വിശ്വാസ്യതക്കേറ്റ പ്രഹരം ; വീക്ഷണം എഡിറ്റോറിയല്‍

ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തോളം പാരമ്പര്യവും പ്രാധാന്യവുമുണ്ടായിരുന്നു സഹകരണ പ്രസ്ഥാനത്തിന്. ഐക്യനാണയ സംഘം എന്ന പേരില്‍ ഗ്രാമങ്ങളില്‍ രൂപംകൊണ്ട സാമ്പത്തിക സ്ഥാപനങ്ങളായിരുന്നു സഹകരണ ബാങ്കുകളുടെ ആദി രൂപങ്ങള്‍. നിസ്വാര്‍ത്ഥമതികളും സത്യസന്ധരുമായ സഹകാരികളുടെ കഠിനാധ്വാനവും നിസ്സീമമായ സഹകരണവുമായിരുന്നു ഈ ജനകീയ പ്രസ്ഥാനത്തിന് വേരും വളര്‍ച്ചയും നല്‍കിയത്. ഗാന്ധിയന്‍ സിദ്ധാന്തങ്ങളില്‍ വിശ്വസിച്ചിരുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ ത്യാഗപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സമാന്തരവും സുതാര്യവുമായ സമ്പദ്ഘടനയ്ക്ക് രൂപംനല്‍കി. ജനങ്ങളുടെ വിശ്വാസബലത്തിന്മേല്‍ പ്രസ്തുത ബാങ്കുകള്‍ ഗ്രാമീണ ജീവിതത്തിന്റെ തുടിപ്പും താളവുമായി തീര്‍ന്നു. കര്‍ഷകരും ചെറുകിട കച്ചവടക്കാരുമായിരുന്നു നാട്ടിന്‍പുറങ്ങളിലെ സഹകരണ ബാങ്കുകളുടെ ഇടപാടുകാരും ഉപഭോക്താക്കളും. കാര്‍ഷിക വായ്പകള്‍ക്ക് പുറമെ വിത്തും വളങ്ങളും മിതമായ നിരക്കില്‍ ലഭിക്കാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ ബാങ്കുകളുടെ അവിഭാജ്യ ഘടകമായി തീര്‍ന്നു. നിഷ്പക്ഷവും നീതിപൂര്‍വവുമായ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ വിശ്വാസം പിടിച്ചുപറ്റിയ ബാങ്കുകളിലേക്ക് രാഷ്ട്രീയ അതിപ്രസരം കടത്തിവിട്ടത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളായിരുന്നു. ബാങ്കുകളില്‍ ജനാധിപത്യ മാര്‍ഗത്തിലൂടെ അധികാരം പിടിച്ചെടുക്കുന്നതിന് പകരം പേശീബല രാഷ്ട്രീയത്തിലൂടെ കേരളത്തിലെ മിക്കവാറും ബാങ്കുകള് സിപിഎം കൈക്കലാക്കി. കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയം എന്ന പേരില്‍ അക്രമത്തിലൂടെ ബാങ്ക് പിടിച്ചെടുക്കുന്നത് സിപിഎം ശൈലിയാക്കി മാറ്റി. പിടിച്ചെടുത്ത ബാങ്കുകളിലും മറ്റ് സഹകരണ സ്ഥാപനങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകരെ കുത്തിക്കയറ്റി സിപിഎം ആധിപത്യം പൂര്‍ണമാക്കി. നിയമവിരുദ്ധവും അന്യായവുമായ രീതിയില്‍ ബാങ്കിന്റെ പണമിടപാടുകള്‍ നടത്താന്‍ സിപിഎം ശ്രമിച്ചപ്പോള്‍ ബാങ്കുകളുടെ സാമ്പത്തിക ഭദ്രതയെ അത് തകര്‍ത്തു. തൃശൂര്‍ ജില്ലയിലെ കരുവന്നൂരിലും പാലക്കാട് ജില്ലയിലെ കണ്ണമ്പ്രയിലും കോടികളാണ് സിപിഎം ഡയറക്ടര്‍മാരും ജീവനക്കാരും തട്ടിയെടുത്തത്. ജീവിതത്തിന്റെ സമ്പാദ്യങ്ങള്‍ മുഴുവന്‍ ബാങ്കുകളില്‍ നിക്ഷേപിച്ച ആയിരക്കണക്കിനാളുകളുടെ പണം തിരിച്ചുനല്‍കാന്‍ തയ്യാറാകാതെ അനേകം കോടികളാണ് സിപിഎം പ്രാദേശിക നേതാക്കള്‍ അടിച്ചുമാറ്റിയത്. 164 ഓളം ബാങ്കുകള്‍ ഇത്തരത്തില്‍ നിക്ഷേപകര്‍ക്ക് പണം നല്‍കാനുണ്ട്. വീട് വെയ്ക്കാനും മക്കളുടെ വിവാഹ ആവശ്യത്തിനും രോഗചികിത്സക്കും കരുതിവെച്ച പണം നഷ്ടപ്പെട്ടതോടെ നിക്ഷേപകര്‍ കടുത്ത പ്രതിസന്ധിയിലായി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന്റെ പേരില്‍ മൂന്നുപേര്‍ ആത്മഹത്യ ചെയ്തു. രോഗചികിത്സക്കും ശസ്ത്രക്രിയക്കും പണം ലഭിക്കാതെ പോയപ്പോള്‍ കഴിഞ്ഞദിവസം ഒരു വീട്ടമ്മ മരിച്ചു. ബാങ്കില്‍ നിന്ന് വായ്പ എടുക്കാത്തവരുടെ പേരില്‍ പലരുടെയും വസ്തുക്കളുടെ രേഖകള്‍ വെച്ചുകൊണ്ടായിരുന്നു പണം കവര്‍ന്നത്. പാര്‍ട്ടി പ്രവര്‍ത്തകരായ ഡയറക്ടര്‍മാര്‍ നല്‍കിയ പിന്തുണകൊണ്ടായിരുന്നു ജീവനക്കാര്‍ തട്ടിപ്പിന് കൂട്ടുനിന്നത്. കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പിന് പാര്‍ട്ടിതന്നെ മൊത്തത്തില്‍ പങ്കാളികളാണ്. പണം തട്ടിയെടുത്തവരില്‍ നിന്ന് അത് വസൂലാക്കുന്നതിന് പകരം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം നല്‍കിക്കൊണ്ടാണ് നിക്ഷേപകരുടെ പരാതിക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. സമര്‍പ്പിത മനസ്സോടെ നിസ്വാര്‍ത്ഥ സേവനം നടത്തുന്ന ആയിരക്കണക്കിന് സഹകരണ ബാങ്കുകളുടെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തുന്ന രീതിയിലാണ് തട്ടിപ്പ് നടത്തുന്നത്. തങ്ങളുടെ നിക്ഷേപം സഹകരണ ബാങ്കുകളില്‍ സുരക്ഷിതമല്ലെന്ന ഭീതികാരണം പല ബാങ്കുകളിലും നിക്ഷേപകര്‍ പണം പിന്‍വലിച്ചു തുടങ്ങിയിട്ടുണ്ട്. ഗ്രാമീണ സമ്പദ്ഘടനയുടെ നട്ടെല്ലായ സഹകരണ ബാങ്കുകള്‍ തകര്‍ന്നാല്‍ അത് വലിയ പ്രത്യാഘാതം സൃഷ്ടിക്കും. കരുവന്നൂര്‍ ബാങ്കില്‍ മുന്നൂറ് കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെങ്കില്‍ കണ്ണമ്പ്ര ബാങ്കില്‍ 5.76 കോടി രൂപയുടെ ക്രമക്കേടുകളാണ് ഉണ്ടായിട്ടുള്ളത്. സഹകരണ ബാങ്കുകളില്‍ നിക്ഷേപത്തിന് സര്‍ക്കാര്‍ സുരക്ഷിതത്വ ഉറപ്പ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് താല്‍ക്കാലിക രക്ഷയ്ക്കായുള്ള നടപടികള്‍ മാത്രമാണെന്നാണ് നിക്ഷേപകര്‍ കരുതുന്നത്. ഈ ഉറപ്പ് നല്‍കി രണ്ടാഴ്ച തികയുന്നതിന് മുന്‍പാണ് കരുവന്നൂരില്‍ ഫിലോമിന എന്ന നിക്ഷേപക മരണമടഞ്ഞത്. ജനകീയതയും വിശ്വാസ്യതയുമായിരുന്നു കേരളത്തിലെ സഹകരണ ബാങ്കുകളുടെ മുഖമുദ്ര. ആര്‍ത്തിപൂണ്ട ക്രിമിനലുകള്‍ പണമിടപാട് സ്ഥാപനത്തിന്റെ സാരഥികളായപ്പോള്‍ അത് തകര്‍ച്ചയിലേക്കുള്ള ചുവടുവെയ്പ്പാണെന്ന് നിക്ഷേപകര്‍ കരുതിയില്ല. പാര്‍ട്ടി ഭരിക്കുന്ന ബാങ്കുകളായതുകൊണ്ട് പണം നഷ്ടപ്പെടില്ല എന്ന വിശ്വാസത്തിലായിരുന്നു പലരും പണം നിക്ഷേപിച്ചിരുന്നത്.

Related posts

Leave a Comment