ടില്‍പ്പെട്ട ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. രണ്ട് ദിവസത്തെ ഇടവേളയില്‍ 30 മണിക്കൂറോളം ചെലവഴിച്ചാണ് ചിത്രമൊരുക്കിയത് .വിവിധ സ്ട്രിംഗ് ആര്‍ട്ട് ഫോമുകളില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ വിഭാഗമാണ് തുടര്‍ച്ചയായ ഒരു നൂലില്‍ പോര്‍ട്രൈറ്റ് ഒരുക്കുക എന്നത് .നൂല് പൊട്ടിപ്പോകാനും അയഞ്ഞ് പോകാനും സാധ്യത ഏറിയ ഇത്തരം സൃഷ്ടികള്‍ ചെയ്യാന്‍ ധാരാളം ക്ഷമയും ശ്രദ്ധയും അനിവാര്യമാണ്.അമേരിക്കന്‍ കലാകാരനായ പെട്രോസ് റെല്ലീസിന്റെ സൃഷ്ടികളില്‍ ആകൃഷ്ടനായാണ് ഈ മേഖല തിരഞ്ഞെടുത്തതെന്ന് സോനിഷ് പറയുന്നു.അല്‍ഗോരിതമിക് ആര്‍ട്ടുകളെ ആളുകളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.കഴിഞ്ഞ ആഴ്ച പൂര്‍ത്തിയായ ഈ വിസ്മയ ചിത്രം മമ്മൂട്ടിയുടെ പിറന്നാളിനോടനുബന്ധിച്ചു അദ്ദേഹത്തിന് സമര്‍പ്പിക്കാനാണ് ആഗ്രഹിക്കുന്നത്. തുടര്‍ന്നും ഇത്തരം നവീന കലാ ആശയങ്ങളില്‍ പരീക്ഷണം തുടരാനാണ് താല്‍പര്യം.തിരുവനന്തപുരം വിസ്മയാസ് മാക്‌സ് ആനിമേഷനില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് സോനിഷ്.

Related posts

Leave a Comment