സ്വാതന്ത്ര്യത്തിനിന്ന് 75 വയസ് ; ആശംസകളുമായി കെ സുധാകരൻ

കെ സുധാകരന്‍ എംപി
കെപിസിസി പ്രസിഡന്റ്

രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഓരോ ഭാരതീയനും അഭിമാനദിനമാണിന്ന്.
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സമ്രാജ്യത്തെ ചോരകൊടുത്തും ജീവന്‍ കൊടുത്തും മുട്ടുകുത്തിച്ച സമാനതകളില്ലാത്ത പോരാട്ടമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരം.

പൂരോഗതിയുടെ പടവുകള്‍ രാജ്യം കീഴടക്കുമ്പോള്‍ അതിന് നമ്മുക്ക് വേദിയൊരുക്കിയ ആത്മസമര്‍പ്പണത്തിലൂടെയും പോരാട്ടവീര്യത്തിലൂടെയും ധീരദേശാഭിമാനികളായ സ്വാതന്ത്ര്യസമര സേനാനികളായ മഹാരഥന്‍മാരെ സ്മരിക്കാതെ മുന്നോട്ട് പോകാനാകില്ല.

നാനാത്വത്തിലും ഏകത്വം നിലനില്‍ക്കുന്ന ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് നമ്മുടെ ഭാരതം.രാജ്യത്തിന്റെ സമാധാനവും ഐക്യവും സംരക്ഷിക്കാന്‍ നാം എല്ലാവരും പ്രതിജ്ഞാബദ്ധമാണ്.എന്നാല്‍ അതിനെ തകര്‍ക്കുന്ന നടപടികളാണ് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയുടെ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.സംഘപരിവാര്‍ ശക്തികള്‍ രാജ്യത്തിന്റെ മതസൗഹാര്‍ദ്ദവും ബഹുസ്വരതയും തകര്‍ക്കുന്നു. ഗാന്ധിഘാതകരെ വാഴ്ത്തുന്നു.ദേശീയ നേതാക്കളായ നെഹ്രുവിനെയും ഇന്ധിരാഗാന്ധിയേയും രാജീവ് ഗാന്ധിയെയും ഇകഴ്ത്തുവാനും തമസ്‌ക്കരിക്കാനും ശ്രമിക്കുന്നു.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ തലേദിവസം പോലും വിഭാഗീയതയും വിദ്വേഷവും വളര്‍ത്താനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. അതിന് ഉദാഹരണമാണ് ആഗസ്റ്റ് 14 വിഭജനഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന പ്രധാനമന്ത്രി ട്വീറ്റ്.രാജ്യം മറക്കാന്‍ ആഗ്രഹിക്കുന്ന ചരിത്രത്തിലെ നിര്‍ഭാഗ്യകരമായ അധ്യായത്തെയാണ് പ്രധാനമന്ത്രി ഗൂഢലക്ഷ്യത്തോടെ ഓര്‍മ്മിപ്പിക്കുന്നത്.

വര്‍ഗീയ ശക്തികളുമായി എന്നും സമരസ്സപ്പെട്ട് പോയിട്ടുള്ള പ്രസ്ഥാനമാണ് സിപിഎം.
സ്വാതന്ത്യം പ്രാപിച്ചിട്ട് 75 വര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കാനും ദേശീയപതാകയെ കൈകൊണ്ടു തൊടാനും ദേശീയഗാനം ആലപിക്കാനും തയാറായ സിപിഎമ്മിന്റെ കപടരാഷ്ട്രീയത്തിന്റെ ഭാഗമാണ്. സ്വാതന്ത്ര്യ സമരപോരാട്ടങ്ങളുടെ ധീരചരിത്രം അവകാശപ്പെടാനില്ലാത്ത പ്രസ്ഥാനമാണ് സിപിഎം.അവര്‍ക്ക് ഒറ്റുകാരന്റെ പരിവേഷമാണുള്ളത്.ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അത് ആപത്ത് 15 ആയിരുന്നു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെയും മഹാത്മ ഗാന്ധിജിയേയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിനെയും സുഭാഷ് ചന്ദ്രബോസിനെയും സ്വാതന്ത്ര്യസമസേനാനികളെയും ആരോപണശരങ്ങള്‍കൊണ്ട് മൂടിയതിന് ക്ഷമാപണം നടത്താന്‍ ഈ വൈകിയ വേളയിലെങ്കിലും സിപിഎം തയാറാകണം.

കേരളത്തിനുമുണ്ട് ധീരോദത്തവും ഐതിഹാസികവും സുവര്‍ണലിപികളില്‍ ആലേഖനം ചെയ്യപ്പെട്ടതുമായ സ്വാതന്ത്ര്യസമര ചരിത്രം. കേരളത്തിന്റെ ചരിത്രത്തിലേക്കൊന്ന് കണ്ണോടിക്കുമ്പോള്‍ ധീരദേശാഭിമാനികളും അവരുടെ രോമാഞ്ചകഞ്ചുകമണിയിക്കുന്ന പോരാട്ടങ്ങളും നമുക്ക് മുന്നിലെത്തുന്നു. രക്തം കട്ടപിടിക്കുന്ന ഓര്‍മക്കുറിപ്പുകള്‍ വേട്ടയാടുന്നു. അനേകായിരങ്ങളുടെ ജീവനും ജീവിതവും ആയുസും ആരോഗ്യവും നല്‍കി രാജ്യം സ്വാതന്ത്ര്യം നേടിയപ്പോള്‍ അതില്‍ കേരളത്തിന്റെ പോരാട്ടങ്ങള്‍ക്കും പൊന്നിന്റെ തിളക്കമുണ്ട്.

സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരമായ കൂട്ടകൊല നടന്ന ജാലിയന്‍വാലാ ബാഗ് ദുരന്തത്തേക്കാള്‍ ഒട്ടുംപിന്നിലല്ല കേരളത്തിന്റെ മണ്ണില്‍ നടന്ന വാഗണ്‍ ട്രാജഡി. കേരളത്തിന്റെ സ്വന്തം സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്ന വക്കം അബ്ദുള്‍ ഖാദറിന്റെ ഓര്‍മകള്‍ക്ക് ഇപ്പോഴു നീറ്റലാണ്. മഹാത്മാഗാന്ധി നടത്തിയ ഉപ്പുസത്യഗ്രഹത്തിന്റെ പരിച്ഛേദം തന്നെയാണ് 1930ല്‍ പയ്യന്നൂരില്‍ നടന്നത്. കെ. കേളപ്പന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസുകാര്‍ കോഴിക്കോട്ടുനിന്ന് പയ്യന്നൂരിലേക്കു നടക്കുകയും ഉപ്പുനിയമം ലംഘിക്കുകയും ചെയ്തത് അന്നത്തെ വലിയൊരു വിപ്ലവം തന്നെയായിരുന്നു.

കോണ്‍ഗ്രസിന്റെ ഉജ്വലമായ പാരമ്പര്യവും ചരിത്രവുമോര്‍ത്ത് നമുക്ക് അഭിമാനിക്കാവുന്ന നിമിഷമാണിത്. ആദ്യം രാഷ്ട്രീയ സ്വാതന്ത്ര്യത്തിലേക്കും പിന്നീട് സാമൂഹിക സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കു ജനകോടികളെ നയിച്ച വലിയൊരു പ്രസ്ഥാനത്തിന്റെ ഇങ്ങേയറ്റത്ത് ഒരു മൂവര്‍ണക്കൊടി പിടിക്കാന്‍ സാധിച്ചതില്‍ ഞാനും അഭിമാനിക്കുന്നു. എല്ലാവര്‍ക്കും സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാശംസകള്‍ നേരുന്നു.

Related posts

Leave a Comment