7,145 കോവിഡ് കേസുകൾ കൂടി, നഷ്ടപരിഹാര വിതരണത്തിൽ കേരളം ഏറ്റവും പിന്നിൽ

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ രാജ്യത്ത് 7,145 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 289 പേരാണ് ഈ സമയപരിധിയിൽ മരിച്ചത്. 8,706 പേർ രോ​ഗമുക്തി നേടി. 3,41,71,471 പേർക്ക് ഇതുവരെ രോ​ഗം വന്നുപോയി. 4,77,138 പേരാണ് ആകെ മരിച്ചത്. 136,66,05,173 പേർക്ക് ഇതുവരെ വാക്സിൻ നൽകിയെന്നും ആരോ​ഗ്യ മന്ത്രാലയം.
കേരളത്തിൽ ഇന്നലെ മാത്രം 3,471 പേർക്കു രോ​ഗം സ്ഥിരീകരിച്ചു. അതേ സമയം, കോവിഡ് ബാധിച്ചു മരിച്ചവരുടെ നഷ്ടപരിഹാരം വിതരണം ചെയ്യുന്ന കാര്യത്തിൽ കേരളം വളരെ പുറകിലാണ്. കോവിഡ് മരണ സംഖ്യയിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണു കേരളമെങ്കിൽ നഷ്ടപരിഹാര വിതരണത്തിൽ ഏറ്റവും പിന്നിലും. ഇന്നലെവരെ 44,189 പേർ കോവിഡ് ബാധിച്ചു മരിച്ച കേരളത്തിൽ 548 പേർക്കു മാത്രമാണ് നഷ്ടപരിഹാരം വിതരണം ചെയ്തത്. 10,777 അപേക്ഷകരിൽ നിന്നാണ് ഇത്രയും പേരെ കണ്ടെത്തിയത്. അതേ സമയം കോവിഡ് ബാധിച്ചാണു മരിച്ചതെങ്കിൽ മുഴുവൻ പേർക്കും നഷ്ടപരിഹാ​രം നൽകണമെന്ന് സുപ്രീം കോടതി വിധിയുണ്ട്.
ഈ വിധിയുടെ മറവിൽ ​ഗുജറാത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ ഇരട്ടിയിലധികം പേർക്ക് നഷ്ടപരിഹാരം അനുവ​ദിച്ചു. അവിടെ 10,100 പേർ കോവിഡ് ബാധിച്ചു മരിച്ചെന്നാണ് ഔദ്യോ​ഗിക കണക്ക്. എന്നാൽ 24,000 പേർക്ക് നഷ്ടപരിഹാരം അനുവദിച്ചു. 22,915 പേർ മരിച്ച ഉത്തർപ്രദേശിൽ 20,060 പേർക്കാണ് നഷ്ടപരിഹാരം അനുവദിച്ചത്. കേരളത്തിൽ ഇന്നലെ വരെ 44,189 പേർ കോവിഡ് ബാധിച്ചു മരിച്ചെന്ന് സർക്കാരിന്റെ തന്നെ കണക്കിലുണ്ട്.
കേരളത്തിൽ നഷ്ടപരിഹാരം നൽകുന്നതിലെ വീഴ്ചയ്ക്കെതിരേ കഴിഞ്ഞ ദിവസം സുപ്രീം കോടതി രൂക്ഷമായ ഭാഷയിലാണു വിമർശിച്ചത്. ഒരാഴ്ച‌യ്ക്കകം അർഹരായവർക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം അനുവദിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കോവിഡ് മൂലമോ കോവിഡിനെത്തുടർന്നുണ്ടാകുന്ന അനുബന്ധ രോ​ഗങ്ങളാലോ മരിക്കുന്നവരുടെ ആശ്രിതർക്ക് അപേക്ഷിക്കാനുള്ള അർഹതയുണ്ട്.

Related posts

Leave a Comment