മത്സ്യകൃഷിയില്‍ നൂറുമേനി തിളക്കത്തില്‍ ഒരു കര്‍ഷകന്‍

പുല്‍പ്പള്ളി: മത്സ്യകൃഷിയില്‍ നൂറുമേനി തിളക്കത്തില്‍ ഒരു കര്‍ഷകന്‍. പുല്‍പ്പള്ളി ഷെഡ്ഡ് ചെറിയകുരിശ് ഓലപ്പുരക്കല്‍ ആന്റണി എന്ന കര്‍ഷകനാണ് അലങ്കാരമത്സ്യങ്ങള്‍ മുതല്‍ ഭക്ഷ്യയോഗ്യമായ മത്സ്യങ്ങള്‍ വരെ ഒരേ സ്ഥലത്ത് കൃഷി ചെയ്ത് ശ്രദ്ധേയനാകുന്നത്. 10 വര്‍ഷമായി ഫിഷറീസ് ഡിപ്പാര്‍ട്ടുമെന്റിന്റെ ലൈസന്‍സോടെ സീഡ് ഫാം നടത്തിവരികയാണ് ഈ കര്‍ഷകര്‍. വരാല്‍, ആസാം വാള, കട്ട്ല, രോഹു, ഗ്രാസ് കാര്‍പ്പ്, സില്‍വര്‍ കാര്‍പ്പ്, ചെമ്പല്ലി, കോയി കാര്‍പ്പ്, ഗപ്പികള്‍, ഷോര്‍ട്ട് ടെയില്‍ മത്സ്യങ്ങള്‍ എന്നിങ്ങനെയുള്ള ഇരുപതിലേറെയിനങ്ങള്‍ ആന്റണിയുടെ കൃഷിയിടത്തിലുണ്ട്. ഗപ്പികള്‍ മാത്രം വ്യത്യസ്തയിനത്തില്‍പ്പെട്ട ഇരുപതോളം ഇനങ്ങളാണ് ഇവിടെയുള്ളത്. രണ്ട് രൂപ മുതലുള്ള മത്സ്യങ്ങള്‍ ഇവിടെയുണ്ട്. വയനാട്ടിലെയും പുറത്തുമുള്ള നിരവധി കര്‍ഷകര്‍ ഈ ഫാമിലെത്തി മത്സ്യങ്ങള്‍ വാങ്ങാറുണ്ട്. ഫിഷറീസ് ഡിപ്പാര്‍ട്ടുമെന്റ് തന്നെയാണ് നല്ലയിനം മത്സ്യകുഞ്ഞുങ്ങളെ നല്‍കുന്നത്. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ മത്സ്യങ്ങളെ കൃഷി ചെയ്യുന്ന രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഫിഷറീസ് ഡിപ്പാര്‍ട്ടുമെന്റും പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തും നടപ്പിലാക്കിവരുന്ന സുഭിഷകേരളം പദ്ധതിയുടെ കോര്‍ഡിനേറ്റര്‍ കൂടിയാണ് ആന്റണി. മത്സ്യകര്‍ഷകര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും, ഓരോ ഇനങ്ങള്‍ കൃഷി ചെയ്യുന്ന രീതികളും, പരിപാലനത്തെ കുറിച്ചുമെല്ലാം സമയാസമയങ്ങളില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കിവരുന്നുണ്ട്. ബയോ ഫ്ളോക്ക് രീതിയില്‍ മത്സ്യകൃഷിരീതിയും ഇവിടെയുണ്ട്. ഗിഫ്റ്റ് തിലോപ്പിയ, ആസാംവാള ഇനങ്ങളില്‍പ്പെട്ട മത്സ്യങ്ങളാണ് ഇത്തരത്തില്‍ കൃഷി ചെയ്തുവരുന്നത്. മത്സ്യകര്‍ഷകര്‍ക്ക് അമ്പതിനായിരം രൂപ വരെ സബ്സിഡിയും ഫിഷറീസ് വകുപ്പിന്റെ പദ്ധതി പ്രകാരം ലഭിക്കുന്നുണ്ട്. പത്ത് സെന്റില്‍ താഴെ കൃഷി ചെയ്യുന്നവര്‍ക്ക് മത്സ്യകുഞ്ഞുങ്ങള്‍ സൗജന്യമായാണ് നല്‍കുന്നത്. മത്സ്യകൃഷി പൊതുവെ ലാഭകരമാണെങ്കിലും തീറ്റകളുടെ ക്രമാധീതമായ വര്‍ധനവ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് ആന്റണി പറയുന്നു. 30 രൂപയുണ്ടായിരുന്ന മത്സ്യതീറ്റയുടെ വില ഇപ്പോള്‍ ഇരട്ടിയായി കഴിഞ്ഞു. 80 രൂപയുണ്ടായിരുന്ന തീറ്റയുടെ വില 150 ആയി വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ തീറ്റയുടെ വില നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നതാണ് ആന്റണിയെ പോലുള്ള മത്സ്യകര്‍ഷകര്‍ക്ക് സര്‍ക്കാരിനോട് ആവശ്യപ്പെടാനുള്ളത്. ഭാര്യ ജിഷയും മക്കളായ ഡോണും എഡിസണുമാണ് മത്സ്യകൃഷിയില്‍ ആന്റണിക്ക് പിന്തുണ നല്‍കുന്നത്.

Related posts

Leave a Comment