5 വര്‍ഷത്തിനിടെ തെരുവ് നായ്‌ക്കളുടെ കടിയേറ്റത് 8 ലക്ഷം പേര്‍ക്ക് ; തലസ്ഥാനം മുന്നിൽ

തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് തെരുവ് നായ്‌ക്കളുടെ കടിയേറ്റത് 8.09 ലക്ഷം പേർക്ക്. 2016 മുതൽ 2021 ജൂലായ് വരെയുള്ള കണക്ക് അനുസരിച്ച്‌ 42 പേരാണ് തെരുവ് നായ്‌ക്കളുടെ കടിയേറ്റ് മരിച്ചതെന്ന് വിവരാവകാശ പ്രകാരമുള്ള രേഖകളിൽ പറയുന്നു. ഈ വർഷം ഇതുവരെ തെരുവ് നായ്‌ക്കളുടെ ആക്രമണമുണ്ടായ 68, 765 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ജനുവരി 2016ന് ശേഷം റിപ്പോർട്ട് ചെയ്ത മൃഗങ്ങളാലുണ്ടായ ആകെ ആക്രമണങ്ങളുടെ 50 ശതമാനവും തെരുവ് നായ്‌ക്കളുടെ ആക്രമണമാണ്. അഞ്ച് വർഷത്തിനിടെ മൃഗങ്ങളുടെ 16,95,664 ആക്രമങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.

ഏറ്റവും കൂടുതൽ പേർക്ക് തെരുവ് നായ്‌ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ്. കഴിഞ്ഞ അ‌ഞ്ച് വർഷത്തിനിടെ 1, 46, 523 പേർക്കാണ് തലസ്ഥാനത്ത് തെരുവ് നായ്‌ക്കളുടെ കടിയേറ്റത്. അഞ്ച് പേർ മരിക്കുകയും ചെയ്തു. എറണാകുളത്ത് 76,300 പേർക്ക് കടിയേറ്റപ്പോൾ നാല് മരണങ്ങളും ഉണ്ടായി. കഴിഞ്ഞ വ‌ർഷം മാത്രം ജില്ലയിൽ 17,400 പേർക്കാണ് തെരുവ് നായ്‌ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്.

തെരുവ് നായ്ക്കളെ വന്ധ്യം കരിക്കുന്ന നടപടി പൂർണതോതിൽ നടക്കാത്തതാണ് നായ്‌ക്കളുടെ എണ്ണം വർദ്ധിക്കാൻ ഇടയാക്കിയിരിക്കുന്നതെന്നാണ് കൊച്ചിയിലെ വിവരവകാശ പ്രവർത്തകനായ രാജു വാഴക്കാല പറയുന്നത്. പല തദ്ദേശ സ്ഥാപനങ്ങളും കോടിക്കണക്കിന് രൂപ ഇതിനായി ചെലവിടുന്നുണ്ടെങ്കിലും ഒന്നും ഫലം കാണുന്നില്ലെന്നാണ് അനുഭവസാക്ഷ്യം. വന്ധ്യംകരണം കുടുംബശ്രീ പ്രവർത്തകരെ ഏൽപിച്ചിരുന്നെങ്കിലും പിന്നീട് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കോർപ്പറേഷനുകൾ അവരെ ഒഴിവാക്കുകയായിരുന്നു. കുടുംബശ്രീ പ്രവർത്തകർക്ക് പരിജ്ഞാനം ഇല്ലെന്ന വിമർശനവും ഉയർന്നിരുന്നു. പരിചയ സമ്പന്നരായ അനിമൽ ഹസ്ൻട്രി വിഭാഗം ഉദ്യോഗസ്ഥർ വേണം വന്ധ്യംകരണം നടത്തേണ്ടതെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്.

Related posts

Leave a Comment