ബോർഡിൽ നിന്ന് ഈ വർഷം വിരമിക്കുന്നത് 776 പേർ ; അനുപാതിക നിയമനം നടത്താതെ സർക്കാർ

എ.ആർ.ആനന്ദ്

തിരുവനന്തപുരം: കെഎസ്ഇബിയിൽ നിന്നും 31ന് വിരമിക്കുന്നത് 776 പേർ. 329 ഒവർസിയർ, 85 സബ് എൻജിനീയർ (ഇലക്ട്രിക്കൽ, സിവിൽ), 55 ലൈൻമാൻ, 74 സീനിയർ അസിസ്റ്റന്റ്, 3 സീനിയർ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, 8 അസിസ്റ്റന്റ് അക്കൗണ്ട് ഓഫീസർ, 2 അസിസ്റ്റന്റ് ഫിനാൻസ് ഓഫിസർ, 34 അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ (സിവിൽ, ഇലക്ട്രിക്കൽ), 56 അസിസ്റ്റന്റ് എൻജിനീയർ (സിവിൽ, ഇലക്ടിക്കൽ), 130 സീനിയർ സൂപ്രണ്ട് തുടങ്ങി 13 തസ്തികളിലായി ഈ മാസം 776 പേരാണ് വിരമിക്കുന്നത്. എൻട്രി കേഡറായ ഇലക്ട്രിക്കൽ വർക്കർ, ക്യാഷർ, സബ് എൻജിനീയർ (സിവിൽ, ഇലക്ട്രിക്കൽ), അസിസ്റ്റന്റ് എൻജിനീയർ (സിവിൽ, ഇലക്ട്രിക്കൽ) എന്നീ തസ്തികളിലേക്കാണ് നേരിട്ട് നിയമനമുള്ളത്. മറ്റ് തസ്തികളിലേക്ക് പ്രമോഷനിലൂടെയാണ് നിയമനം നൽക്കുന്നത്. കോൺഫിഡൻഷ്യൽ അസിസ്റ്റന്റുമാരുടെ നിയമനം ഇനിയില്ല. കഴിഞ്ഞ വർഷവും ബോർഡിൽ സമാന എണ്ണം ഉദ്യോഗസ്ഥർ സർവീസിൽനിന്നും വിരമിച്ചിരുന്നു. കഴിഞ്ഞ ആറുവർഷമായി ബോർഡിൽ ജീവനക്കാരെ കുറയ്ക്കുന്നതിന്റെ ഭാഗമായി തസ്തിക വെട്ടിക്കുറയ്ക്കൽ, നിയമന നിരോധനം, ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കൽ ഇവയൊക്കെയാണ് പിണറായി ഭരണത്തിന്റെ ബാക്കി പത്രം. 2026 ആകുമ്പോൾ ഏകദേശം പതിനായിരത്തിനടുത്ത് ജീവനക്കാർ ബോർഡിൽനിന്നും വിരമിക്കും. എന്നാൽ വിരമിക്കലിന്റെ ആനുപാതികമായി നിയമനം നടത്താൻ ഇടതുസർക്കാർ തയ്യാറല്ല. സംസ്ഥാനത്ത് 700 അധികം ലൈമാൻമാരുടെ തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. ബോർഡിലെ ഭരണാനുകൂല സംഘടനകൾ പ്രമോഷനുകൾ മാത്രം നൽകണമെന്ന് ആവശ്യപ്പെടുമ്പോൾ ആരുംതന്നെ പുതിയ നിയമനം ആവശ്യപ്പെടുന്നില്ലയെന്നതും കൗതുകകരമാണ്. താൽക്കാലിക നിയമനവും പിൻവാതിൽ നിയമനവുമൊക്കെ നടത്തി യുവാക്കളുടെ സർക്കാർ ജോലിയെന്ന സ്വപ്‌നത്തെ തകർത്തെറിയുകയാണ് എൽ.ഡി.എഫ് സർക്കാർ ചെയ്യുന്നത്.

Related posts

Leave a Comment