മുതലപ്പൊഴിയിലെ മരണം 16 എന്നു മന്ത്രി, 60 എന്നു വെല്ലുവിളിച്ചു സതീശന്‍

  • മുതലപ്പൊഴിയില്‍ മരിച്ചത് 60 പേര്‍: കണക്ക് നിരത്തി മന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം; മുതലപ്പൊഴിയില്‍ ഇതുവരെ മരിച്ചത് 16 പേര്‍ മാത്രമാണെന്നും പ്രതിപക്ഷം മരണക്കണക്ക് പെരുപ്പിച്ച് കാട്ടുകയാണെന്നുമുള്ള പ്രസ്താവന തെളിയിക്കാന്‍ മന്ത്രി സജി ചെറിയാനെ വെല്ലുവളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആറു വര്‍ഷത്തിനിടെ 16 പേരല്ല 60 പേരാണ് മരിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഞങ്ങള്‍ കണക്കുകളുടെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നത്. 2018-ല്‍ ഫിഷറീസ് ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ മാത്രം 18 പേര്‍ മരിച്ചതായി പറയുന്നു. പിന്നെ എന്തിനാണ് മന്ത്രി കള്ളം പറയുന്നത്? 16 പേര്‍ മാത്രമാണ് മരിച്ചതെന്ന് തെളിയിക്കാന്‍ മന്ത്രിയെ വെല്ലുവളിക്കുന്നു. വേണമെങ്കില്‍ പ്രതിപക്ഷത്തിന്റെ പക്കലുള്ള ലിസ്റ്റ് നല്‍കാമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

പൊലീസ് തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം 16 പേര്‍ മരിച്ചെന്നാണ് മന്ത്രി പറയുന്നത്. പൊലീസ് റിപ്പോര്‍ട്ടല്ല, ഫിഷറീസ് വകുപ്പില്‍ നിന്നും തരുന്ന വിവരങ്ങളാണ് മന്ത്രി ആദ്യം മനസിലാക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം ജില്ലയിലെ പെരുമാതുറയ്ക്കു സമീപം വാമനപുരം പുഴ കടലില്‍ ചേരുന്ന ഭാഗമാണ് മുതലപ്പൊഴി. ഇവിടെ അപകടം നിത്യസംഭവമാണ്. ഇതിനകം അറുപതു പേരെങ്കിലും ഇവിടെ മരിച്ചിട്ടുണ്ടെന്നാണ് മത്സ്ബന്ധന വി‌ഭാഗം പറയുന്നത്. അപകടം ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.

മുതലപ്പൊഴി ഹാർബറിന്റെ അശാസ്ത്രീയ നിർമ്മാണം മൂലം ഉണ്ടായിട്ടുള്ള അപകടത്തിൽ ചൊവ്വാഴ്ച 15 പേർക്ക് ഗുരുതരമായി പരിക്ക് പറ്റുകയും അതിനു മുൻപ് മത്സ്യത്തൊഴിലാളിയായ ജോൺ പോൾ മരിച്ചത് ഉൾപ്പെടെ 20 21 ൽ 10 പേരും നാളിതു വരെ അറുപതോളം പേരും മരണമടഞ്ഞിട്ടുണ്ട്. ഈ ഗുരുതര സ്ഥിതിവിശേഷം സഭ നിർത്തി വെച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് നൽകിയ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

Related posts

Leave a Comment