ആറു ജില്ലകളില്‍ പുതിയ അധ്യക്ഷന്മാര്‍ ഇന്നു ചുമതലയേല്‍ക്കും

കൊച്ചി: ആറു ജില്ലകളില്‍ പുതിയ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റുമാര്‍ ഇന്നു ചുമതലയേല്‍ക്കും. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ മതേതര പ്രസ്ഥാനമായ കോണ്‍ഗ്രസിന് കേരളത്തില്‍ യുവരക്തം പകരുന്ന പുതിയ നേതൃത്വത്തിന്‍ കീഴില്‍ 2024 ലെ ലോക് സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നു വരുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടി സമുജ്വല വിജയം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇന്നു തുടക്കം കുറിക്കുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് പുതിയ ഡിസിസി പ്രസിഡന്‍റുമാര്‍ ഇന്നു ചുമതലയേല്‍ക്കുന്നത്.

പി.രാജേന്ദ്ര പ്രസാദ് കൊല്ലം

സംശുദ്ധ രാഷ്‌ട്രീയത്തിന്‍റെ മഹാ പ്രതീകമാണ് പിആര്‍ അന്നു അടുപ്പമുള്ളവര്‍ വിളിക്കുന്ന പി. രാജേന്ദ്ര പ്രസാദ്. മൈനാഗപ്പള്ളി സ്വദേശി. യൂത്ത് കോണ്‍ഗ്രസിലൂടെ തീരെ ചെറുപ്പത്തില്‍തതന്നെ കോണ്‍ഗ്രസിലെത്തി. പിന്നീട് തേവലക്കര ബോയ്സ്ഹൈക്സൂളിലെ അധ്യാകനായി ജോലിയില്‍ പ്രവേശിച്ച് അധ്യാപക സര്‍വീസ് സംഘടനയിലും സജീവമായി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി, കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി,ഭാരവാഹി, ഡിസിസി ജനറല്‍ സെക്രട്ടറി, കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ പദവികളും വഹിച്ചു. ഒരു തവണ കരുനാഗപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. പൊളിറ്റിക്കല്‍ ജന്‍റില്‍മാന്‍ എന്നാണ് പിആറിനെ കൊല്ലത്തെ പൊതുസമൂഹം വിശേഷിപ്പിക്കുന്നത്. റിട്ടയേര്‍ഡ് അധ്യാപിക വസന്തകുമാരിയാണ് ഭാര്യ. ഒരു മകള്‍.

പ്രൊഫ. സതീശ് കൊച്ചുപറമ്പില്‍, പത്തനംതിട്ട

കായംകുളം എംഎസ്എം കോളെജില്‍ കെഎസ്‌യു യൂണിറ്റ് ഭാരവാഹിയായി രാഷ്‌ട്രീയ പ്രവര്‍ത്തനം. തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളെജില്‍ കെമിസ്ട്രി അധ്യാപകന്‍. രണ്ടു തവണ എംജി യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റ് അംഗം. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. ഭാര്യ ലീന, സംസ്ഥാന കാര്‍ഷിക സഹകരണ ബാങ്ക് ഉദ്യോഗസ്ഥ. രണ്ടു മക്കള്‍.

നാട്ടകം സുരേഷ് കോട്ടയം

ഇടതു കോട്ടയായ നാട്ടകം ഗ്രാമപഞ്ചായത്തില്‍ മൂന്നു തവണ പ്രസിഡന്‍റായിരുന്നു. വളരെ ചെറുപ്പത്തില്‍ത്തന്നെ കെഎസ്‌യുവിലൂടെ സജീവ രാഷ്‍ട്രീയത്തിലേക്ക്.കെഎസ്യു ജില്ലാ സെക്രട്ടറി, സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചു. ഇടതു ഭരണകാലത്തെ ലോഡ് ഷെഡിംഗിനെതിരേ സമരം നയിച്ചതിനു രണ്ടു മാസത്തോളം ജയില്‍ വാസം അനുഭവിച്ചു. കോട്ടയം കാര്‍ഷിക വികസന ബാങ്കിലെ ഉദ്യോഗസ്ഥ ഗംഗയാണു ഭാര്യ. രണ്ട് മക്കള്‍.

സി.പി. മാത്യു ഇടുക്കി

ഇടുക്കിയുടെ സിപി എന്നാണ് മാത്യുവിനെ ആളുകള്‍ വിളിക്കുന്നത്. ഏതു പ്രതിസന്ധിഘട്ടത്തിലും സൗമ്യ ദീപ്തമായ സാന്നിധ്യമാണ് അദ്ദേഹം ജില്ലയിലെ കോണ്‍ഗ്രസുകാര്‍ക്കെല്ലാം. ഊര്‍ജസ്വലനായ അദ്ദേഹത്തിന്‍റെ നേതൃത്വം ജില്ലയിലെ കോണ്‍ഗ്രസുകാര്‍ക്ക് പുതിയ ഉണര്‍വ് പകരും. തൊടുപുഴ ന്യൂമാന്‍, എറണാകുളം മഹാരാജാസ്, തിരുവനന്തപുരം ലോ കോളെജ് തുടങ്ങിയ വിദ്യാലയങ്ങളില്‍ കെഎസ്‌യു സാന്നിധ്യം ഉറപ്പിക്കാന്‍ അക്ഷീണമായി പ്രയത്നിച്ചു.

എ.തങ്കപ്പന്‍ പാലക്കാട്

കുഴല്‍മന്ദം സ്വദേശിയായ തങ്കപ്പന്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെല്ലാം പരിചിതമുഖമാണ്. കെഎസ്‌യു ഭാരവാഹിയായിരിക്കെ, എസ്എന്‍ കോളെജ് യൂണിയന്‍ ചെയര്‍മാനായി. ഡിസിസി ജനറല്‍ സെക്രട്ടറി, കെപിസിസി ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. മുതലമട ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക പ്രസന്നകുമാരിയാണു ഭാര്യ. മൂന്നു മക്കള്‍.

മാര്‍ട്ടിന്‍ ജോര്‍ജ് കണ്ണൂര്‍

നിര്‍മലഗിരി കോളെജിലെ കെഎസ്‌യു നേതാവായിരുന്നു. നിരവധി വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കി. തിരുവനന്തപുരം ലോ കോളെജില്‍ വിദ്യാര്‍ഥിയായിരിക്കെ, കെഎസ്‌യു നേതൃസ്ഥാനത്തും സജീവം. കണ്ണൂര്‍ ഡിസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി, കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും സജീവം. ജാന്‍സി അലക്സാണു ഭാര്യ. രണ്ടു മക്കള്‍.

Related posts

Leave a Comment