യുക്രൈന് 800 ദശലക്ഷം ഡോളറിന്റെ യുഎസ് സഹായം, പുടിൻ യുദ്ധക്കുറ്റവാളിയെന്ന് ബൈഡൻ

വാഷിംഗ്ടൺ ഡി സി: റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനെ യുദ്ധക്കുറ്റവാളിയെന്ന് വിളിച്ച് പ്രസിഡൻറ് ജോ ബൈഡൻ ആക്ഷിപിച്ചതിനു പിന്നാലെ, യുക്രൈന് 800 ദശലക്ഷം യുഎസ് ഡോളറിന്റെ ആയുധ സഹായവുമായി യുഎസ്. 800 ആന്റി മിസൈൽ എയർക്രാഫ്റ്റുകൾ, ഏഴായിരത്തോളം യുദ്ധത്തോക്കുകൾ, അത്രത്തോളം ചെറിയ യുദ്ധോപകരണങ്ങൾ എന്നിവയാണ് യുക്രൈനു ലഭിക്കുക.
പുടിനെ യുദ്ധക്കുറ്റവാളിയെന്നു വിശേഷിപ്പിച്ചതിരേ റഷ്യയിൽ യുഎസ് വിരുദ്ധ വികാരം ആഞ്ഞടിക്കുകയാണ്. ബൈഡനടക്കം 13 മുതിർന്ന യുഎസ് നേതാക്കൾക്ക് റഷ്യ പ്രവേശന വിലക്കും ഏർപ്പെടുത്തി. റഷ്യ യുക്രൈനിൽ സൈനിക അധിനിവേശം തുടങ്ങിയ ശേഷം വ്യക്തിപരമായി പുടിനെതിരെ ഇത്തരമൊരു രൂക്ഷപരാമർശം ബൈഡൻ നടത്തുന്നത് ഇതാദ്യമാണ്. യുക്രൈന് സൈനികസഹായവുമായി ഒരു ബില്യൺ ഡോളറിൻറെ ആയുധങ്ങൾ അമേരിക്ക എത്തിച്ചു. അതിനു പിന്നാലെയാണ് അപ്പോൾ 800 ദശലക്ഷം ഡ‌ോളറിന്റെ സഹായം പ്രഖ്യാപിച്ചത്.
എന്നാൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിരവധിപേരെ കൊന്നൊടുക്കിയതിൻറെ പാപക്കറയുള്ള അമേരിക്കയുടെ തലവൻറെ പ്രതികരണം മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നാണ് ക്രെംലിൻ ഇതിനോട് പ്രതികരിച്ചത്. എന്നാൽ റഷ്യൻ ഭരണകൂടത്തിൽ ബൈഡൻറെ പ്രസ്താവനയോടുള്ള അമർഷം പുകയുകയാണ്. അംഗീകരിക്കുകയോ പൊറുക്കുകയോ ചെയ്യാനാവില്ല ഈ പ്രസ്താവനയെന്നും ക്രെംലിനിൽ നിന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
അതേസമയം, റഷ്യ യുക്രൈനിൽ രാസ, ജൈവായുധങ്ങൾ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജാക്ക് സുള്ളിവൻ റഷ്യൻ സുരക്ഷാ കൗൺസിൽ ജനറൽ നികോളായ പട്രുഷേവുമായി ഫോണിൽ സംസാരിച്ചിരുന്നു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കനും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‍റോവുമായി ഫെബ്രുവരിയിൽ സംസാരിച്ച ശേഷം റഷ്യയും അമേരിക്കയും തമ്മിൽ നടത്തിയ ഏറ്റവും ഉയർന്ന തലത്തിലുള്ള നയതന്ത്രസംഭാഷണമാണിത്. ഇന്നലെ യുക്രൈനിയൻ പ്രസിഡൻറ് വ്ലാദിമിർ സെലൻസ്കി യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ സംഭാഷണമെന്നതും ശ്രദ്ധേയമാണ്.

Related posts

Leave a Comment