കുരുക്ക് മുറുകുന്നു, ജോസഫൈന്‍റെ വഴിയേ ശശീന്ദ്രനും

സി.പി. രാജശേഖരന്‍

കൊച്ചിഃ വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍റെ വഴിയേ വനം മന്ത്രി എ.കെ. ശശീന്ദ്രനും. സ്ത്രീപീഡന കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടു എന്ന ക്രിമിനല്‍ കുറ്റം ബലപ്പെട്ടാല്‍ നിരപരാധിത്വം തെളിയിക്കപ്പെടേണ്ട സമയം വരെയെങ്കിലും അദ്ദേഹത്തിനു മന്ത്രിസഭയില്‍ തുടരാനാവില്ല. പീഡനത്തിനിരയായ യുവതിയുടെ മൊഴി ഇന്ന് കുണ്ടറ പോലീസ് രേഖപ്പെടുത്തും. പരാതിയില്‍ അവര്‍ ഉറച്ചു നിന്നാല്‍ രാജി‌യല്ലാതെ ശശീന്ദ്രനു മുന്നില്‍ വേറേ വഴിയില്ലെന്നാവും. അല്ലെങ്കില്‍ എല്ലാത്തരം അഴിമതിക്കും സ്വയം വഴങ്ങിക്കൊടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവിടെയും കണ്ണടച്ചു കൊടുക്കണം.

ഗാര്‍ഹിക പീഡനത്തിനിരയായ ഒരു യുവതി താന്‍ നേരിടുന്ന പ്രയാസങ്ങളെക്കുറിച്ചു പരാതി പറയാനാണ് വനിതാ കമ്മിഷന്‍ അധ്യക്ഷയെന്ന നിലയില്‍ എം.സി. ജോസഫൈനെ ഫോണില്‍ വിളിച്ചത്. എന്നാല്‍ യുവതിക്ക് ആശ്വാസം നല്‍കിയില്ലെന്നു മാത്രമല്ല, ജോസഫൈന്‍ അവരെ അപഹസിക്കുകയും ചെയ്തു. ഇതു സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ജോസഫൈനെ പുറത്താക്കണമെന്ന ആവശ്യം ശക്തമാകുകയും ചെയ്തു. അവര്‍ക്കെതിരേ ജനവികാരം ശക്തമായിട്ടും സിപിഎമ്മും മുഖ്യമന്ത്രിയും തുടക്കത്തില്‍ മൗനം പാലിച്ചു. എന്നാല്‍, സ്ത്രീത്വത്തെ അപമാനിച്ച വനിതാ കമ്മിഷന്‍ അധ്യക്ഷയെ വഴിനടക്കാന്‍ അനുവദിക്കില്ലെന്നു കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ പ്രഖ്യാപിച്ചപ്പോള്‍ പാര്‍ട്ടിയും സര്‍ക്കാരും വിരണ്ടു. പിന്നീടാണ് ജോസഫൈന്‍റെ രാജി പാര്‍ട്ടി ആവശ്യപ്പെട്ടതും മുഖ്യമന്ത്രി അംഗീകരിച്ചതും.

ജോസഫൈന്‍റെ കാര്യത്തില്‍ സംഭവിച്ചതിനെക്കാള്‍ ഗുരുതരമാണ് ശശീന്ദ്രന്‍റെ കാര്യത്തില്‍ സംഭവിച്ചത്. ജോസഫൈന്‍ ക്രിമിനല്‍ കുറ്റമൊന്നും ചെയ്തിരുന്നില്ല. ധാര്‍മികമായ ചുമതലകള്‍ നിറവേറ്റിയില്ലെന്നാണ് അവര്‍ക്കെതിരേ ഉന്നയിക്കപ്പെട്ട ആരോപണം. എന്നാല്‍ സ്ത്രീ പീഡന കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടു എന്നതാണ് എ.കെ. ശശീന്ദ്രനെതിരായ കുറ്റം. പീഡനം പോലെതന്നെയാണ് പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ നടത്തുന്ന ഇടപെടലുകളും. ശശീന്ദ്രനെതിരേ ഉന്നയിക്കപ്പെട്ടിരിക്കുന്നത് പീഡനക്കേസ് ഒത്തുതീര്‍ക്കാന്‍ നടത്തിയ ഇടപെടലെന്ന ക്രിമിനല്‍ കുറ്റമാണ്. പരാതിക്കാരിയായ യുവതി ഇന്നത്തെ മൊഴിയില്‍ ഇക്കാര്യം ആവര്‍ത്തിച്ചാല്‍ ശശീന്ദ്രനെ പ്രതിയാക്കി പോലീസിനു കേസ് എടുക്കേണ്ടി വരും. പോലീസ് അതിനു വിസമ്മതിച്ചാല്‍, യുവതിക്കു കോടതിയില്‍ പോകാം. കോടതിക്കു സ്വമേധയാ ഇടപെടുകയും ചെയ്യാം. ഇതിലേതു സംഭവിച്ചാലും ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം തുലാസിലാകും.

2017ല്‍ ഹണി ട്രാപ്പില്‍ കുടുങ്ങിയും ശശീന്ദ്രനു രാജി വയ്ക്കേണ്ടി വന്നതാണ്. ഒരു വാര്‍ത്താ ചാനലില്‍ വന്ന വിവാദ ശബ്ദ സന്ദേശത്തെത്തുടര്‍ന്നായിരുന്നു ഇത്. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് സര്‍ക്കാരിനു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കേണ്ടി വന്നു. വിവാദ വാര്‍ത്തയ്ക്കു പിന്നിലെ ശബ്ദ സന്ദേശങ്ങള്‍ തന്‍റേതല്ലെന്ന വാദം നിരത്തിയാണ് അന്നു ശ ശീന്ദ്രന്‍ തലയൂരിയത്. വാര്‍ത്ത നല്‍കിയ ചാനലിന്‍റെ ഓഫീസില്‍ നിന്ന് കംപ്യൂട്ടറും മറ്റ് തെളിവുകളും സമാഹരിച്ച ക്രൈം ബ്രാഞ്ചിന്, വിവാദ ശബ്ദ സന്ദേശം ശശീന്ദ്രന്‍റേതാണെന്നു ഉറപ്പാക്കാന്‍ കഴിഞ്ഞില്ല. ശശീന്ദ്രനു വേണ്ടി ക്രൈം ബ്രാഞ്ചും ഫോറന്‍സിക്ക് ലാബും ഒത്തുകളിക്കുകയായിരുന്നു. അന്ന് ശബ്ദ സന്ദേശം പിടിച്ചെടുത്ത് ശരിയായി തളിയിക്കാനായിരുന്നെങ്കില്‍ എ.കെ. ശശീന്ദ്രന് ശിക്ഷ ഉറപ്പായിരുന്നു. എന്നാല്‍ തെളിവില്ലെന്ന ന്യായം പറഞ്ഞ് കേസ് അന്വേഷിച്ച ആന്‍റണി കമ്മിഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയതിലൂടെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിസഭയില്‍ തിരിച്ചെത്തി.

അന്നത്തെ ഫയല്‍ ഫോറന്‍സിക് വിഭാഗം ഇനിയും മരവിപ്പിച്ചിട്ടില്ല. കേസില്‍ കുറ്റപത്രവും നല്‍കിയിട്ടില്ല. പോലീസ് നിര്‍ബന്ധബുദ്ധി കാണിച്ചാല്‍ അന്നത്തെ ഫയല്‍ വീണ്ടും പരിശോധിക്കപ്പെടാം. ശബ്ദസന്ദേശം ശശീന്ദ്രന്‍റേതാണെന്ന് ഉറപ്പാക്കി കുറ്റപത്രം നല്‍കിയാലും അദ്ദേഹത്തിനു രാജി വയ്ക്കേണ്ടി വരും. എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനു വേണ്ടി സ്വന്തം ഓഫീസില്‍ പോലും സൗകര്യം ചെയ്തു കൊടുത്ത ഒരു മുഖ്യമന്ത്രിയുള്ളതാണ് ശശീന്ദ്രനെപ്പോലുള്ളവരുടെ പ്രതീക്ഷ.

Related posts

Leave a Comment