കർഷക സമരത്തിൽ പൊലിഞ്ഞത് 750 പ്രാണൻ, എല്ലാവരും രക്തസാക്ഷികളെന്ന് കിസാൻ മോർച്ച

ഒരു വർഷം മുൻപ് തുടങ്ങിയ ദേശീയ കർഷക പ്രക്ഷോഭത്തിൽ ഇതുവരെ എത്ര പേർക്കു ജീവഹാനിയുണ്ടായി? ഔദ്യോ​ഗികമായി ഒരു രേഖയുമി‌ല്ലെന്നു കേന്ദ്ര സർക്കാർ. കഴിഞ്ഞ ഒക്റ്റോബർ വരെ 750 പേരെങ്കിലും മരിച്ചിട്ടുണ്ടെന്ന് സംയുക്ത കിസാൻ മോർച്ച അധികൃതർ. എഴുപത് പേർ നിയമങ്ങളിൽ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്തവരാണ്. എല്ലാവരെയും രക്തസാക്ഷികളായി അം​ഗീകരിച്ച് നഷ്ടപരിഹാരം നൽകണമെന്ന് ബികെയു നേതാവ് രാകേഷ് തികായത്ത് ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം നവംബറിലാണ് കേന്ദ്രത്തിൻറെ പുതിയ കാർഷിക ബില്ലുകൾക്കെതിരെ ഡൽഹിയുടെ അതിർത്തികളിലേക്ക് കർഷക സമരം എത്തുന്നത്. എന്നാൽ അതിർത്തികളിൽ തടഞ്ഞതോടെ സമരം അനിശ്ചിതകാലത്തേക്ക് തുടരാൻ കർഷകർ തീരുമാനിച്ചു. ഡൽഹി അതിർത്തിയിലെ ദേശിയ പാതകളിൽ ട്രാക്ടറുകളും ട്രോളികളുമെല്ലാം നിരത്തി കുടിലുകൾ കെട്ടി സമരം തുടർന്നു. സർക്കാരുമായി നടത്തിയ ചർച്ചകളെല്ലാം പരാജയപ്പെട്ടു. പതുക്കെ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധയാകർഷിച്ചു. അങ്ങനെ രണ്ട് ദിവസത്തിന് തുടങ്ങിയ സമരം ഒരു വർഷം പിന്നിട്ടു. സമരം എത്ര വർഷം നീണ്ടാലും കരിനിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കർഷകർ ഉറച്ച നിലപാടെടുത്തു.


റിപ്പബ്ലിക് ദിനത്തിലെ ചെങ്കോട്ട മാർച്ചിന് ശേഷം യുഎപിഎ അടക്കം ചുമത്തിയാണ് സർക്കാർ ഇവരെ നേരിട്ടത്. കർഷക സംഘടനയായ സംയുക്ത് കിസാൻ മോർച്ചയുടെ കണക്ക് പ്രകാരം സമരം മൂന്ന് മാസം പിന്നിട്ടപ്പോൾ മരിച്ചത് 248 കർഷകരായിരുന്നു. അതിൽ ഇരുന്നൂറോളം പേരും പഞ്ചാബിൽ നിന്നുള്ളവരായിരുന്നു
ആറ് മാസം സമരം പിന്നിട്ടപ്പോൾ മരിച്ചവർ 477 ആയി. എല്ലാം ഡൽഹി അതിർത്തിയിലെ സമരഭൂമിയിൽ വെച്ച് തന്നെ. ഇതിൽ 31 പേർ ബില്ലിൽ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്തവരാണ്. ബാക്കി മരണങ്ങൾ ഹൃദയാഘാതവും, അതിശൈത്യവും മൂലവും മറ്റ് അപതടങ്ങളിലുമാണ് സംഭവിച്ചത്. ഇതുവരെ ആത്മഹത്യ ചെയ്തവർ 70.
‘രാജ്യത്തെ കോടിക്കണക്കിന് വരുന്ന കർഷകരെ രക്ഷിക്കാൻ ഈ നിയമങ്ങൾ പിൻവലിച്ചേ മതിയാകൂ. അതിനാണ് ഞങ്ങളിവിടെ വന്നിരിക്കുന്നത്. സർക്കാർ നിലപാടുകൾ കോർപ്പറേറ്റകളെ സംരക്ഷിക്കാനാണ്’ ഏറ്റവും വലിയ കർഷക സംഘടനയായ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് തികായത് അന്താരാഷ്ട്ര വാർത്താ ഏജൻസി റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു.

Related posts

Leave a Comment