പുതുതായി 6,698 പേർക്കു കോവിഡ്, ആകെ ഒമിക്രോൺ ബാധിതർ 358

ന്യൂഡൽഹി: രാജ്യത്തെ ഒമിക്രോൺ കേസുകളുടെ എണ്ണം 358 ആയി ഉയർന്നു. ന്യൂഡൽഹിയിലും മുംബൈയിലുമാണ് കൂടുതൽ കേസുകൾ. ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലും ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു. തമിഴ്നാട്ടിൽ 34 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. കൂടുതൽ പരിശോധനകളും, രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കലും നടക്കുകയാണെന്ന് ആരോഗ്യ മന്ത്രി എം. മുസുബ്രഹ്മണ്യൻ അറിയിച്ചു.
സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. കർണാടകയിൽ 12 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ കൊവിഡ് വകഭേദം കണ്ടെത്തിയവരുടെ എണ്ണം 31 ആയി. തെലങ്കാനയിൽ 14 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. രോഗികളുടെ എണ്ണം 38 ആയി. കേരളത്തിൽ 29 പേരാണ് രോഗ ബാധിതരായുള്ളത്.
ഒമിക്രോൺ കേസുകളുടെ എണ്ണം രാജ്യത്തെമ്പാടും ഉയരുകയാണ്. കേരളത്തിൽ ഒമിക്രോൺ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ഇത്തവണത്തെ ക്രിസ്തുമസ്, ന്യൂ ഇയർ കരുതലോടെ ആഘോഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

കേരളത്തിൽ ഇന്നലെ വരെ ആകെ 29 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 17 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 10 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവരാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളായ യുകെ 12, ടാൻസാനിയ 3, ഖാന 1, അയർലാൻഡ് 1, ലോ റിസ്‌ക് രാജ്യങ്ങളായ ദുബായ് 2, കോംഗോ 1, ട്യുണീഷ്യ 1, നൈജീരിയ 4, കെനിയ 1, അൽബാനിയ 1 എന്നിവിടങ്ങളിൽ നിന്നും എത്തിയതാണവർ. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. എറണാകുളം 15, തിരുവനന്തപുരം 10, തൃശൂർ 1, മലപ്പുറം 1, കോഴിക്കോട് 1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് ജില്ല തിരിച്ച് ഒമിക്രോൺ കേസുകൾ. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്ന കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിക്ക് വിദേശത്ത് നിന്നും വരുന്നവർ ഉൾപ്പെടെ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വ്യക്തമാക്കി.
അതിനിടെ, കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ രാജ്യത്ത് കോവിഡ് രോ​ഗികളുടെ എണ്ണം 6,698 ആയി. 7,051 പേർ രോ​ഗമുക്തി നേടിയപ്പോൾ 374 പേർ ജീവഹാനി നേരിട്ടു. 77,516 ആക്റ്റിവ് കേസുകളാണു രാജ്യത്തുള്ളത്.വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 140,31,63,067 ആയി.

Related posts

Leave a Comment